Enter your Email Address to subscribe to our newsletters

Ernakulam , 18 സെപ്റ്റംബര് (H.S.)
ബെംഗളൂരുവിനും കേരളത്തിനും ഇടയിൽ വൻതോതിൽ ലഹരിമരുന്ന് കടത്തിയിരുന്ന അന്തർസംസ്ഥാന കൊക്കെയ്ൻ ശൃംഖലയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കൊച്ചിൻ സോണൽ യൂണിറ്റ് തകർത്തു. വിദേശ പൗരന്മാരും യു.എ.ഇയിൽ നിന്ന് നാടുകടത്തപ്പെട്ട പ്രവാസികളും പ്രമുഖ ഡി.ജെയും ഉൾപ്പെടെ ഏഴംഗ സംഘമാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് അന്താരാഷ്ട്ര വിപണിയിൽ 16 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 33.1 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.
ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധനവിദേശത്ത് ലഹരിക്കേസുകളിൽപെട്ട് യുഎഇയിൽനിന്ന് നാടുകടത്തപ്പെട്ടവരെ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാസങ്ങളായി എൻസിബി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. സെപ്റ്റംബർ 10ന് കോഴിക്കോട് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ആദ്യസംഘം പിടിയിലാകുന്നത്. കോഴിക്കോട് ബേപ്പൂർ സ്വദേശി ഹംദാൻ അഹമ്മദ്, അരക്കിണർ സ്വദേശി അഫ്ലാഹ് പി, പഞ്ചാബിലെ കപൂർത്തല സ്വദേശി ഗുർപ്രീത് സിങ് എന്നിവരെ എൻസിബി സംഘം തടഞ്ഞുവച്ച് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽനിന്ന് 8.12 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു. ട്രെയിൻ മാർഗം ലഹരി കടത്താനായിരുന്നു ഇവരുടെ ശ്രമം.
ഡിജെയും ഐടി ജീവനക്കാരനും വലയിൽപിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്നാണ് നൈറ്റ് പാർട്ടികളിലെ പ്രമുഖ സാന്നിധ്യവും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന ഡിജെയുമായ സിദ്ധാർഥ് ദാമോർ അറസ്റ്റിലാകുന്നത്. തമിഴ്നാട്ടിലെ ഊട്ടിയിൽ സ്വന്തമായി റിസോർട്ട് നടത്തുന്നയാളാണ് സിദ്ധാർഥ്. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി അരുൺ രാജ്കുമാറിനെയും എൻസിബി പിടികൂടി. ബെംഗളൂരുവിലെ വിദേശികളിൽനിന്ന് ലഹരിമരുന്ന് വാങ്ങി പ്രാദേശിക കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയായിരുന്നു അരുൺ.
അനധികൃതമായി തങ്ങിയ വിദേശികൾ പിടിയിൽഅരുൺ രാജ്കുമാറിൻ്റെയും സിദ്ധാർഥിൻ്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ ബെംഗളൂരു കേന്ദ്രീകരിച്ച് എൻസിബി നടത്തിയ റെയ്ഡിൽ രണ്ട് വിദേശ പൗരന്മാർ സെപ്റ്റംബർ 12, 13 തീയതികളിൽ അറസ്റ്റിലായി. 10 വർഷമായി മെഡിക്കൽ അറ്റൻഡൻ്റ് വിസയിലെത്തി അനധികൃതമായി രാജ്യത്ത് തങ്ങിയ നൈജീരിയൻ സ്വദേശിനി ചിസോബ ഹെലൻ ആൻ്റണി സോണിയയാണ് പിടിയിലായ ഒരാൾ. ഇവരിൽനിന്ന് 16 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. സ്റ്റുഡൻ്റ് വിസയിലെത്തി രണ്ടു വർഷമായി അനധികൃതമായി രാജ്യത്ത് തങ്ങുന്ന സിംബാബ്വെ സ്വദേശി മുഫുകാരെ വിറ്റാലിസ് തദിസ്വനാഷെയാണ് അറസ്റ്റിലായ രണ്ടാമത്തെയാൾ. ഇയാളിൽനിന്ന് 8.98 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു.
തടവറയിലെ സൗഹൃദവും ഗൂഢാലോചനയുംപ്രതികളായ സിദ്ധാർഥ് ദാമോർ, ഹംദാൻ അഹമ്മദ്, അഫ്ലാഹ് പി എന്നിവർ മുൻപ് യുഎഇയിൽ വച്ച് ലഹരിക്കേസുകളിൽ പിടിയിലാവുകയും ശിക്ഷ അനുഭവിക്കുകയും ചെയ്ത ശേഷം ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടവരാണ്. യുഎഇയിലെ ജയിൽവാസത്തിനിടയിലാണ് ഇവർ പരിചയപ്പെടുന്നതും, നാട്ടിലെത്തിയ ശേഷം ഗുർപ്രീതുമായി ചേർന്ന് വൻ ലഹരി ശൃംഖല കെട്ടിപ്പടുക്കാൻ പദ്ധതിയിട്ടതും.
കേരളത്തിലേക്ക് ലഹരി ഒഴുകുന്ന പ്രധാന വഴികൾ അടയ്ക്കാനുള്ള എൻസിബിയുടെ കർശന നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റുകൾ. ലഹരി ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ലഹരിക്കടത്ത് സംബന്ധിച്ച വിവരങ്ങൾ 'മാനസ്' (MANAS) നാഷണൽ നാർക്കോട്ടിക്സ് ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പറായ 1933 വഴി എൻസിബിയെ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR