Enter your Email Address to subscribe to our newsletters

Pathanamthitta, 18 സെപ്റ്റംബര്‍ (H.S.)
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന് നായര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സുകുമാരന്‍ നായര്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പത്തനംതിട്ട എം.സി റോഡില്‍ പന്തളം കുരമ്പാല അമൃത സ്‌കൂള്‍ ജംഗ്ഷനിലായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ടെമ്പോ വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ സുകുമാരന്‍ നായരുടെ മൂക്കിനും കൈക്കുമാണ് പരിക്കേറ്റത്. ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
അപകടം നടന്നയുടന്‍ പ്രദേശത്തുണ്ടായിരുന്ന എന്‍.എസ്.എസ് പ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തെ മറ്റൊരു വാഹനത്തില്‍ പന്തളം എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. സുകുമാരന്‍ നായരുടെ മൂക്കിന് നേരിയ തോതില്‍ രക്തസ്രാവമുണ്ടായെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ജീവനക്കാരും ഡ്രൈവറും അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
നേരത്തെ വീണ് തുടയെല്ലിന് പരുക്കേറ്റ് ദീര്‍ഘനാള്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം അടുത്തകാലത്താണ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമായത്. അപകടം നടന്ന എം.സി റോഡിലെ കുരമ്പാല അമൃത സ്‌കൂള്‍ ജംഗ്ഷന്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്ന മേഖലയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറുമായി കൂട്ടിയിടിച്ച ടെമ്പോ വാനിലുണ്ടായിരുന്നവര്‍ക്കും പരുക്കുകളില്ല.
---------------
Hindusthan Samachar / Sreejith S