Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇതിന്റെ ഭാഗമായി സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഇന്ന് തന്നെ നേരിട്ട് വിവരങ്ങൾ ശേഖരിക്കും. എസ്ഐടി തലവനായ എഡിജിപി പി. വിജയന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ജിഎസ്ടി വിഭാഗവുമായി കൂടിക്കാഴ്ച നടത്തുന്നത്.
മെസ്സി ഇവന്റുമായി ബന്ധപ്പെട്ട് മുൻപ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കോടികളുടെ നികുതിവെട്ടിപ്പും ഗുരുതര സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ പകർപ്പും അനുബന്ധ ഡിജിറ്റൽ രേഖകളും എസ്ഐടി നേരത്തെ പരിശോധിച്ചിരുന്നു. വിദേശത്തേക്ക് പണം കൈമാറിയതിലും റിവേഴ്സ് ചാർജ് മെക്കാനിസം (ആർസിഎം) പ്രകാരമുള്ള ഐജിഎസ്ടി അടയ്ക്കുന്നതിലും കോടികളുടെ വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജിഎസ്ടി ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ നിർണായക വിവരങ്ങൾ തേടാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്ന വഴികൾ, വിദേശത്തേക്ക് കൈമാറിയ തുകയുടെ സ്രോതസ്സ്, ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ എന്നിവയാണ് എസ്ഐടി ജിഎസ്ടി ഉദ്യോഗസ്ഥരോട് പ്രധാനമായും ചോദിച്ചറിയുക. ജിഎസ്ടി വകുപ്പിൽ റിപ്പോർട്ട് ചെയ്യാത്ത രഹസ്യ അക്കൗണ്ടുകൾ വഴിയും വൻതോതിൽ പണമിടപാട് നടന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. കൂടാതെ, നികുതി പിരിച്ചെടുക്കുന്നതിൽ ജിഎസ്ടി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂർവ്വമായ വീഴ്ചയോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും എസ്ഐടി സമാന്തരമായി പരിശോധിക്കുന്നുണ്ട്.
മെസ്സിയുടെ വരവിന്റെ പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി സ്പോൺസർഷിപ്പ് തുക കൈപ്പറ്റിയതിലും സാമ്പത്തിക തിരിമറി നടത്തിയതിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിനകം തന്നെ കേസിൽ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുകയും നിർണായക തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ജിഎസ്ടി ഉദ്യോഗസ്ഥരിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ വ്യക്തികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വളരെ വേഗത്തിലാണ് കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
---------------
Hindusthan Samachar / Roshith K