കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്: എസ്.എഫ്.ഐ അനുകൂല നിലപാടെന്ന് ആക്ഷേപം; കെട്ടിടത്തിന് മുകളിൽ കയറി കെ.എസ്.യുവിന്റെ ആത്മഹത്യാ ഭീഷണി
Thiruvananthapuram, 18 സെപ്റ്റംബര് (H.S.) 2026-27 അധ്യയന വർഷത്തെ കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന് (സെപ്റ്റംബർ 18) നടക്കാനിരിക്കെ, സർവകലാശാല അധികൃതർ എസ്.എഫ്.ഐക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്ത
കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്: എസ്.എഫ്.ഐ അനുകൂല നിലപാടെന്ന് ആക്ഷേപം; കെട്ടിടത്തിന് മുകളിൽ കയറി കെ.എസ്.യുവിന്റെ ആത്മഹത്യാ ഭീഷണി


Thiruvananthapuram, 18 സെപ്റ്റംബര് (H.S.)

2026-27 അധ്യയന വർഷത്തെ കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന് (സെപ്റ്റംബർ 18) നടക്കാനിരിക്കെ, സർവകലാശാല അധികൃതർ എസ്.എഫ്.ഐക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയാണ് ക്യാമ്പസുകളിൽ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് നടപടികളിൽ അധികൃതരുടെ ഭാഗത്തുനിന്നും വ്യാപക ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കെ.എസ്.യു പ്രവർത്തകർ രജിസ്ട്രാറെ ഉപരോധിച്ചിരുന്നു. തുടർന്ന് സർവകലാശാല വൈസ് ചാൻസലറെയും രജിസ്ട്രാറെയും നേരിൽക്കണ്ട് പരാതി ബോധിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയെങ്കിലും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ പ്രവർത്തകർ സർവകലാശാലാ കെട്ടിടത്തിന് മുകളിലേക്ക് കയറി ആത്മഹത്യാ ഭീഷണി മുഴക്കി അത്യന്തം നാടകീയമായ സമരം ആരംഭിച്ചത്.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിലും അംഗീകാരം നൽകുന്നതിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾക്കായി ചട്ടങ്ങൾ അട്ടിമറിക്കുന്നു എന്നാണ് കെ.എസ്.യുവിന്റെ പ്രധാന ആരോപണം. അർഹരായ കെ.എസ്.യു സ്ഥാനാർത്ഥികളുടെ പത്രികകൾ അകാരണമായി തള്ളിക്കളയുകയും ക്രമക്കേടുകൾ നടത്തിയ ഭരണാനുകൂല സംഘടനയിലെ സ്ഥാനാർത്ഥികൾക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്നുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി അംഗീകരിച്ച ലിംഗ്ദോ കമ്മിറ്റി ശുപാർശകൾ കർശനമായി പാലിച്ചാണ് ഇത്തവണയും തിരഞ്ഞെടുപ്പ് നടക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസരിച്ചാണ് കൗൺസിലർമാരുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. സ്ഥാനാർത്ഥികൾക്ക് 75% ഹാജരും കൃത്യമായ പ്രായപരിധിയും കർശനമാക്കിയിട്ടുണ്ട്.

പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:

-

നാമനിർദ്ദേശ പത്രിക സമർപ്പണം: സെപ്റ്റംബർ 11 (ഉച്ചയ്ക്ക് 2:00 മണിക്ക് പൂർത്തിയായി)

-

അന്തിമ സ്ഥാനാർത്ഥി പട്ടിക: സെപ്റ്റംബർ 14-ന് പ്രസിദ്ധീകരിച്ചു

-

വോട്ടെടുപ്പ്: സെപ്റ്റംബർ 18 (രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

-

കൗൺസിലർമാരുടെ വിവരങ്ങൾ സമർപ്പിക്കൽ: സെപ്റ്റംബർ 25-നകം

സർവകലാശാല നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും ക്രമക്കേടുകൾ ഒഴിവാക്കി ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യുവിന്റെ സമരം. പ്രവർത്തകർ ഓഫീസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതും കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച്ചതും സർവകലാശാലാ ആസ്ഥാനത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ള അധികൃതർ സ്ഥലത്തെത്തി പ്രവർത്തകരുമായി ചർച്ച നടത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News