Enter your Email Address to subscribe to our newsletters

Ernakulam , 19 സെപ്റ്റംബര് (H.S.)
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ട കേസ് നൽകി നടി മഞ്ജു വാര്യർ. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെയാണ് നടിയുടെ നിയമനടപടി.
സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്ത തന്റെ ചിത്രങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും ഹർജിയിൽ മഞ്ജു വാര്യർ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സനല് കുമാര് ശശിധരന് പുറമേ ഓണ്ലൈന് മാധ്യമപ്രവര്ത്തകനായ ഷാജന് സ്കറിയെ രണ്ടാം പ്രതിയാക്കിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങൾ വഴി തന്നെ നിരന്തരം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ നേരത്തെയും പൊലീസിൽ പരാതി നൽകിയിരുന്നു.
മഞ്ജു സെക്സ് റാക്കറ്റിൻ്റെ പിടിയിലാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം നടത്തിയിരുന്നു സനല്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ തെരുവിൽ വച്ചാണ് സനൽ കുമാറിൻ്റെ പ്രതിഷേധസമരം.
തൻ്റെ പേരിലുള്ള കേസിൽ അന്വേഷണം നടത്താതിനെ തുടർന്നാണ് സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചത് എന്നാണ് സംവിധായകൻ്റെ വാദം. ഗുരുതര ആരോപണമാണ് താൻ ഉന്നയിച്ചതെന്നും താൻ പോരാടുന്നത് വലിയൊരു മാഫിയയ്ക്കെതിരെയാണെന്നും സനൽ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പൊതുസമൂഹം തന്നെ പിന്തുണയ്ക്കണമെന്നും സനൽ അഭ്യർഥിച്ചിരുന്നു
'കഴിഞ്ഞ നൂറ് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പൊതു സമൂഹം ഉണരുന്നില്ല, കേരള സർക്കാർ ഇതേപ്പറ്റി അന്വേഷിക്കാൻ തയാറാകുന്നില്ല. എൻ്റെ വിഷയം വളരെ സാമൂഹിക പ്രസക്തി ഉള്ളതായിട്ടും ഇതുവരെ അനുഭാവം പ്രകടിപ്പിച്ച് ഒരാളും മുന്നോട്ടു വന്നിട്ടില്ല. ഇതൊരു സാമൂഹ്യ പ്രശ്നമാണ്, വ്യക്തിപരമായ വിഷയമല്ല. വളരെ ഗുരുതരമായ ആരോപണമാണ് ഞാൻ ഉന്നയിച്ചിട്ടുള്ളത്. ഇതെൻ്റെ മാത്രം വിഷയമല്ല, എനിക്കെതിരെ എന്തുതരം ആക്രമണം വേണമെങ്കിലും ഉണ്ടാകാം' സനൽ പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധങ്ങൾ എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് സിനിമാ നടി മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം അദ്ദേഹത്തിൻ്റെ അവകാശമാണെങ്കിലും, മഞ്ജു വാര്യർ സെക്സ് റാക്കറ്റിൻ്റെ പിടിയിലാണെന്ന വാദം കേവലം ജല്പനം മാത്രമാണെന്നും അവർ കുറിപ്പിൽ പറയുന്നു.
നേരത്തെ സനൽകുമാർ ശശിധരനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ഡോ ബിജു രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീയെ പൊതുസമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നതിനു തുല്യമാണ് സനലിൻ്റെ ഈ പ്രവൃത്തിയെന്ന് ഡോ. ബിജു സമൂഹ മാധ്യമത്തിൽ പറഞ്ഞിരുന്നു. സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജ്ജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിൽ കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR