Enter your Email Address to subscribe to our newsletters

Kozhikode, 18 സെപ്റ്റംബര് (H.S.)
കോഴിക്കോട്: ഒരു വിഭാഗം ജനങ്ങളുമായി പാർട്ടിക്ക് ഉണ്ടായിരുന്ന സ്വാഭാവിക ഹൃദയബന്ധത്തിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന യാഥാർഥ്യം പരസ്യമായി സമ്മതിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനയ്ക്കുള്ളിൽ അടിമുടി മാറ്റങ്ങൾ അനിവാര്യമാണെന്നും അതിനായി പാർട്ടി നടപ്പിലാക്കുന്ന സമഗ്രമായ തെറ്റ് തിരുത്തൽ പ്രക്രിയകൾക്ക് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ താനും പൂർണ്ണമായി വിധേയനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് സമാപിച്ച വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് ശേഷം ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാടുകൾ വ്യക്തമാക്കിയത്.
പാർട്ടിയിൽ സമൂലമായ മാറ്റങ്ങൾ അനിവാര്യമായി വന്നിരിക്കുകയാണ്. തെറ്റുകൾ തിരുത്തുന്നതിനായി പാർട്ടി തന്നോട് നിർദ്ദേശിച്ച ഏതൊരു മാറ്റത്തിനും താൻ പൂർണ്ണ സജ്ജനാണ്. ചൂണ്ടിക്കാണിക്കപ്പെട്ട വ്യക്തിപരവും സംഘടനാപരവുമായ പോരായ്മകളിൽ കൃത്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകാൻ ഒരു മടിയുമില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റ് വിപുലീകരണത്തിൽ പി. ജയരാജൻ ഉൾപ്പെട്ടതിനെക്കുറിച്ചുള്ള ചർച്ചകൾക്കും അദ്ദേഹം മറുപടി നൽകി. ഏതെങ്കിലും ഒരു നേതാവ് സമിതിയുടെ അകത്തോ പുറത്തോ ഉള്ളതുകൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല പാർട്ടിയുടെ മുൻപിലുള്ള വെല്ലുവിളികൾ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയുടെ കേഡർ നയത്തിന്റെയും സംഘടനാ വിപുലീകരണത്തിന്റെയും ഭാഗമായാണ് പി. ജയരാജൻ, മന്ത്രിമാരായ എം. ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരെ സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇത് പാർട്ടിയുടെ സംഘടനാപരമായ സ്വാഭാവിക നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീങ്ങുന്നതെന്ന പാർട്ടിയുടെ മുൻ നിലപാട് ഇപ്പോൾ പൂർണ്ണമായും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ പ്രേരിതമായ ഇത്തരം കള്ളക്കേസുകളെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായിത്തന്നെ ശക്തമായി പ്രതിരോധിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് തലം മുതൽ ബ്രാഞ്ച് തലം വരെയുള്ള താഴെത്തട്ടിലെ ഘടകങ്ങളിൽ വരെ വലിയ തിരുത്തലുകൾക്കും മാറ്റങ്ങൾക്കും പാർട്ടി തയ്യാറെടുക്കുകയാണെന്ന വ്യക്തമായ സൂചനയാണ് സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ നൽകുന്നത്.
കോഴിക്കോട്ട് ചേർന്ന സിപിഐ(എം) വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവും പാർട്ടി തലത്തിലുള്ള അച്ചടക്ക നടപടിയും ഉണ്ടായിരുന്നു. നേതൃത്വപരമായ വീഴ്ചകളും തെരഞ്ഞെടുപ്പ് തിരിച്ചടികളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന വിമർശനങ്ങൾ
സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ച: തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങിയ ഉറച്ച കോട്ടകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ, പ്രത്യേകിച്ച് കണ്ണൂരിൽ നിന്നുള്ള പ്രതിനിധികൾ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയ നടപടി വലിയ വിമർശനത്തിന് വഴിവെച്ചു; മണ്ഡലം നഷ്ടപ്പെട്ടതോടെ ഈ തീരുമാനം പാർട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നും വിലയിരുത്തപ്പെട്ടു.
കൂട്ടുത്തരവാദിത്തത്തിന്റെ അഭാവം: താഴെത്തട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലോ അവ യഥാസമയം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിലോ സെക്രട്ടറി പരാജയപ്പെട്ടുവെന്ന് യോഗത്തിൽ വിമർശനമുയർന്നു. തെറ്റുകൾ തിരുത്തുന്നതിന് പകരം ജില്ലാ, പ്രാദേശിക ഘടകങ്ങളുടെ മേൽ കുറ്റം ചാരുന്ന സമീപനമാണ് ഉണ്ടായതെന്നും ആരോപണമുയർന്നു.
ജനകീയ ബന്ധത്തിലെ വിള്ളലും പ്രസ്താവനകളും: പൊതു ഇടങ്ങളിലും മാധ്യമങ്ങളിലും നടത്തിയ പല പ്രസ്താവനകളും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ഒരു വിഭാഗം ജനങ്ങളെ അകറ്റാൻ ഇടയാക്കിയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പാർലമെന്ററി വ്യാമോഹം: നേതൃത്വവും അണികളും തമ്മിലുള്ള ബന്ധം വഷളായതായും, പ്രത്യയശാസ്ത്രപരമായ അടിത്തറയും ജനകീയ ഇടപെടലുകളും മാറ്റിവെച്ച് പാർലമെന്ററി പദവികൾക്ക് മുൻഗണന നൽകുന്ന പ്രവണത നേതൃത്വത്തിൽ വർധിച്ചതായും ചർച്ചകളിൽ വിമർശനമുയർന്നു.
---------------
Hindusthan Samachar / Roshith K