ചലച്ചിത്ര അക്കാദമി ഭരണപരമായ അനിശ്ചിതത്വത്തിൽ: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ
Kozhikode , 19 സെപ്റ്റംബര് (H.S.) കേരളത്തിന്റെ സാംസ്കാരിക പെരുമയുടെ നട്ടെല്ലായ ചലച്ചിത്ര അക്കാദമി ഭരണപരമായ അനിശ്ചിതത്വത്തിൽ നാഥനില്ലാക്കളരിയായി മാറുന്നതിൽ രൂക്ഷവിമർശനവുമായി പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. ചലച്ചിത്ര മേളകളുടെ നടത്തിപ്പിനെയും
CHALACHITRA ACADEMY DELAY


Kozhikode , 19 സെപ്റ്റംബര് (H.S.)

കേരളത്തിന്റെ സാംസ്കാരിക പെരുമയുടെ നട്ടെല്ലായ ചലച്ചിത്ര അക്കാദമി ഭരണപരമായ അനിശ്ചിതത്വത്തിൽ നാഥനില്ലാക്കളരിയായി മാറുന്നതിൽ രൂക്ഷവിമർശനവുമായി പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. ചലച്ചിത്ര മേളകളുടെ നടത്തിപ്പിനെയും അക്കാദമിയുടെ ദിനചര്യകളെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന തരത്തിൽ തീരുമാനങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന സർക്കാരിന്റെ നിലപാട് സാംസ്കാരിക മേഖലയ്ക്ക് അത്യന്തം ദോഷകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അക്കാദമിയുടെ ഭരണപരമായ കാര്യങ്ങളിൽ കൃത്യസമയത്ത് തീരുമാനമെടുക്കാതെ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകുന്നത് സംസ്ഥാനത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തിന് തിരിച്ചടിയാവുകയാണ്. അക്കാദമിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും സർക്കാരിന്റെ ഇത്തരം സമീപനം തിരുത്തപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ അറിയിച്ചിട്ടും നടപടിയില്ല; വിമർശനവുമായി അടൂർ

മുഖ്യമന്ത്രിയോടും സാംസ്കാരിക മന്ത്രിയോടും ഈ വിഷയം നേരിട്ട് ഉന്നയിച്ചിട്ടും യാതൊരുവിധ കാര്യക്ഷമമായ നടപടികളും ഉണ്ടാകുന്നില്ലെന്ന് അടൂർ വ്യക്തമാക്കി. ഘടകകക്ഷികളുമായുള്ള രാഷ്ട്രീയ തർക്കങ്ങളും നീണ്ട ചർച്ചകളുമാണ് തീരുമാനങ്ങൾ വൈകിക്കുന്നതിന് കാരണമായി പറയപ്പെടുന്നത്. എന്നാൽ ഇത്തരത്തിലുള്ള സാംസ്കാരിക സ്ഥാപനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് രാഷ്ട്രീയ ഘടകകക്ഷികളല്ലെന്നും, അതത് വിഷയങ്ങളിൽ പ്രഗത്ഭരായ വ്യക്തികളുമായി കൂടിയാലോചിച്ചാണ് സർക്കാർ മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അനാവശ്യവും നീണ്ടതുമായ കൂടിയാലോചനകൾ പലപ്പോഴും തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

IFFK തട്ടിക്കൂട്ടലാകരുത്; ഒരു വർഷത്തെ തയ്യാറെടുപ്പ് വേണം

അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) പോലെയുള്ള ഒരു വൻകിട ഇവൻ്റ് മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കുറഞ്ഞത് ഒരു വർഷത്തെ കൃത്യമായ തയ്യാറെടുപ്പ് ആവശ്യമാണ്. പുതിയ സർക്കാർ അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും അക്കാദമിയുടെ പുനഃസംഘടനയിൽ ഉടനടി തീരുമാനം എടുക്കാത്തത് മേളയുടെ നിലവാരത്തെയും ലോകപ്രശസ്തിയെയും കാര്യമായി ബാധിക്കും. നാലുമാസ സമയം അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ധാരാളമായിരുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയേക്കാൾ അന്താരാഷ്ട്രതലത്തിൽ വൻ കീർത്തി നേടിയെടുത്ത കേരളത്തിൻ്റെ ചലച്ചിത്രമേള, അവസാന നിമിഷത്തെ തട്ടിക്കൂട്ടലുകൾ കാരണം നശിച്ചുപോകരുതെന്ന ആഗ്രഹത്തോടെയാണ് താൻ ഇക്കാര്യങ്ങൾ തുറന്നുപറയുന്നതെന്നും അടൂർ കൂട്ടിച്ചേർത്തു.

പുതിയ കാലത്തെ സിനിമാ രീതികളെയും പുതിയ ട്രെൻഡുകളെയും കുറിച്ച് പൊതുവായ ഒരു അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ ഇതിനെക്കുറിച്ച് നിരന്തരം പഠിക്കുന്ന ആളല്ലെന്നും, അതിനാൽ ഇത്തരമൊരു ട്രെൻഡിനെക്കുറിച്ച് സംസാരിക്കാൻ യോഗ്യനല്ലെന്നുമാണ് അടൂർ പറഞ്ഞത്. സ്പിക് മാകെ (SPIC MACAY - Society for the Promotion of Indian Classical Music And Culture Amongst Youth) സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാണ് അടൂർ ഗോപാലകൃഷ്ണൻ കോഴിക്കോട്ട് എത്തിയത്. സന്ദർശനത്തിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ പ്രശസ്ത സിനിമയായ 'നിഴൽക്കുത്ത്' കോഴിക്കോട് എൻ ഐ ടിയിൽ പ്രദർശിപ്പിക്കുകയും, തുടർന്ന് സിനിമ കണ്ട പ്രേക്ഷകരുമായി അദ്ദേഹം വിശദമായി സംവദിക്കുകയും ചെയ്യും. സ്പിക് മാകെയുമായി വർഷങ്ങളായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ വലിയ സന്തോഷവും സംതൃപ്തിയും ഉണ്ടെന്നും, രാജ്യവ്യാപകമായി കലാസാംസ്കാരിക രംഗത്ത് വലിയ സംഭാവനകൾ നൽകുന്ന പ്രസ്ഥാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News