Enter your Email Address to subscribe to our newsletters

New Delhi , 18 സെപ്റ്റംബര് (H.S.)
മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷ് കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ വെച്ചായിരുന്നു ഇരുവരുടെയും ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച.
പശ്ചിമേഷ്യൻ രാജ്യവും കേരളവും തമ്മിൽ സഹകരിച്ച് നടപ്പിലാക്കാൻ സാധിക്കുന്ന വിവിധ വികസന, സാംസ്കാരിക പരിപാടികളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയായി.
'കേരളം മുഖ്യമന്ത്രിയുമായുള്ള തൻ്റെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഈ സന്ദർശനത്തിൽ വളരെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന്' അബു ഷാവേഷ് പറഞ്ഞു. ന്യൂഡൽഹിയിൽ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ ഞങ്ങൾ ഒന്നിലധികം വിഷയങ്ങൾ ചർച്ച ചെയ്തു. പലസ്തീനും ഇന്ത്യയും തമ്മിലുള്ള പൊതുവായ ബന്ധവും പ്രത്യേകിച്ച് പലസ്തീനും കേരളവും തമ്മിലുള്ള ബന്ധവുമായിരുന്നു പ്രധാന വിഷയം.തുടർ ചർച്ചകൾക്കായി നിരവധി വിഷയങ്ങളും നടപ്പിലാക്കാവുന്ന ഒട്ടേറെ പരിപാടികളും മുന്നിലുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീൻ വിഷയത്തിൽ കേരളം ശക്തമായ പിന്തുണയാണ് നൽകിപ്പോരുന്നത്. ഭാവിയിലും ഈ പിന്തുണ തുടരട്ടെയെന്ന് അബു ഷാവേഷ് പറഞ്ഞു. മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ പലസ്തീനികൾക്കുള്ള സഹായത്തെക്കുറിച്ചും ഗാസ മുനമ്പിൻ്റെ പുനർനിർമാണത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ ചർച്ചയായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'സഹായത്തെക്കുറിച്ചും ഗാസ മുനമ്പിൻ്റെ പുനർ നിർമാണത്തെക്കുറിച്ചുമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തില്ല. എന്നാൽ ഇന്ത്യാ ഗവൺമെൻ്റുമായി ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്യും. കേരള സർക്കാരുമായോ മുഖ്യമന്ത്രിയുമായോ ചർച്ച ചെയ്യേണ്ട കാര്യങ്ങളുണ്ടെങ്കിൽ അത് കേരളത്തിൽ വച്ചു നേരിട്ട് തന്നെ ചർച്ച ചെയ്ത് തീരുമാനമെടുക്കും, അത്തരം കാര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR