മെസ്സിയെ എത്തിക്കാമെന്ന വ്യാജ വാഗ്ദാനം: തട്ടിപ്പ് കേസിൽ ജിഎസ്ടി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് എസ്ഐടി; അന്വേഷണം മുൻ കായികമന്ത്രിയിലേക്കും
Kozhikode , 18 സെപ്റ്റംബര് (H.S.) ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിന്റെ ഭാഗമായി ജിഎസ്ടി
ARGENTINA KERALA VISIT SCAM


Kozhikode , 18 സെപ്റ്റംബര് (H.S.)

ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിന്റെ ഭാഗമായി ജിഎസ്ടി ഉദ്യോഗസ്ഥരെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തി മൊഴിയെടുത്തു.

അർജൻ്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരാം എന്ന് പറഞ്ഞ് സ്പോൺസറായ റിപ്പോർട്ടിങ് ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് 126 കോടി രൂപ അയച്ചിരുന്നു. ഇതിൽ 25.78 കോടി രൂപയുടെ സേവന നികുതി വെട്ടിപ്പ് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. 2025-ൽ തന്നെ ഈ തുക തിരിച്ചുപിടിക്കാനായി ജിഎസ്ടി ഉദ്യോഗസ്ഥർ സ്പോൺസർക്ക് അഞ്ച് തവണ നോട്ടിസ് നൽകിയിരുന്നു. എന്നാൽ അതിനുശേഷവും തുടർനടപടികളൊന്നും ഉണ്ടായില്ല.

തുടർ നടപടികൾ വൈകുന്നതിൽ ഏതൊക്കെ ഉന്നതതല ഇടപെടലുകളാണ് നടന്നത്, ഏതൊക്കെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്നിവ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. ഇതിനായി അന്നത്തെ സമയത്ത് വിവിധ ഓഫിസുകളിൽ സേവനമനുഷ്ഠിച്ചിരുന്ന ജിഎസ്ടി ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ചോദ്യം ചെയ്തുവരികയാണ്.

നേരത്തെ കാഞ്ഞങ്ങാട് ഓഫിസിലെ ജിഎസ്ടി ഇൻ്റലിജൻസ് ഓഫിസർ അടക്കം മൂന്ന് പേർക്ക് ജിഎസ്ടി വകുപ്പ് ചാർജ് മെമ്മോ നൽകിയിരുന്നു. കൂടാതെ, ക്രൈംബ്രാഞ്ച് ഇൻ്റലിജൻസ് വിഭാഗവും അന്വേഷണ സംഘവും വിവിധ ഓഫീസുകളിൽ പരിശോധന നടത്തി ഫയലുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫയലുകൾ കേന്ദ്രീകരിച്ചും പരിശോധന പുരോഗമിക്കുകയാണ്. സേവന നികുതി വെട്ടിപ്പിൽ സ്പോൺസർക്ക് ആരെല്ലാം കൂട്ടുനിന്നു എന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് എസ്പി വിക്രമൻ്റെ നേതൃത്വത്തിലാണ് ഇപ്പോൾ മൊഴിയെടുക്കലും അന്വേഷണവും പുരോഗമിക്കുന്നത്.

അതേസമയം അർജൻ്റീന ടീമിൻ്റെ കേരള സന്ദർശനത്തിനുള്ള സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ തിരഞ്ഞെടുത്തത് മുൻ മന്ത്രിയുടെ വാക്കാലുള്ള നിർദേശത്തെ തുടർന്നാണ്. താത്പര്യപത്രം ക്ഷണിക്കൽ, പരസ്യ ടെൻഡർ, സ്പോൺസർഷിപ്പ് തുകയുടെ മൂല്യനിർണയം തുടങ്ങിയ നടപടികളൊന്നും പാലിച്ചില്ല. കമ്പനിയുടെ സാമ്പത്തിക ശേഷി പരിശോധിക്കുകയോ ഫണ്ടിൻ്റെ ഉറവിടം ഉറപ്പാക്കുകയോ ചെയ്യാതെയാണ് ഇതേ കമ്പനിക്ക് സൗഹൃദ മത്സരങ്ങളുടെ നടത്തിപ്പ് ചുമതലയും കൈമാറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കായിക വകുപ്പിൻ്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് എസ്ഐടി അന്വേഷണത്തിന് തുടക്കമിട്ട സാഹചര്യത്തിൽ മുൻ മന്ത്രിയുടെ പങ്കും കൂടുതൽ വിശദമായി പരിശോധിക്കും. സ്പോൺസർ തിരഞ്ഞെടുപ്പ് മുതൽ എഎഫ്എയുമായുള്ള കരാർ, വിദേശ പണമിടപാട്, കേന്ദ്രാനുമതി, സർക്കാർ സംവിധാനങ്ങളുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട രേഖകളും മൊഴികളും എസ്ഐടി പരിശോധിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News