Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 സെപ്റ്റംബര് (H.S.)
കേരള സർവകലാശാല ഫിസിക്സ് വിഭാഗം മേധാവിയും ട്രിവാൻഡ്രം ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയുടെ ഓണററി ഡയറക്ടറുമായ പ്രൊഫ. ആർ. ജയകൃഷ്ണന്റെ ഗവേഷണ പ്രബന്ധം പ്രശസ്ത അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ജേണലായ Astrophysics and Space Science-ൽ പ്രസിദ്ധീകരിച്ചു. രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ശക്തമായ ഭൂകാന്തിക കൊടുങ്കാറ്റുകളിലൊന്നായ 1859ലെ കാരിങ്ടൺ സൗര കൊടുങ്കാറ്റിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളാണ് ഗവേഷണ പ്രബന്ധത്തിലുള്ളത്.
ഒബ്സർവേറ്ററിയിലെ പ്രോജക്ട് റിസർച്ച് അസിസ്റ്റന്റായ ഫാസിൽ സി. കെ.യും ഫിസിക്സ് വിഭാഗത്തിലെ അധ്യാപകനായ ഡോ. അജേഷും പ്രബന്ധത്തിന്റെ സഹരചയിതാക്കളാണ്.
സ്കോട്ട്ലൻഡിലെ നാഷണൽ ലൈബ്രറിയിൽ സംരക്ഷിച്ചിരിക്കുന്ന 160 വർഷത്തിലേറെ പഴക്കമുള്ള തിരുവനന്തപുരം ഒബ്സർവേറ്ററി രേഖകളുടെ വിശദമായ പഠനത്തിലാണ് സൗരനിലയിൽ നിന്നുള്ള തുടർച്ചയായ കൊറോണൽ മാസ് ഇജക്ഷനുകൾ (CMEs) ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ സൃഷ്ടിച്ച ആഘാതങ്ങളെക്കുറിച്ചുള്ള പുതിയ തെളിവുകൾ ലഭിച്ചത്.
1859 ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 15 വരെ എട്ട് സൗര പ്ലാസ്മാ സ്രവങ്ങൾ ഉണ്ടായതായി രേഖകളുടെ വിശകലനം വ്യക്തമാക്കുന്നു. ഇതിൽ 1859 സെപ്റ്റംബർ 2-ന് അതിശക്തമായ കോസ്മിക് തരംഗങ്ങൾ സൂര്യനിൽ നിന്ന് ഭൂമിയിലെത്തിയ പ്രതിഭാസമാണ് കാരിങ്ടൺ ഇവന്റ് എന്നറിയപ്പെടുന്നത്.
കാരിങ്ടൺ ഇവന്റിനെത്തുടർന്ന് യൂറോപ്പിലുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ അസാധാരണമായ പ്രകാശമുള്ള അറോറകൾ ദൃശ്യമായി. ടെലിഗ്രാഫ് സംവിധാനങ്ങളിലും വ്യാപകമായ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നത്തെ കാലത്ത് സമാനമായ അതിതീവ്രമായ സൗരകൊടുങ്കാറ്റ് ഉണ്ടായാൽ ഉപഗ്രഹങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വൈദ്യുത ശൃംഖലകൾ തുടങ്ങിയ നിർണായക സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളെ ബാധിക്കുകയും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കും.
തിരുവനന്തപുരം ഒബ്സർവേറ്ററിയിലെ ചരിത്രരേഖകളുടെ വിശകലനത്തിൽ, 1859 ഓഗസ്റ്റ് 16, 29 തീയതികളിൽ ഭൂമിയിൽ പതിച്ച സൗര പ്ലാസ്മാ തരംഗങ്ങൾ ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ചതായി കണ്ടെത്തി. തുടർന്ന് ഉണ്ടായ സൗര പ്ലാസ്മാ സ്രവങ്ങളിൽ നിന്നുള്ള തരംഗങ്ങൾ ഭൂമിയിലെത്തിയപ്പോൾ ശക്തമായ ഭൂകാന്തിക കൊടുങ്കാറ്റിന് കാരണമായതായി പഠനം സൂചിപ്പിക്കുന്നു.
സെപ്റ്റംബർ 5, 13, 15 തീയതികളിലും പ്ലാസ്മാ തരംഗങ്ങളുടെ ആഘാതം തിരുവനന്തപുരം ഒബ്സർവേറ്ററിയിലെ രേഖകളിൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഇതിൽ 1859 ഓഗസ്റ്റ് 16-ന് ഉണ്ടായ സൗര പ്ലാസ്മാ തരംഗത്തിന്റെ ആഘാതം തിരുവനന്തപുരം ഒബ്സർവേറ്ററിയിലെ രേഖകളിൽ കണ്ടെത്തിയത് പുതിയ കണ്ടെത്തലാണ്.
തുടർച്ചയായി ഉണ്ടായ സൗര പ്ലാസ്മാ തരംഗങ്ങൾ ഭൂമിയുടെ മാഗ്നറ്റോസ്ഫിയറിനെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നൽകുന്നതാണ് ഈ കണ്ടെത്തൽ. ഒരു ഒറ്റപ്പെട്ട സൗരസംഭവമെന്നതിനപ്പുറം, തുടർച്ചയായ ഈ പ്രതിഭാസത്തിന്റെ സംയോജിത ആഘാതവും അതിന്റെ ഫലമായി ഭൂമിയുടെ കാന്തികക്ഷേത്രത്തിലുണ്ടാകുന്ന മാറ്റങ്ങളും ഭൂകാന്തിക കൊടുങ്കാറ്റുകളുടെ തീവ്രത മനസ്സിലാക്കുന്നതിൽ പ്രധാനമാണെന്ന് പഠനം വ്യക്തമാക്കുന്നു.
ഭൂകാന്തിക കൊടുങ്കാറ്റുകളുടെ മാതൃക, ഉപഗ്രഹങ്ങളുടെ സുരക്ഷ, അതിതീവ്രമായ ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് എന്നിവയുൾപ്പെടെയുള്ള ബഹിരാകാശ കാലാവസ്ഥാ ഗവേഷണത്തിനും ഈ കണ്ടെത്തലുകൾക്ക് പ്രാധാന്യമുണ്ട്.
Hindusthan Samachar / CHANDHU CHANDRASEKHAR