Enter your Email Address to subscribe to our newsletters

Newdelhi, 19 സെപ്റ്റംബര് (H.S.)
തുടർച്ചയായ തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തനം മെച്ചപ്പെടുത്താനായി യുവ പാർട്ടി പ്രവർത്തകർക്ക് ക്ലാസ്റൂം അധിഷ്ഠിത പരിശീലനം നൽകാൻ സിപിഐ(എം) അവലോകന യോഗം നിർദേശിച്ചു. മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും ജനങ്ങളുമായുള്ള ആശയവിനിമയത്തെക്കുറിച്ചും യുവ പ്രവർത്തകരിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
ഇതിനായി സമയബന്ധിതമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ കേരളത്തിൽ നടന്ന അവലോകന യോഗത്തിൽ പാർട്ടി ആഹ്വാനം ചെയ്തു. സംഘടനാ മികവ് വർധിപ്പിക്കുന്നതിനും ജനങ്ങളിലേക്ക് പാർട്ടി ആശയങ്ങൾ കൃത്യമായി എത്തിക്കുന്നതിനും ഇത്തരം ശിൽപ്പശാലകൾ ഉപകരിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ദുർബലമായ രാഷ്ട്രീയ ആശയവിനിമയം, നീണ്ട പ്രസംഗങ്ങൾ, സംഘടനാപരമായ വീഴ്ചകൾ, ആശയപരമായ അവ്യക്തത എന്നിവയെക്കുറിച്ച് പാർട്ടി അവലോകന യോഗത്തിൽ ചർച്ച നടന്നു. പാർട്ടി നേതാക്കളിലും പ്രവർത്തകരിലും ചില വിഭാഗങ്ങൾക്കിടയിലും കണ്ടുവരുന്ന അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിതശൈലി എന്നിവയെക്കുറിച്ച് യോഗത്തിൽ പരാമർശങ്ങളുണ്ടായി.
തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിൽ വന്ന വീഴ്ച പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിച്ചുവെന്ന് അവലോകനയോഗം ചൂണ്ടിക്കാട്ടി. അത്തരം സംഭവങ്ങളെ മാധ്യമങ്ങളും പ്രതിപക്ഷവും പെരുപ്പിച്ചു കാണിക്കുകയും സംഘടനയുടെ മൊത്തത്തിലുള്ള പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിൽ പൊതുവൽക്കരിക്കുകയും ചെയ്തതായി പാർട്ടി സമ്മതിച്ചു.
കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ മോശം പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ചിട്ടയായ രാഷ്ട്രീയ വിദ്യാഭ്യാസം, മികച്ച ആശയവിനിമയം, വ്യവസ്ഥാപിതമായ കേഡർ പരിശീലനം എന്നിവയ്ക്ക് ഊന്നൽ നൽകാനാണ് പാർട്ടി തീരുമാനം. പാർട്ടിയുടെ നിലപാടുകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് കേവലം ആശയപരമായ ക്ലാസുകൾ മാത്രം പോരായിരുന്നുവെന്ന് യോഗം വിലയിരുത്തി.
ടെലിവിഷൻ, ഇലക്ട്രോണിക് മാധ്യമ ചർച്ചകൾ ഉൾപ്പെടെയുള്ള പൊതു ചർച്ചകളിൽ ഫലപ്രദമായി പങ്കെടുക്കാൻ കഴിയുന്ന ഒരു പുതിയ തലമുറ യുവ നേതാക്കൾമാരെ വളർത്തിയെടുക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, പാർട്ടിയുടെ രാഷ്ട്രീയ സംവിധാനത്തെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താനുള്ള ശ്രമമാണിത്.
തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമി, എകെജി സെൻ്റർ ഫോർ റിസർച്ച് എന്നിവയോടൊപ്പം കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സമാന സ്ഥാപനങ്ങളും കേഡർമാർക്ക് പരിശീലനം നൽകുന്നതിനുള്ള പരിപാടികൾ ഏറ്റെടുക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചു. പരിശീലനത്തിനായി സമയബന്ധിതമായ ഒരു പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.
വർഗീയതയ്ക്കെതിരെ ഞങ്ങൾ നിരവധി ക്ലാസുകൾ നടത്തിയിട്ടുണ്ടെങ്കിലും അത് ജനങ്ങളുടെ ബോധമണ്ഡലത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ലായെന്നും പാർട്ടി അവലോകന യോഗത്തിൽ പറയുന്നു. സംഘടനാപരമായ രാഷ്ട്രീയ വിദ്യാഭ്യാസവും സംഘടനയ്ക്ക് പുറത്തുള്ള അതിൻ്റെ സ്വാധീനവും തമ്മിലുള്ള അന്തരമാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ആശയപരമായ അറിവ് പകർന്നു നൽകുക എന്നത് മാത്രമല്ല, മറിച്ച് രാഷ്ട്രീയ വാദങ്ങൾ വ്യക്തമായി അവതരിപ്പിക്കാനും എതിരാളികളുടെ വാദങ്ങളെ നേരിടാനും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും കേഡർമാർക്ക് കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുക കൂടിയാണ് സിപിഐ(എം)ന് മുന്നിലുള്ള വെല്ലുവിളിയെന്ന് അവലോകന യോഗം പറയുന്നു.
നീണ്ട പ്രസംഗങ്ങൾ, ദുർബലമായ ആശയവിനിമയം
ആശയവിനിമയത്തിലെ പോരായ്മകളെ ഒരു പ്രധാന സംഘടനാപരമായ വീഴ്ചയായി പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. നീണ്ട പ്രസംഗങ്ങൾ, വിഷയങ്ങളിൽ കൃത്യമായ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കൽ, പ്രത്യേക വിഷയങ്ങളിൽ എതിരാളികളെ തിരിച്ചറിയുന്നതിലും വിമർശിക്കുന്നതിലും രാഷ്ട്രീയമായ മൂർച്ചക്കുറവ് എന്നിവയും പോരായ്മകളിൽ ഉൾപ്പെടുന്നു.
അനുഭാവികളെ ഉൾപ്പെടുത്തി നടത്തുന്ന പൊതുയോഗങ്ങളുടെ നടത്തിപ്പിലെ പോരായ്മകളും അവലോകനം ചൂണ്ടിക്കാട്ടി. യോഗങ്ങളിൽ ആവശ്യമായ അച്ചടക്കം പാലിക്കപ്പെടുന്നില്ലെന്നും യോഗം സംഘടിപ്പിക്കുന്ന രീതിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും പാർട്ടി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ആശയവിനിമയം കൂടുതൽ സംക്ഷിപ്തവും ലക്ഷ്യബോധമുള്ളതും ഫലപ്രദവുമാക്കേണ്ടതുണ്ടെന്ന് നിർദ്ദേശിച്ചുകൊണ്ട് ആശയവിനിമയത്തിൻ്റെ ദൈർഘ്യത്തിലും ശൈലിയിലും സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്ന് അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തെയും ഭരണവർഗത്തിൻ്റെ ആക്രമണത്തെയും പാർട്ടി നേരിടുന്ന ഈ ഘട്ടത്തിൽ, ഈ പോരായ്മകൾ അതീവ ഗൗരവകരമാണെന്നാണ് സിപിഐ(എം)ൻ്റെ വിലയിരുത്തൽ. പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോൾ... നേതൃത്വവും അണികളും രാഷ്ട്രീയമായി അതീവ ജാഗ്രതയും വ്യക്തതയും പുലർത്തേണ്ടതുണ്ട് എന്ന് അവലോകന റിപ്പോർട്ട് നിരീക്ഷിക്കുന്നു.
സാധാരണക്കാർക്ക് മുന്നിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ അവതരിപ്പിക്കാൻ ശേഷിയുള്ള പ്രവർത്തകരുടെ കുറവ് ഒരു പ്രധാന സംഘടനാപരമായ പോരായ്മയാണെന്ന് അവലോകന റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പാർട്ടിയുടെ വർഗ-ബഹുജന സംഘടനകളിൽ മതിയായ രാഷ്ട്രീയവൽക്കരണം നടന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
മാധ്യമ പോരാട്ടങ്ങൾക്ക് യുവ പ്രവർത്തകർ
വിവിധതരം രാഷ്ട്രീയ ചർച്ചകളിൽ, പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങളിലെ സംവാദങ്ങളിൽ ഫലപ്രദമായി പങ്കെടുക്കാൻ കഴിയുന്ന യുവ പ്രവർത്തകരുടെ ഒരു നിരയെ വാർത്തെടുക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. അതിനാൽ, നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ക്ലാസ്റൂം അധിഷ്ഠിത പരിശീലനം പരമ്പരാഗത പാർട്ടി വിദ്യാഭ്യാസത്തിനപ്പുറം പോകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
ടെലിവിഷൻ ചർച്ചകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും രാഷ്ട്രീയ ആശയവിനിമയത്തിൻ്റെ പ്രധാന വേദികളായി മാറിയ സാഹചര്യത്തിൽ ഇതിന് വലിയ പ്രാധാന്യം അർഹിക്കുന്നു. പ്രത്യയശാസ്ത്രപരമായ നിലപാടുകൾ മാത്രമല്ല, അവ പൊതുവേദികളിൽ വേഗത്തിലും മൂർച്ചയോടെയും അവതരിപ്പിക്കാനുള്ള കഴിവ് കൂടി പ്രവർത്തകർക്ക് നൽകേണ്ടതുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
പ്രവർത്തകർക്കിടയിൽ പ്രത്യയശാസ്ത്രപരമായ ആശയക്കുഴപ്പം
കമ്മ്യൂണിസ്റ്റ് പ്രവർത്തകരിൽ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഉറച്ച നിലപാട് ചിലരിൽ നിന്ന് ലഭിക്കുന്നില്ലെന്ന് പാർട്ടി വ്യക്തമാക്കി. ബിജെപിയും തൃണമൂൽ കോൺഗ്രസും ഉയർത്തുന്ന രാഷ്ട്രീയ ഭീഷണികളെക്കുറിച്ചുള്ള താരതമ്യ വിലയിരുത്തലിനെക്കുറിച്ചും ചർച്ച നടന്നു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങും
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിക്കേണ്ടതുണ്ടെന്ന് സിപിഐ(എം) സമ്മതിച്ചു. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചുള്ള മുദ്രാവാക്യങ്ങൾ രൂപീകരിക്കുക, ബൂത്ത് തലം മുതൽ സംഘടനയെ ശക്തിപ്പെടുത്തുക, താഴെത്തട്ടിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തുക എന്നിവ ഭാവിയിലെ ഒരുക്കങ്ങളിൽ ഉൾപ്പെടുത്തണമെന്ന് പാർട്ടി ആഗ്രഹിക്കുന്നു.
ചെറിയൊരു പിഴവ് പോലും തെരഞ്ഞെടുപ്പ് സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ പാർട്ടി, കൂടുതൽ രാഷ്ട്രീയ-സംഘടനാപരമായ ജാഗ്രതയോടെ പ്രവർത്തിക്കാൻ മുഴുവൻ സംഘടനയോടും ആഹ്വാനം ചെയ്തു. ഭരണവർഗ പാർട്ടികളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ശക്തിയെ നേരിടാൻ ശക്തമായ ഒരു സംഘടനയ്ക്ക് മാത്രമേ കഴിയൂ എന്ന പാർട്ടിയുടെ വിശ്വാസം അവലോകന യോഗം ആവർത്തിച്ചുറപ്പിച്ചു.
ജനങ്ങളിൽ നിന്നുള്ള ധനസമാഹരണം, ജനങ്ങളിലേക്കിറങ്ങാനുള്ള മാർഗം
ജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിക്കുന്ന തങ്ങളുടെ പരമ്പരാഗത രീതി ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും പാർട്ടി ഊന്നിപ്പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കോർപ്പറേറ്റ് ഫണ്ടിംഗിനെ എതിർക്കുന്നത് തുടരുമെന്ന് സിപിഐ(എം) വ്യക്തമാക്കി; തെരഞ്ഞെടുപ്പ് ബോണ്ടുകൾ സ്വീകരിക്കാത്ത ഏക ദേശീയ പാർട്ടി തങ്ങളാണെന്നും പാർട്ടി പറഞ്ഞു. ജനങ്ങളിൽ നിന്നുള്ള ധനസമാഹരണം വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രത്തിൻ്റെ പ്രധാന ഭാഗമാക്കാനാണ് പാർട്ടിയുടെ ലക്ഷ്യം; കാരണം, വിഭവങ്ങൾ സമാഹരിക്കുന്നതിനൊപ്പം പാർട്ടിയുടെ രാഷ്ട്രീയ സന്ദേശം നേരിട്ട് ജനങ്ങളിലെത്തിക്കുക എന്ന ഒരു ലക്ഷ്യം കൂടിയാണ് ഈ പ്രക്രിയയിലൂടെ നിറവേറ്റപ്പെടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR