എം.എസ്.എം കോളജ് സംഘർഷം: അധ്യാപകരേയും ജീവനക്കാരേയും മർദ്ദിച്ച സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
Kayamkulam, 18 സെപ്റ്റംബര് (H.S.) കായംകുളം: കായംകുളം എം.എസ്.എം കോളജിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ അധ്യാപകരേയും ഓഫിസ് ജീവനക്കാരനേയും സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത
എം.എസ്.എം കോളജ് സംഘർഷം: അധ്യാപകരേയും ജീവനക്കാരേയും മർദ്ദിച്ച സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്


Kayamkulam, 18 സെപ്റ്റംബര് (H.S.)

കായംകുളം: കായംകുളം എം.എസ്.എം കോളജിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ അധ്യാപകരേയും ഓഫിസ് ജീവനക്കാരനേയും സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കോളജിലെ വനിതാ അധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകരുടെയും അനധ്യാപക ജീവനക്കാരന്റെയും പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് വലിയ തോതിലുള്ള സംഘർഷത്തിലേക്ക് നയിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിലേക്കും കോളജ് ഓഫിസിലേക്കും അതിക്രമിച്ചു കയറിയ വിദ്യാർഥി സംഘം ജീവനക്കാരെയും കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന അധ്യാപകരെയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. വനിതാ അധ്യാപികയെ അടക്കം നേതാക്കളും പ്രവർത്തകരും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നും തടഞ്ഞുവെച്ചെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ ജീവനക്കാരും അധ്യാപകരും ആശുപത്രിയിൽ ചികിത്സ തേടി.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ പ്രവേശനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് സൂചന. മുഴുവൻ സമയ വിദ്യാർഥിയായിരിക്കെ സ്വകാര്യ സ്കൂളിൽ കായികാധ്യാപകനായി ജോലി ചെയ്ത വിവരം മറച്ചുവെച്ചതിന് സ്ഥാനാർഥിയെ പുറത്താക്കാൻ സർവകലാശാല അധികൃതർ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ കാമ്പസിനകത്ത് പ്രവർത്തകർ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുകയും പ്രിൻസിപ്പലിനെയും അധ്യാപകരെയും ഉപരോധിക്കുകയും ചെയ്തു. ഇത് പിന്നീട് കയ്യാങ്കളിയിലേക്കും വലിയ സംഘർഷത്തിലേക്കും വഴിമാറുകയായിരുന്നു.

അധ്യാപകരെയും ജീവനക്കാരെയും മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോളജിലെ അധ്യാപക സംഘടനകൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സംഘം ചേർന്ന് മർദ്ദിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോളജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു.

വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ അധ്യാപകർക്കും വനിതാ ജീവനക്കാർക്കും നേരെ നടന്ന അതിക്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. കാമ്പസിൽ വീണ്ടും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News