Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 സെപ്റ്റംബര് (H.S.)
അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ (RBC) ഉയർന്ന ജിഎസ്ടി വെട്ടിപ്പ് ആരോപണങ്ങളിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ-നിയമ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
മെസി വരാത്തതു കൊണ്ട് ജിഎസ്ടി അടയ്ക്കേണ്ടതില്ലെന്നായിരുന്നു മുൻധനമന്ത്രി തോമസ് ഐസക്കിൻ്റെ വാദം. ഒരു സേവനവും നടന്നിട്ടില്ലെങ്കിൽ പിന്നെ എവിടെയാണ് ജിഎസ്ടി ബാധ്യത വരുന്നതെന്ന ഐസക്കിൻ്റെ ചോദ്യമാണ് ചർച്ചകൾക്ക് വഴിതെളിച്ചത്.
എന്നാല് വിഷയത്തിൽ ജിഎസ്ടി അടയ്ക്കേണ്ടതില്ലെന്ന വാദം ശരിയല്ലെന്നാണ് ജിഎസ്ടി നിയമവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. ജിഎസ്ടി നിയമത്തിലെ സെക്ഷൻ 13 (Time of Supply of Services) പ്രകാരം ഒരു സേവനത്തിന്മേൽ ജിഎസ്ടി ബാധ്യത ഉണ്ടാകുന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ജിഎസ്ടി പ്രാക്ടീഷണറായ അജിത് പറഞ്ഞു.
സേവനങ്ങൾക്കോ സാധനങ്ങൾക്കോ പണം കൈപ്പറ്റി ഇൻവോയ്സ് നൽകുന്ന തീയതി, പണം/ അഡ്വാൻസ് കൈപ്പറ്റുന്ന തീയതി എന്നിവയിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അപ്പോൾ മുതൽ ജിഎസ്ടി അടയ്ക്കാൻ നിയമപരമായി ബാധ്യതയുണ്ടാകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ മെസിയുടെ വരവുമായി ബന്ധപ്പെട്ട് സ്പോൺസർ അടച്ച പണത്തിന് ജിഎസ്ടി നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിയമപ്ര കാരം, ഭാവിയിൽ വിദേശ ടീം വന്നില്ലെങ്കിലും, ആ സേവനത്തിനായി തുക അഡ്വാൻസ് ആയി കൈമാറുന്ന നിമിഷം തന്നെ ജിഎസ്ടി അടയ്ക്കാനുള്ള നിയമപരമായ ബാധ്യതയാണ് ഉണ്ടാകുന്നതെന്നും വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു.
ഒരു സേവനത്തിനായി അഡ്വാൻസ് വാങ്ങി നികുതി അടച്ച ശേഷം ആ കളി അല്ലെങ്കിൽ പരിപാടി റദ്ദാക്കപ്പെട്ടാൽ നികുതി തുക നഷ്ടപ്പെടില്ല. ഇതിനായി വ്യക്തമായ വഴികള് നിയമത്തിൽ സൂചിപ്പിക്കുന്നുണ്ട് . സെക്ഷൻ 34 പ്രകാരം ക്രെഡിറ്റ് നോട്ട് നൽകി ഭാവിയിലെ ടാക്സ് ബാധ്യതയിൽ ക്രമീകരിക്കാം. ഇതുമല്ലെങ്കിൽ അടച്ച നികുതി തിരികെ ലഭിക്കാൻ ജിഎസ്ടി വകുപ്പിൽ റീഫണ്ട് അപേക്ഷ സമർപ്പിക്കാം. സാധാരണക്കാർ ഒരു ചെറിയ ഉൽപ്പന്നം വാങ്ങുമ്പോൾ പോലും കൃത്യമായി നികുതി ഈടാക്കുമ്പോൾ, കോടികളുടെ അഡ്വാൻസ് ഇടപാടുകളിൽ ''പരിപാടി നടന്നില്ല, അതുകൊണ്ട് ടാക്സുമില്ല'' എന്ന വാദം നിലനിൽക്കുന്നതല്ലെന്നും ഇതിൽ നിന്ന് വ്യക്തമാക്കപ്പെടുന്നു.
അർജൻ്റീനയുമായുള്ള കരാർ റദ്ദായാതോടെ സേവനം ഇല്ലാതായെന്നും അങ്ങനെ ഒരു വർഷം മുൻപ് അവസാനിച്ച സേവനത്തിൻ്റെ നികുതി പിരിക്കാനാണ് മുഖ്യമന്ത്രി ഇറങ്ങിയിരിക്കുന്നതെന്നുമായിരുന്നു തോമസ് ഐസക്കിൻ്റെ വിമർശനം. സപ്ലൈയില്ലാത്ത കാര്യത്തിന് ജിഎസ്ടി അടയ്ക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യവും രാഷ്ട്രീയ - നിയമവൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
എസ്ഐടി കണ്ടെത്തിയത് 25.78 കോടിയുടെ വെട്ടിപ്പ്
മെസിയുടെ വരവുമായി ബന്ധപ്പെട്ട് 25.78 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടന്നതായി സംസ്ഥാന ധനവകുപ്പിൻ്റെ പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2025-ൽ രണ്ട് ഗഡുക്കളായി ഒരു വിദേശ സ്ഥാപനത്തിന് 126 കോടി രൂപ കൈമാറിയതായി അന്വേഷണത്തിൽ തെളിഞ്ഞത്. ഇതിൽ 77.16 കോടി രൂപ ജൂണിലും ബാക്കി തുക നവംബറിലുമാണ് കൈമാറിയത്. മുൻകൂറായി നൽകിയ തുകയാണെങ്കിൽ പോലും അതിന് ജിഎസ്ടി ബാധകമാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR