Enter your Email Address to subscribe to our newsletters

Pathanamthitta , 19 സെപ്റ്റംബര് (H.S.)
കോന്നി താലൂക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പ്ലസ് ടു വിദ്യാർഥിനിക്ക് മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിം മാറി നൽകിയതായി പരാതി. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്ന കൂടൽ സ്വദേശിനിയായ 16കാരിക്കാണ് ആശുപത് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച നേരിട്ടത്.
ഈ മാസം 14-നാണ് ശ്വാസംമുട്ടലിനെ തുടർന്ന് പെൺകുട്ടി കോന്നി മെഡിക്കൽ കോളജിൽ എത്തിയത്. പരിശോധനയുടെ ഭാഗമായി ഡോക്ടറുടെ നിർദേശപ്രകാരം എക്സ്റേ എടുക്കുകയായിരുന്നു. തുടർന്ന് നൽകിയ എക്സ്റേ ഫിലിം പരിശോധിച്ച് ഡോക്ടർമാർ ചികിത്സ ആരംഭിക്കുകയും ചെയ്തു.എക്സ് റേ പരിശോധിച്ചശേഷം പെൺകുട്ടിയെ പരിശോധിച്ച ഡോക്ടര് കുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്നും അതുകൊണ്ടാണ് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതെന്നും പറഞ്ഞതായി പെൺകുട്ടിയുടെ മാതാവിൻ്റെ സുഹൃത്തായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ഡോക്ടർ നല്കിയ മരുന്നുകള് മൂന്നുദിവസം കഴിച്ചതായും പെണ്കുട്ടി പറയുന്നു. എക്സ് റേ എടുത്ത് മരുന്ന് കഴിച്ചിട്ടും അസുഖം മാറാതെ വന്നതോടെ പെൺകുട്ടി പത്തനംതിട്ട ജനറല് ആശുപത്രിയില് ചികിത്സക്കായി എത്തി. ഇവിടുത്തെ ഡോക്ടർ പെൺകുട്ടി നൽകിയ എക്സ് റേ പരിശോധിച്ചു. പരിശോധനയിൽ ഇത് 88 കാരിയായ മറ്റൊരു രോഗിയുടേത് ആണെന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേ ഡോക്ടര് അറിയിച്ചതായി കുട്ടിയുടെ മാതാപിതാക്കളും മാധ്യമങ്ങളോട് പറഞ്ഞു.
വിവരം അറിഞ്ഞു വിദേശത്തുള്ള പെൺകുട്ടിയുടെ മാതാവ് പല തവണ തന്നെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കിയെന്നും 88 കാരി കഴിക്കേണ്ട മരുന്ന് 16 കാരി കഴിച്ചപ്പോൾ ഭാവിയിൽ എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടാകുമെന്ന് ആശങ്കയുണ്ടെന്നും പിഴവ് വരുത്തിയവർക്കെതിരെ ശക്തമായ നടപടികൾ വേണമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. എക്സ് റേ ഫിലിമിലെ രോഗിയുടെ പേരും വയസും ശ്രദ്ധിക്കാതെ ഇത് പരിശോധിച്ച ഡോക്ടര് പെണ്കുട്ടിക്ക് മരുന്നു കുറിച്ചു നൽകുകയായിരുന്നു എന്നാണ് പരാതി.
സംഭവത്തിൽ മെഡിക്കൽ കോളജ് റേഡിയോളജി വിഭാഗത്തിനും ജീവനക്കാർക്കുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് തെറ്റായ എക്സ്റേയുടെ അടിസ്ഥാനത്തിൽ ചികിത്സ നൽകിയത് ആരോഗ്യത്തിന് ഭീഷണിയായേക്കാമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി.
എന്നാല് എക്സ് റേ മാത്രം നോക്കിയല്ല രോഗിക്ക് മരുന്ന് നല്കുന്നതെന്നാണ് കോന്നി മെഡിക്കല് കോളജ് സൂപ്രണ്ട് നൽകുന്ന വിശദീകരണം. സംഭവത്തില് വകുപ്പ് മേധാവിയോടും ഡോക്ടര്മാരോടും വിശദീകരണം ആവശ്യപ്പെട്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി. സംഭവത്തില് ജില്ല പൊലീസ് മേധാവിക്കും കുടുംബം പരാതി നല്കി. ഈ ഗുരുതര വീഴ്ചയെത്തുടർന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും കോന്നി എസ്.എച്ച്.ഓയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR