Enter your Email Address to subscribe to our newsletters

Malapuram, 18 സെപ്റ്റംബര് (H.S.)
മലപ്പുറം: നിലമ്പൂരിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് രാസലഹരി വിതരണം ചെയ്തിരുന്ന സംഘത്തിലെ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടനാണ് പിടിയിലായ പ്രധാനി. ഇയാളോടൊപ്പം ലഹരി ശൃംഖലയിലെ കൂട്ടുപ്രതികളായ റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയും പോലീസ് പിടികൂടി.
നിലമ്പൂർ മേഖലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളിലേക്ക് മാരക ലഹരിമരുന്നായ എംഡിഎംഎ എത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് നടത്തിയ രഹസ്യ നിരീക്ഷണങ്ങൾക്കൊടുവിലാണ് സംഘം വലയിലായത്. പ്രതികളിൽ ഒരാളായ സുബ്രഹ്മണ്യനെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി ഇടപാടിന്റെ ചുരുളഴിയുന്നത്. ഇയാളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അധ്യാപകൻ അടക്കമുള്ള മറ്റ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്.
വിദ്യാർത്ഥികൾക്കിടയിലേക്ക് ലഹരി വ്യാപിപ്പിക്കാൻ അധ്യാപകനായ സുഹൈൽ പെരിങ്ങോടന്റെ സ്ഥാനം സംഘം മറയാക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന അധ്യാപകനെ ഉപയോഗിച്ച് വിവേകും റീനയും സുബ്രഹ്മണ്യനും ചേർന്ന സംഘം വലിയ രീതിയിലുള്ള ഇടപാടുകളാണ് നടത്തിയിരുന്നത്. ബെംഗളൂരു അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നാണ് സംഘം എംഡിഎംഎ കേരളത്തിലേക്ക് കടത്തിയിരുന്നതെന്നാണ് സൂചന. ചെറിയ പാക്കറ്റുകളിലാക്കി കൂടിയ വിലയ്ക്കാണ് ഇത് യുവതലമുറയ്ക്കിടയിൽ വിൽപ്പന നടത്തിയിരുന്നത്.
സമൂഹത്തിൽ മാതൃകയാകേണ്ട ഒരു കോളേജ് അധ്യാപകൻ തന്നെ നേരിട്ട് രാസലഹരി വിതരണ ശൃംഖലയുടെ ഭാഗമായി പിടിയിലായത് നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയാൻ കർശന നടപടികൾ തുടരുന്നതിനിടയിലാണ് ഈ അറസ്റ്റ്. പിടിയിലായ നാല് പ്രതികൾക്കുമെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
സംഘത്തിന് പിന്നിൽ അന്തർസംസ്ഥാന ലഹരി മാഫിയകളുമായി നേരിട്ട് ബന്ധമുണ്ടോയെന്നും, കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾ ഈ സംഘത്തിന്റെ വലയിൽ അകപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഇവരുടെ ഫോൺ കോളുകളും ഡിജിറ്റൽ ഇടപാടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഹരിയുടെ ഉറവിടവും ഇടപാടുകൾക്കായി ഉപയോഗിച്ച പണത്തിന്റെ കൈമാറ്റവും കണ്ടെത്തുന്നതോടെ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
---------------
Hindusthan Samachar / Roshith K