Enter your Email Address to subscribe to our newsletters

sultan bathery , 18 സെപ്റ്റംബര് (H.S.)
സുൽത്താൻ ബത്തേരി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി റിമാൻഡിൽ തന്നെ തുടരും. അന്വേഷണ സംഘം നടത്തിയ അറസ്റ്റ് നടപടികളിൽ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിയിൽ വാദപ്രതിവാദങ്ങൾക്കിടെ പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദങ്ങളെല്ലാം പ്രോസിക്യൂഷൻ തെളിവുകൾ നിരത്തി പൊളിച്ചു. തർക്കത്തിലുള്ള വീട് ഡൽഹി സ്വദേശിയുടേതാണെന്നും അതിനാൽ തനിക്ക് ഇതുമായി നേരിട്ട് ബന്ധമില്ലെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ പ്രധാന വാദം. എന്നാൽ, ഈ വീടിന്റെ നികുതി അടച്ചിരിക്കുന്നത് ആന്റോ അഗസ്റ്റിൻ തന്നെയാണെന്ന വ്യക്തമായ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതോടെ വസ്തുവുമായുള്ള പ്രതിയുടെ നേരിട്ടുള്ള ബന്ധം കോടതിക്ക് ബോധ്യപ്പെടുകയും പ്രതിഭാഗത്തിന്റെ വാദം അപ്രസക്തമാവുകയും ചെയ്തു.
കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇടയാക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി പൂർണ്ണമായും അംഗീകരിച്ചു. അന്വേഷണം നിർണായക ഘട്ടത്തിലായിരിക്കെ ജാമ്യം നൽകുന്നത് കേസിനെ ദോഷകരമായി ബാധിക്കും. കൂടാതെ, പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ ആരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞു. നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയതെന്നും നടപടികളിൽ യാതൊരു വീഴ്ചയുമില്ലെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും വിപുലമായ തെളിവെടുപ്പ് നടത്തുന്നതിനുമായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പോലീസിന്റെ നിലപാട്. ജാമ്യാപേക്ഷ തള്ളിയതോടെ തുടരന്വേഷണ നടപടികളുമായി അതിവേഗം മുന്നോട്ടുപോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K