യുപിഐ ഇടപാടുകൾക്ക് അധിക നിരക്ക്: സ്വർണ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വലിയ സാമ്പത്തിക ബാധ്യതയെന്ന് കെ.ജി.എസ്.എം.എ
Kochi , 18 സെപ്റ്റംബര് (H.S.) യുപിഐ (UPI) ഇടപാടുകൾക്ക് അധിക നിരക്ക് ഏർപ്പെടുത്താനുള്ള നീക്കം സ്വർണ വ്യാപാര മേഖലയ്ക്കും ഉപഭോക്താക്കൾക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA). സംസ്ഥാന ജനറൽ സെക്
KGSMA PROTEST AGAINST UPI


Kochi , 18 സെപ്റ്റംബര് (H.S.)

യുപിഐ (UPI) ഇടപാടുകൾക്ക് അധിക നിരക്ക് ഏർപ്പെടുത്താനുള്ള നീക്കം സ്വർണ വ്യാപാര മേഖലയ്ക്കും ഉപഭോക്താക്കൾക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA). സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഒരു വർഷം ഏകദേശം 50,000 കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് സ്വർണ വ്യാപാര മേഖലയിൽ നടക്കുന്നത്. ഒരു ഇടപാടിൻ്റെ ശരാശരി തുക 20,000 രൂപയായി കണക്കാക്കിയാൽ തന്നെ ഏകദേശം 2.5 കോടി ഇടപാടുകൾ ഉണ്ടാകും. ഓരോ ഇടപാടിനും പരമാവധി 300 രൂപ എന്ന നിരക്കിൽ ചാർജ് ഈടാക്കിയാൽ വർഷത്തിൽ ഏകദേശം 750 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുക.

സ്വർണ വ്യാപാരത്തിൽ ഒരു ഇടപാടിൻ്റെ തുക സാധാരണയായി ഉയർന്നതായതിനാൽ യുപിഐ ചാർജിൻ്റെ പരമാവധി പരിധിയായ 300 രൂപ എന്നത് പ്രായോഗികമായി മിക്ക ഇടപാടുകളിലും ബാധകമാകാൻ സാധ്യതയുണ്ട്. ഈ ചെലവ് വ്യാപാരികൾക്ക് പൂർണമായി വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അത് ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ ഇന്ത്യ നയത്തിന് വിരുദ്ധംരാജ്യത്ത് ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി യുപിഐ ഇടപാടുകൾ വ്യാപകമായി പ്രോത്സാഹിപ്പിച്ച ശേഷം അതേ ഇടപാടുകൾക്ക് അധിക സാമ്പത്തിക ബാധ്യത ഏർപ്പെടുത്തുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ തിരിച്ചടിയാണ്. നിലവിൽ സ്വർണവിലയിലെ വലിയ വർധന കാരണം ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക സമ്മർദമുണ്ട്.

അതിനിടയിൽ ഡിജിറ്റൽ പേയ്മെൻ്റുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കണമെന്ന സർക്കാർ നയത്തിന് തികച്ചും വിരുദ്ധമായ സാഹചര്യം സൃഷ്ടിക്കും. ഉയർന്ന മൂല്യമുള്ള സ്വർണ ഇടപാടുകളിൽ 300 രൂപ എന്ന പരമാവധി ചാർജ് പോലും ചെറിയ തുകയല്ല. ഒരു വർഷം 50,000 കോടി രൂപയുടെ ഇടപാടുകൾ നടക്കുന്ന സാഹചര്യത്തിൽ ഇത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.

തിരിച്ചടിയാകുന്നത് സുതാര്യതയ്ക്ക്കേരളം രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വർണ വിപണികളിൽ ഒന്നാണ്. സ്വർണ വ്യാപാര രംഗത്ത് സുതാര്യത ഉറപ്പുവരുത്തുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമായി സർക്കാർ തന്നെ ഡിജിറ്റൽ പണമിടപാടുകൾ വലിയ തോതിൽ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതിൻ്റെ ഫലമായാണ് ഭൂരിഭാഗം ഉപഭോക്താക്കളും യുപിഐ സംവിധാനത്തിലേക്ക് മാറിയത്. എന്നാൽ പുതിയതായി ചാർജ് ഏർപ്പെടുത്തുന്നത് ആളുകളെ വീണ്ടും പണമായി തന്നെ ഇടപാടുകൾ നടത്താൻ പ്രേരിപ്പിക്കും. ഇത് സമ്പദ്വ്യവസ്ഥയുടെ സുതാര്യതയെ തന്നെ ഇല്ലാതാക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

സ്വർണ വ്യാപാര മേഖലയിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കും സാധാരണ വ്യാപാരികൾക്കും ഇത്തരം അധിക ചെലവുകൾ കൂടുതൽ പ്രയാസം സൃഷ്ടിക്കും. അതിനാൽ യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുന്നതിന് മുൻപ് വ്യാപാര മേഖലയിലും ഉപഭോക്താക്കൾക്കിടയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സർക്കാർ വിശദമായി പഠിക്കണം. യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്താനുള്ള നീക്കം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News