ആന്റോ അഗസ്റ്റിന്റെ അറസ്റ്റില് സര്ക്കാരിനെ പിന്തുണച്ച് വെള്ളാപ്പള്ളി;
Alappuzha, 18 സെപ്റ്റംബര്‍ (H.S.) റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരായ സര്‍ക്കാര്‍ നടപടിയെ സ്വാഗതംചെയ്ത് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്രപ്രവര്‍ത്തനരംഗത്ത് വലിയ പാരമ്പര്യമുള്ള കേരളത്തില്‍, അടുത്തകാലത്തായി കോട
Vellapally Natesan


Alappuzha, 18 സെപ്റ്റംബര്‍ (H.S.)

റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരായ സര്‍ക്കാര്‍ നടപടിയെ സ്വാഗതംചെയ്ത് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്രപ്രവര്‍ത്തനരംഗത്ത് വലിയ പാരമ്പര്യമുള്ള കേരളത്തില്‍, അടുത്തകാലത്തായി കോടീശ്വരന്മാരായ കുറ്റവാളികളും തട്ടിപ്പുകാരും പലിശക്കാരും മാധ്യമങ്ങള്‍ സ്വന്തമാക്കി മാന്യന്മാരാകാന്‍ ശ്രമിക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് ഇപ്പോള്‍ കാണുന്നതെന്ന് അദ്ദേഹം 'യോഗനാദം' വാരികയിലെ തന്റെ എഡിറ്റോറിയലില്‍ വിമര്‍ശിച്ചു. മാധ്യമങ്ങളുടെ മറവില്‍ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നുമുള്ള തെറ്റിദ്ധാരണയിലാണ് ഇത്തരം മാധ്യമ മുതലാളിമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ വിവാദമായ മരംമുറി കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചവരാണ് ആന്റോ അഗസ്റ്റിനും സഹോദരങ്ങളുമെന്നും മറ്റ് നിരവധി തട്ടിപ്പുകേസുകള്‍ ഇവര്‍ക്കെതിരെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കേരളത്തില്‍ കൊണ്ടുവരുമെന്ന പേരില്‍ കോടികളുടെ സാമ്പത്തിക വെട്ടിപ്പാണ് ഇവര്‍ നടത്തിയത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കാനെന്ന പേരില്‍ കോടികള്‍ മുടക്കുകയും സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പിനെയും അന്നത്തെ മന്ത്രിയെയും ദുരുപയോഗംചെയ്ത് പൊതുജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കുകയുമാണ് ഇവര്‍ ചെയ്തതെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു. അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ സര്‍ക്കാരും ഇതിനുകൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല. വയനാട് വാഴവറ്റയിലെ കുടുംബവീട്ടില്‍ നിന്ന് വന്‍തോതില്‍ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വയനാട് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി നിരസിച്ചത്. ഉത്തരവിനെ തുടര്‍ന്ന് പ്രതിയായ ആന്റോ അഗസ്റ്റിന്‍ മാനന്തവാടി ജില്ലാ ജയിലില്‍ തന്നെ തുടരും.

അബ്കാരി ആക്ട് പ്രകാരം കല്‍പ്പറ്റ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിന്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്ന് പ്രസിക്യൂഷന്‍ ശ്കതമായ നിലപാട് എടുത്തു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.

---------------

Hindusthan Samachar / Sreejith S


Latest News