മാധ്യമസ്വാതന്ത്ര്യം പൂർണ്ണമായും സംരക്ഷിക്കും; റിപ്പോർട്ടർ ടിവിയിലെ പരിശോധന നിയമപരം: ആഭ്യന്തരമന്ത്രി
Thiruvananthapuram, 18 സെപ്റ്റംബര് (H.S.) സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം പൂർണ്ണമായും സംരക്ഷിക്കുമെന്നും ഒരു മാധ്യമപ്രവർത്തകനോടും പോലീസ് മോശമായി പെരുമാറിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി. റിപ്പോർട്ടർ ടിവി ഓഫീസിൽ നടന്ന പരിശോധന തികച്ചും നിയമപരമായ നടപട
Ramesh chennithala


Thiruvananthapuram, 18 സെപ്റ്റംബര് (H.S.)

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം പൂർണ്ണമായും സംരക്ഷിക്കുമെന്നും ഒരു മാധ്യമപ്രവർത്തകനോടും പോലീസ് മോശമായി പെരുമാറിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി. റിപ്പോർട്ടർ ടിവി ഓഫീസിൽ നടന്ന പരിശോധന തികച്ചും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലകളും കേസുകളും കാര്യക്ഷമമായി അന്വേഷിക്കാൻ പ്രത്യേക ആന്റി നാർക്കോട്ടിക് ടീമിന് രൂപം നൽകിയതായും അദ്ദേഹം അറിയിച്ചു.

മാധ്യമവേട്ട നടന്നിട്ടില്ല

പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) പൂർണ്ണ സ്വാതന്ത്ര്യമാണ് സർക്കാർ നൽകിയിട്ടുള്ളത്. അവർക്ക് ഇൻ്റലിജൻസ് വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ട്. എന്നാൽ ഇന്നയാളെ അറസ്റ്റ് ചെയ്യണമെന്നോ ചെയ്യരുതെന്നോ സർക്കാർ നിർദേശിച്ചിട്ടില്ല. റിപ്പോർട്ടർ ടിവി ഓഫിസിൽ നടന്നത് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയാണ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി.

കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്, കോടതിയിൽ നിന്ന് സെർച്ച് വാറൻ്റ് വാങ്ങിയ ശേഷമാണ് അഞ്ചിടങ്ങളിൽ ഒരേസമയം പരിശോധന നടത്തിയത്. സ്വതന്ത്രരായ സാക്ഷികളെ നിർത്തി മുഴുവൻ നടപടികളും വിഡിയോയിൽ പകർത്തിയിട്ടുണ്ട്. ഒരു മാധ്യമപ്രവർത്തകനെപ്പോലും ആക്രമിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല.

പരിശോധനാ സമയത്ത് ഫോണുകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ഉടൻ തന്നെ തിരികെ നൽകി. ഒരു മിനിറ്റ് പോലും ചാനലിൻ്റെ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ല. പൊലീസിൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും എല്ലാ നടപടികളും ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാക്കൾ പത്രങ്ങളിലൂടെ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിൽ താൻ വിവരങ്ങൾ അന്വേഷിച്ചിരുന്നു. പൊലീസിൻ്റെ ഭാഗത്തുനിന്ന് യാതൊരു അതിക്രമവും ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമായത്. മുൻ സർക്കാരിൻ്റെ കാലത്ത് മംഗളം ചാനൽ എം.ഡിയായിരുന്ന അജിത് കുമാറിനെ കൈവിലങ്ങ് വച്ച് അറസ്റ്റ് ചെയ്ത് എഴുപത് ദിവസം ജയിലിലടച്ച സംഭവം കേരളം കണ്ടതാണ്.

ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകർക്കെതിരെയും സിന്ധു സൂര്യകുമാർ, മറുനാടൻ മലയാളി എന്നിവർക്കെതിരെയും അന്ന് കേസെടുത്തു. ഏഷ്യാനെറ്റിൻ്റെ കോഴിക്കോട് ഓഫിസിൽ കയറി പരിശോധന നടത്തി. എന്നാൽ അത്തരം അടിയന്തരാവസ്ഥയൊന്നും ഇപ്പോൾ കേരളത്തിലില്ലെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ തുഫാൻ ശക്തമാക്കും

സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന 'ഓപ്പറേഷൻ തുഫാൻ' കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ആൻ്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചത്. അന്തർസംസ്ഥാന ബന്ധമുള്ളതും ഉയർന്ന മൂല്യമുള്ളതുമായ മയക്കുമരുന്ന് കേസുകളാകും ഈ സംഘം അന്വേഷിക്കുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് യൂണിറ്റുകളായാണ് സംഘം പ്രവർത്തിക്കുക. നോർത്ത് റേഞ്ച് ഐ.ജി പുട്ട വിമലാദിത്യയാണ് തുഫാൻ നോഡൽ ഓഫിസറും ഈ അന്വേഷണ സംഘത്തിൻ്റെ തലവനും. ഓരോ യൂണിറ്റിലും ഒരു ഡിവൈ.എസ്.പി, രണ്ട് സി.ഐമാർ, രണ്ട് സബ് ഇൻസ്പെക്ടർമാർ, പത്ത് സി.പി.ഒമാർ, എ.സി.പി.ഒ, എ.എസ്.ഐ എന്നിവർ ഉൾപ്പെടും.

ഓപ്പറേഷൻ തുഫാൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്ന് രാവിലെ പത്ത് മണിവരെയുള്ള കണക്കുകൾ പ്രകാരം 11,776 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 23.925 കിലോഗ്രാം എം.ഡി.എം.എ, 1457 കിലോഗ്രാം കഞ്ചാവ്, 5.32 ഗ്രാം ഹാഷിഷ് ഓയിൽ, 707 ഗ്രാം ബ്രൗൺ ഷുഗർ, 530 ഗ്രാം ഹെറോയിൻ, 27.6 ഗ്രാം കൊക്കെയ്ൻ, 2398 കഞ്ചാവ് ചെടികൾ എന്നിവ ഇതുവരെ പിടിച്ചെടുത്തു.

കോയമ്പത്തൂർ ലഹരിവേട്ടസംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയാണ് കോയമ്പത്തൂരിൽ നടന്നത്. പത്ത് കോടി രൂപ വിലവരുന്ന 13 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ലഹരി മാഫിയയിലെ പ്രധാനികളായ നാല് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ്, വയനാട് വടുവൻചാൽ സ്വദേശിയും 'കിങ് മേക്കർ' എന്ന് വിളിക്കപ്പെടുന്നയാളുമായ അഖിൽ ജോയി (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ, തമിഴ്നാട് ഉദഗമണ്ഡലം സ്വദേശി കാർത്തിക് എന്നിവരാണ് പിടിയിലായത്. കാർത്തിക്കിനെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, കവർച്ച, ഭവനഭേദനം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണിവർ.

മലപ്പുറം എസ്.പി ചൈത്ര തെരേസ ജോണിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മലപ്പുറം, കണ്ണൂർ ഡാൻസാഫ് ടീമുകളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ബിഹാറിലെ ഭാഗൽപൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ പത്തോളം സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ ഒരാഴ്ച നീണ്ട രഹസ്യ നീക്കത്തിലൂടെയാണ് വലയിലാക്കിയത്.

ഡൽഹി, നോയിഡ, കൊൽക്കത്ത, ബിഹാർ, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി. മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബു, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ബി, കൊളത്തൂർ സി.ഐ സി.കെ നൗഷാദ്, കൊണ്ടോട്ടി എസ്.ഐ സംഗീത് പുനത്തിൽ, ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ നിജീഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളും ഈ സാഹസിക നീക്കത്തിൽ പങ്കാളികളായി. കണ്ണൂർ സിറ്റി ഡാൻസാഫ് ടീം നൽകിയ രഹസ്യവിവരങ്ങളും അന്വേഷണത്തിന് സഹായകമായി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News