Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശയിൽ സർക്കാരിന് ലഭിക്കുന്ന നിയമോപദേശം ഇന്ന് ഉണ്ടായേക്കും. അഡ്വക്കേറ്റ് ജനറലും സംസ്ഥാന പോലീസ് മേധാവിയും ഇത് സംബന്ധിച്ച നിർണായക നിയമോപദേശം ആഭ്യന്തര മന്ത്രിക്ക് കൈമാറും. തുടർന്ന് മുഖ്യമന്ത്രിയുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാകും സർക്കാർ അന്തിമ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. വിഷയത്തിൽ നേരിട്ട് പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്യുന്നതിന് പകരം വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് (ക്വിക്ക് വെരിഫിക്കേഷൻ) ഉത്തരവിടാനാണ് സർക്കാരിന് മുന്നിലുള്ള പ്രധാന സാധ്യത.
സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ടും കത്തും കൈമാറിയിരുന്നു. സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങളും ശേഖരിച്ച രേഖകളും അടിസ്ഥാനമാക്കി കേസെടുക്കണമെന്നാണ് കേന്ദ്ര ഏജൻസിയുടെ ആവശ്യം. എന്നാൽ കേന്ദ്ര ഏജൻസിയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ നേരിട്ട് കേസെടുക്കുന്നതിലെ നിയമപരമായ സാധുതകളും മുൻകാല കോടതി വിധികളും സർക്കാർ വിശദമായി പരിശോധിക്കുകയാണ്.
കേസെടുക്കുന്നതിൽ യാതൊരുവിധ നിയമപരമായ വീഴ്ചകളും ഉണ്ടാകരുതെന്ന കർശന നിലപാടിലാണ് ആഭ്യന്തര വകുപ്പും പോലീസും. ഇ.ഡി റിപ്പോർട്ടിലെ വസ്തുതകളിൽ തുടർനടപടി സ്വീകരിക്കാൻ മതിയായ തെളിവുകളുണ്ടോയെന്നും, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള അനുമതികൾ ആവശ്യമാണോയെന്നും എജി നൽകുന്ന ഉപദേശത്തിൽ വ്യക്തമാക്കും. പരാതി ഉയർന്ന സാഹചര്യത്തിൽ നേരിട്ട് എഫ്.ഐ.ആറിലേക്ക് കടക്കാതെ വിജിലൻസ് വഴി പ്രാഥമിക പരിശോധന നടത്തി വസ്തുതകൾ സ്ഥിരീകരിക്കുക എന്ന മാർഗ്ഗമാണ് സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്.
നിയമോപദേശം ലഭിച്ചാലുടൻ ആഭ്യന്തര മന്ത്രിയും പോലീസ് മേധാവിയും മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികൾ ചർച്ച ചെയ്യും. രാഷ്ട്രീയമായും ഭരണപരമായും അതീവ പ്രാധാന്യമുള്ള വിഷയമായതിനാൽ മന്ത്രിസഭയിലെയും മുന്നണിയിലെയും ഉന്നതരുമായി കൂടിയാലോചിച്ചാകും പ്രഖ്യാപനം.
അതേസമയം, രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച നീക്കങ്ങളുടെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും ഏതന്വേഷണത്തെയും നിയമപരമായി നേരിടാൻ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ വരും മണിക്കൂറുകൾ നിർണായകമാണ്.
---------------
Hindusthan Samachar / Roshith K