പാലാരിവട്ടത്ത് വീടുകയറി ആക്രമണം: യുവതികളെ വിവസ്ത്രരാക്കി പണവും സ്വർണവും കവർന്നു
Kochi , 18 സെപ്റ്റംബര് (H.S.) പാലാരിവട്ടത്ത് വാടകവീട്ടിൽ അതിക്രമിച്ചുകയറിയ അഞ്ചംഗ സായുധസംഘം അതിക്രൂരമായ കവർച്ച നടത്തി. ഇതരസംസ്ഥാനക്കാരായ യുവതികളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കിയ ശേഷമാണ് പണവും സ്വർണവും മൊബൈൽ ഫോണുകളും കവർന്നത്. വ്യാഴാഴ്ച പുലർച്ചെയാണ
PALARIVATTOM ROBBERY


Kochi , 18 സെപ്റ്റംബര് (H.S.)

പാലാരിവട്ടത്ത് വാടകവീട്ടിൽ അതിക്രമിച്ചുകയറിയ അഞ്ചംഗ സായുധസംഘം അതിക്രൂരമായ കവർച്ച നടത്തി. ഇതരസംസ്ഥാനക്കാരായ യുവതികളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കിയ ശേഷമാണ് പണവും സ്വർണവും മൊബൈൽ ഫോണുകളും കവർന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ഇടപ്പള്ളി സൗത്ത് വില്ലേജ് പാലാരിവട്ടം കരയിലെ സംസ്കാര ജങ്ഷന് സമീപം ചന്ദ്രമതി എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് നടുക്കുന്ന സംഭവം നടന്നത്. പരാതിക്കാരനും സുഹൃത്തുക്കളും ഇതരസംസ്ഥാനക്കാരായ യുവതികളും ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന മുറിയിലേക്ക് പുലർച്ചെ 12.30ന് അഞ്ചംഗ സംഘം മാരകായുധങ്ങളുമായി എത്തിയത്. അകത്തു കയറിയ പ്രതികൾ ഉടൻതന്നെ വീടിൻ്റെ വാതിലുകൾ അകത്തുനിന്നും പൂട്ടി. തുടർന്ന് പുലർച്ചെ 1.15 വരെയുള്ള സമയം കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ദേഹോപദ്രവമേൽപ്പിച്ചും താമസക്കാരെ അനങ്ങാൻ കഴിയാത്തവിധം തടഞ്ഞുവയ്ക്കുകയായിരുന്നു.

ക്രൂരമർദനവും കവർച്ചയും

മോഷണത്തിന് പുറമേ അതിക്രൂരമായ അക്രമത്തിനും അധിക്ഷേപത്തിനുമാണ് വീട്ടിനുള്ളിലെ സ്ത്രീകൾ ഇരയായത്. താമസക്കാരായ മൂന്ന് യുവതികളുടെ വസ്ത്രങ്ങൾ പ്രതികൾ ബലമായി അഴിച്ചുമാറ്റി വിവസ്ത്രരാക്കി.

ഇതിനുശേഷം ഒരു യുവതിയുടെ കഴുത്തിൽ ധരിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും, മറ്റൊരു യുവതി ധരിച്ചിരുന്ന നാല് ഗ്രാം തൂക്കമുള്ള ഒരു ജോഡി സ്വർണക്കമ്മലും പ്രതികൾ കവർന്നു. ഭയന്നുപോയ ഇരകളുടെ കൈവശമുണ്ടായിരുന്ന ഏകദേശം 3,05,000 രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകളും 1,20,000 രൂപയും പ്രതികൾ തട്ടിയെടുത്തു. കൂടാതെ പഴ്സുകളിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡുകളും എടിഎം കാർഡുകളും സംഘം കൈക്കലാക്കി.

കൊല്ലുമെന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തി പാസ്വേഡുകൾ സംഘടിപ്പിച്ച ശേഷം, താമസക്കാരനായ ഒരാളുടെ ഫോൺ ഉപയോഗിച്ച് രണ്ട് യുപിഐ ഇടപാടുകളിലൂടെ 12,000 രൂപ പ്രതികൾ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിച്ചു വാങ്ങുകയും ചെയ്തു. കവർച്ചാ ലക്ഷ്യത്തോടെയാണ് അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പാലാരിവട്ടം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളിൽ രണ്ട് പേരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

സൈബർ സെല്ലിൻ്റെ സഹായം

യുപിഐ ഇടപാടുകൾ നടന്നതിനാൽ പ്രതികളെ കണ്ടെത്താൻ സിറ്റി പൊലീസ് സൈബർ സെല്ലിൻ്റെ സഹായം തേടിയിട്ടുണ്ട്. പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം നടക്കുന്നത്. ഇതിലൂടെ പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. കൂടാതെ, കവർച്ച നടന്ന വീട്ടിൽ വിരലടയാള വിദഗ്ധരും സയൻ്റിഫിക് അസിസ്റ്റൻ്റുമാരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

സുരക്ഷാ ആശങ്ക

കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാടകയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും, സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കാനും റസിഡൻ്റ്സ് അസോസിയേഷനുകൾക്കും വീട്ടുടമകൾക്കും നിർദേശം നൽകി. രാത്രികാലങ്ങളിൽ നഗരത്തിൽ പരിശോധന കർശനമാക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News