പൊതുവിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ മുന്നേറ്റവുമായി 'താരാപഥം' പദ്ധതി
Thiruvanathapuram, 18 സെപ്റ്റംബര്‍ (H.S.) സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി ആവിഷ്‌കരിച്ച ''താരാപഥം'' പദ്ധതി കൈറ്റ് മുഖേന സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു. പൊതുവിദ്യാഭ
N SHAMSUDDIN ABOUT TOOFAN


Thiruvanathapuram, 18 സെപ്റ്റംബര്‍ (H.S.)

സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി ആവിഷ്‌കരിച്ച 'താരാപഥം' പദ്ധതി കൈറ്റ് മുഖേന സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നിലവിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളെ നിർമിതബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാലാനുസൃതമായി പരിഷ്‌കരിച്ച് ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയാണ് ലക്ഷ്യം. സ്‌കൂളുകൾ ഉപയോഗിക്കുന്ന 'സമ്പൂർണ', 'സമ്പൂർണപ്ലസ്', 'സഹിതം', 'സമഗ്ര', 'സമന്വയ' തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളിൽ പ്രത്യേകം ലോഗിൻ ചെയ്യുന്ന സംവിധാനത്തിന് പകരമായി സിംഗിൾ സൈൻ-ഓൺ വഴി ഈ ഏകീകൃത ഡാഷ്‌ബോർഡിൽ പ്രവേശിക്കാനാകും. 'സമഗ്ര ക്യാൻവാസ്' എന്ന പേരിൽ ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ അധ്യാപകർക്ക് ഒരു ഓൺലൈൻ ഡിജിറ്റൽ ഇന്ററാക്ടീവ് വൈറ്റ് ബോർഡും പുതുതായി സജ്ജമാക്കിയിട്ടുണ്ട്. www.tharapadham.kite.kerala.gov.in എന്ന വിലാസത്തിൽ താരാപഥം ലഭ്യമാണ്.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്ക് പുറമെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയവിദ്യാലയങ്ങൾ, അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലെയും വിവരങ്ങൾ ഉൾപ്പെടുത്തിയാണ് 'സമ്പൂർണപ്ലസ്' പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഹാജർ, പരീക്ഷാ സ്‌കോറുകൾ, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം പുതിയ പോർട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഡിജിറ്റൽ വിഭവ പോർട്ടലായ 'സമഗ്ര'യെ നിർമിതബുദ്ധിയുടെ സാധ്യതകൾ കൂടി ഉൾപ്പെടുത്തി 'സമഗ്രപ്ലസ്' എന്ന പേരിൽ പരിഷ്‌കരിച്ചു. ക്ലാസുകളിലേയ്ക്ക് ആവശ്യമായ ഡിജിറ്റൽ പഠനവിഭവങ്ങൾ ഇതിൽ ലഭ്യമാണ്. ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ അധ്യാപകർക്ക് സ്‌കീം ഓഫ് വർക്ക് അനുസരിച്ച് ടീച്ചിംഗ് മാനുവലുകൾ തയ്യാറാക്കാനും, അവ പ്രഥമാധ്യാപകർക്ക് പരിശോധിച്ച് അംഗീകരിക്കാനുമുള്ള സംവിധാനം ഇതിലുണ്ട്. കൂടാതെ ക്ലാസ് ഒബ്‌സർവേഷൻ നോട്ടുകൾ, വിദ്യാഭ്യാസ ഓഫീസർമാരുടെ പരിശോധനാ കുറിപ്പുകൾ, എസ്.ആർ.ജി. തീരുമാനങ്ങൾ എന്നിവ രേഖപ്പെടുത്താനും സംസ്ഥാനതലം വരെ ഇവ പരിശോധിക്കാനുമുള്ള സൗകര്യവുമുണ്ട്.

വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശ്രദ്ധയും പഠനപിന്തുണയും നൽകുന്നതിനായി തയ്യാറാക്കിയ 'സഹിതം' മെന്ററിംഗ് പോർട്ടൽ പുതുക്കിയ പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തിലും പരിഷ്‌കരിച്ചിട്ടുണ്ട്.

എല്ലാ സ്‌കൂളുകളും ഈ സൗകര്യം കൃത്യമായി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. താരാപഥം പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ മെന്ററിംഗ് പ്രവർത്തനങ്ങളും പുരോഗതിയും ഈ അധ്യയനവർഷം മുതൽ നിർബന്ധമായും പോർട്ടലിൽ രേഖപ്പെടുത്തണം. സ്‌കൂളുകളിൽ സൈബർ സുരക്ഷാ കമ്മിറ്റികളുടെ രൂപീകരണം അടക്കമുള്ള 'സൈബർ സേഫ്റ്റി പ്രോട്ടോകോൾ 2026' കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. 'താരാപഥം' സമയബന്ധിതമായി സ്‌കൂളുകളിൽ നടപ്പിലാക്കുന്നുണ്ടെന്ന് അതത് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും സർക്കുലറിലുണ്ട്. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ഓഫീസർമാർക്കും അധ്യാപകർക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകും.

---------------

Hindusthan Samachar / Sreejith S


Latest News