അശോക് ഗെഹ്ലോട്ടിന്റെ തട്ടകത്തിൽ കോൺഗ്രസിന് തിരിച്ചടി: ഏഴ് സ്വതന്ത്രരുടെ പിന്തുണയോടെ ജോധ്പൂർ കോർപ്പറേഷനിൽ ബിജെപിക്ക് ഭൂരിപക്ഷം
Jodhpur, 18 സെപ്റ്റംബര് (H.S.) ജോധ്പൂർ: രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിന്റെ തട്ടകമായ ജോധ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിക്ക് കേവലഭൂരിപക്ഷം. മേയർ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഏഴ് സ്വതന്ത്ര കൗൺസിലർമാർ ബി
അശോക് ഗെഹ്ലോട്ടിന്റെ തട്ടകത്തിൽ കോൺഗ്രസിന് തിരിച്ചടി: ഏഴ് സ്വതന്ത്രരുടെ പിന്തുണയോടെ ജോധ്പൂർ കോർപ്പറേഷനിൽ ബിജെപിക്ക് ഭൂരിപക്ഷം


Jodhpur, 18 സെപ്റ്റംബര് (H.S.)

ജോധ്പൂർ: രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിന്റെ തട്ടകമായ ജോധ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിക്ക് കേവലഭൂരിപക്ഷം. മേയർ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഏഴ് സ്വതന്ത്ര കൗൺസിലർമാർ ബിജെപിയിൽ ചേർന്നതോടെയാണ് പാർട്ടി ഭരണം ഉറപ്പാക്കിയത്. ഇതോടെ 100 അംഗങ്ങളുള്ള കോർപ്പറേഷനിൽ ബിജെപിയുടെ അംഗബലം കേവലഭൂരിപക്ഷമായ 51-ഉം കടന്ന് 52 ആയി ഉയർന്നു.

നഗരസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ കോൺഗ്രസും ബിജെപിയും 44 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ഒരു വാർഡിൽ നടന്ന റീപോളിംഗിൽ വിജയിച്ചതോടെ ബിജെപിയുടെ സീറ്റ് നില 45 ആയി ഉയർന്നു. തൊട്ടുപിന്നാലെയാണ് ഏഴ് സ്വതന്ത്ര കൗൺസിലർമാർ ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിച്ചത്.

ബിജെപിയിൽ ചേർന്ന സ്വതന്ത്രർ

വിശാൽ സാംഖ്ല (വാർഡ് 5), ദിനേഷ് ശർമ്മ (വാർഡ് 19), ചേതൻ ഗെഹ്ലോട്ട് (വാർഡ് 20), മോഹൻ റാം ചൗധരി (വാർഡ് 47), ദുർഗ മേവാര (വാർഡ് 48), നിർമ്മല നായക് (വാർഡ് 76), സ്വരൂപ് സിംഗ് (വാർഡ് 81) എന്നീ സ്വതന്ത്ര കൗൺസിലർമാരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് പാർട്ടിയിൽ അംഗത്വമെടുത്തത്. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഉണ്ടായ ഈ മാറ്റം കോൺഗ്രസിന് കനത്ത പ്രഹരമായി മാറി.

കുതിരക്കച്ചവടമെന്ന് അശോക് ഗെഹ്ലോട്ട്

അതേസമയം, കോർപ്പറേഷൻ പിടിച്ചെടുക്കാൻ ബിജെപി ഭരണകൂടത്തെയും വൻതോതിൽ പണത്തെയും ദുരുപയോഗം ചെയ്യുകയാണെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകളിൽ പിന്തുണ നേടുന്നതിനായി കൗൺസിലർമാർക്ക് ഒന്നരക്കോടി മുതൽ രണ്ടരക്കോടി രൂപ വരെ വാഗ്ദാനം നൽകി കുതിരക്കച്ചവടം നടത്തുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഭരണകക്ഷി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് കൗൺസിലർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു.

സംസ്ഥാനത്തെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൊത്തത്തിൽ ബിജെപി തന്നെയാണ് മുന്നിലെത്തിയത്. സംസ്ഥാനത്താകെ 4,182 വാർഡുകളിൽ ബിജെപിയും 3,619 വാർഡുകളിൽ കോൺഗ്രസും 2,273 വാർഡുകളിൽ സ്വതന്ത്രരും വിജയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകൾ വരും ദിവസങ്ങളിൽ നടക്കാനിരിക്കെ, ജോധ്പൂരിൽ സ്വതന്ത്രരെ ഒപ്പം നിർത്തി ഭരണം പിടിക്കാനായത് ബിജെപിക്ക് വലിയ രാഷ്ട്രീയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

---------------

Hindusthan Samachar / Roshith K


Latest News