Enter your Email Address to subscribe to our newsletters

Kasaragod , 19 സെപ്റ്റംബര് (H.S.)
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്കായി നാല് കോടി രൂപ വിലമതിക്കുന്ന സ്വകാര്യ ആഡംബര വാഹനം ഉപയോഗിക്കുന്നത് തികച്ചും നിയമവിരുദ്ധവും ദുരൂഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ ആരോപിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ കാറിൽ സർക്കാർ ബോർഡ് വച്ച് യാത്ര ചെയ്യുന്നതിനെതിരെ രൂക്ഷവിമർശനമാണ് ഡിവൈഎഫ്ഐ ഉയർത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസർകോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം. വിജിൻ.
ഒരു ജനപ്രതിനിധിയും മന്ത്രിയുമായ വ്യക്തി സർക്കാർ സംവിധാനങ്ങളും ആനുകൂല്യങ്ങളും നിലനിൽക്കെ സ്വകാര്യ വ്യക്തിയുടെ കോടികൾ വിലമതിക്കുന്ന വാഹനം ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുന്നത് ദുരൂഹതയുണർത്തുന്ന ഒന്നാണ്. ഇതിന് പിന്നിലെ സാമ്പത്തിക താൽപ്പര്യങ്ങളും ഇടപാടുകളും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി ഉപയോഗിക്കുന്ന ഈ സ്വകാര്യ വാഹനത്തിന് ലോഗ് ബുക്ക് ഉണ്ടോ? ഈ വാഹനം എവിടെയൊക്കെ പോകുന്നു, എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നതിന് കൃത്യമായ ഔദ്യോഗിക രേഖകൾ ഉണ്ടാകുമോ? മന്ത്രി ഉടൻ വാഹനം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് ഡിവൈഎഫ്ഐ കടക്കും. എം. വിജിൻ പറഞ്ഞു.
തനിക്ക് അനുവദിച്ച ഔദ്യോഗിക ഇന്നോവ ക്രിസ്റ്റ വാഹനം നാല് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രകൾക്ക് യോഗ്യമല്ലാത്തതിനാലാണ് സുഹൃത്തിൻ്റെ വാഹനം ഉപയോഗിക്കുന്നതെന്നുമാണ് കെ എം ഷാജിയുടെ വിശദീകരണം. എന്നാൽ തവനൂർ മുൻ എംഎൽഎ കെ ടി ജലീൽ അടക്കമുള്ള നേതാക്കൾ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും, സ്വകാര്യ വ്യക്തിയുടെ കോടികൾ വിലയുള്ള വാഹനം ഔദ്യോഗിക ചിഹ്നങ്ങളോടെ ഓടിക്കുന്നത് ധാർമ്മികമായി തെറ്റാണെന്നും ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇഡി കത്തിൻമേലുള്ള ഇപ്പോഴത്തെ അന്വേഷണങ്ങൾ യുഡിഎഫും ആർഎസ്എസും ചേർന്നു നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എം വിജിൻ കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് കൂടിയായ മന്ത്രി മുഹമ്മദ് റിയാസിനെയും അവരുടെ കുടുംബത്തെയും ലക്ഷ്യമിട്ട് ഇടതുപക്ഷത്തെ തകർക്കാനുള്ള നീക്കമാണിത്. കേരളത്തിൽ ആർഎസ്എസ് ആഗ്രഹിക്കുന്ന അജണ്ടയാണ് സർക്കാരിൻ്റെ പിന്തുണയോടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇതിലേക്ക് എൽഡിഎഫ് നേതാക്കളുടെ പേര് വലിച്ചിഴയ്ക്കുന്ന അന്വേഷണ ഏജൻസികൾ, ബി ജെ പി യു ഡി എഫ് ബന്ധമുള്ള ആർ സി, പി കെ, ഒ സി എന്നിവരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമോ എന്ന് വ്യക്തമാക്കണം.
കാസർകോട്ടെ ഗുരുതരമായ എംഡിഎംഎ മയക്കുമരുന്ന് കേസ് അട്ടിമറിക്കാൻ വീണ്ടും സമ്മർദ്ദ തന്ത്രങ്ങൾ നടക്കുന്നുണ്ടെന്നും വിജിൻ ആരോപിച്ചു. ഉന്നത തലങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാൻ ബോധപൂർവ്വമായ ഇടപെടലുകളുണ്ട്. കേസ് പ്രതിയായ ഹുസൈനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും, കോടതിയിൽ നിന്നു പുറത്തുവരുന്ന വിവരങ്ങൾ ഇത് കൂടുതൽ വ്യക്തമാക്കുന്നുണ്ടെന്നും ഡിവൈഎഫ്ഐ ഇതിനെതിരെ ശക്തമായ ബഹുജന പ്രതിരോധം തീർക്കുമെന്നും അദ്ദേഹം കാഞ്ഞങ്ങാട് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR