വീട്ടിൽ നിന്ന് വൻതോതിൽ മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Kalpetta, 18 സെപ്റ്റംബര് (H.S.) കൽപ്പറ്റ: വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് അനുവദനീയമായ പരിധിയിൽ കൂടുതൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ വ്യവസായി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറ
വീട്ടിൽ നിന്ന് വൻതോതിൽ മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്


Kalpetta, 18 സെപ്റ്റംബര് (H.S.)

കൽപ്പറ്റ: വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് അനുവദനീയമായ പരിധിയിൽ കൂടുതൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ വ്യവസായി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

കോടതിയിൽ ഹാജരാക്കിയ ആന്റോ അഗസ്റ്റിനെ കഴിഞ്ഞദിവസം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്റെയും വിശദമായ വാദപ്രതിവാദങ്ങൾ പൂർത്തിയായെങ്കിലും ഉത്തരവ് പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

പൊലീസ് റെയ്ഡും എക്സൈസ് നടപടിയും

മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്. ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഏകദേശം 67 ലിറ്ററോളം മദ്യവും വൈനുമാണ് കണ്ടെടുത്തത്. ഇതിൽ 43 ലിറ്ററോളം വിദേശത്തുനിന്ന് കൊണ്ടുവന്ന വിദേശമദ്യവും (FMFL), ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, പ്രതിരോധ സേനാംഗങ്ങൾക്ക് മാത്രമായി വിതരണം ചെയ്യുന്ന മദ്യവും ഉൾപ്പെടുന്നു.

തുടർന്ന് പൊലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് കൽപ്പറ്റ എക്സൈസ് സംഘം സ്ഥലത്തെത്തി മദ്യം പിടിച്ചെടുക്കുകയും കേസെടുക്കുകയുമായിരുന്നു. ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം മദ്യം സൂക്ഷിച്ചതിന് കേരള അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നാടകീയ അറസ്റ്റ്

കൊച്ചിയിലെ ഓഫീസിൽനിന്നാണ് എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുത്തത്. എഫ്.ഐ.ആറിന്റെ പകർപ്പ് ലഭിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന നിലപാടിൽ പ്രതി ഉറച്ചുനിന്നത് ഏറെനേരം തർക്കങ്ങൾക്ക് വഴിവെച്ചു. തുടർന്ന് രേഖകൾ കൈമാറിയ ശേഷം വൈദ്യപരിശോധന നടത്തി വയനാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. താൻ മദ്യപിക്കാറില്ലെന്നും സ്ഥിരമായി കൊച്ചിയിലായതിനാൽ വീട്ടിൽ മദ്യം എത്തിയതിനെക്കുറിച്ച് അറിയില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

കോടതിയിലെ വാദങ്ങൾ

ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളാണ് നടന്നത്. മദ്യം പിടികൂടിയ വീട് ആന്റോ അഗസ്റ്റിന്റേതല്ലെന്നും വർഷങ്ങൾക്ക് മുമ്പ് മറ്റൊരാൾക്ക് കൈമാറിയതാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ, റവന്യൂ രേഖകൾ പ്രകാരം വീടിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും പ്രതിയുടെ പേരിൽ തന്നെയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. വൻതോതിൽ മദ്യം പിടികൂടിയ പശ്ചാത്തലത്തിൽ ഇതിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ് ആന്റോ അഗസ്റ്റിൻ ഉള്ളത്. ജാമ്യാപേക്ഷയിന്മേലുള്ള കോടതിയുടെ ഇന്നത്തെ തീരുമാനം കേസിൽ നിർണായകമാകും.

---------------

Hindusthan Samachar / Roshith K


Latest News