Enter your Email Address to subscribe to our newsletters

Kollam , 19 സെപ്റ്റംബര് (H.S.)
മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവത്തിൽ വിശദീകരണവുമായി ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടന്നെന്ന പരാതികളെ തുടർന്ന് വകുപ്പുതല അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
പാൽ സംഭരണത്തിലും വിതരണത്തിലും ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ പാൽ വിതരണം ചെയ്തതടക്കം ഗുരുതരമായ വീഴ്ചകൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ഈ നിർണ്ണായക ഇടപെടലെന്നും മന്ത്രി കൂട്ടിച്ചേർത്തു
ഗുണനിലവാരം കുറഞ്ഞ പാൽ വിതരണം ചെയ്തു
ബന്ധപ്പെട്ട ഡിപ്പാർട്മെൻ്റ് വിശദമായ അന്വേഷണം നടത്തും. എണ്ണമറ്റ ക്രമക്കേടുകൾ പ്രഥമ ദൃഷ്ടിയാൽ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്നും മന്ത്രി വ്യക്തമാക്കി.
''എന്ത് അഴിമതിയും കാണിച്ചിട്ട് രാഷ്ട്രീയ പ്രേരിതം എന്ന കവചം തീർക്കൽ കേരളത്തിൽ നടക്കില്ലല്ലോ. രാഷ്ട്രീയമായി ഒന്നും ചെയ്യുന്നില്ല, അവിടെ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. മിൽമയുടെ നിലനിൽപ്പ്, നല്ല രീതിയിലുള്ള മുന്നോട്ടുപോക്ക് അത് മാത്രമാണ് ക്ഷീരവികസന വകുപ്പിൻ്റെ ലക്ഷ്യം.
യൂണിയൻ പിരിച്ചുവിടാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന മിൽമ മുൻ ചെയർമാൻ്റെ വാദം തെറ്റാണ്. ആര് തീരുമാനിച്ചിരുന്നു, അദ്ദേഹം തീരുമാനിച്ചിരുന്നോ എന്നറിയില്ല. ക്ഷീരവികസന വകുപ്പിന് ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടി. തുടർനടപടികൾ നിയമപരമായിട്ട് തന്നെ മുന്നോട്ടു പോകും. സർക്കാരിൻ്റെ കാര്യമായ ഇടപെടൽ അക്കാര്യത്തിൽ ആവശ്യമില്ല, ഡിപ്പാർട്ട്മെൻ്റ് തലത്തിൽ അന്വേഷണം ഉണ്ടാകും,'' മന്ത്രി വ്യക്തമാക്കി.മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടത് ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ
വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടത്. നെയ്യ് മോഷണം, പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് നൽകി. ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും ഏറ്റെടുക്കുകയായിരുന്നു.
കാസർകോട് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27 ലക്ഷത്തിലധികം രൂപ നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തൽ. നഷ്ടം വന്ന തുക പിടിച്ചെടുക്കാതെ കണക്കിൽ കുറവ് ചെയ്ത് ക്രമക്കേട് നടത്തുകയായിരുന്നു. മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം ഉണ്ടാകുകയും പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ 84,45,000 രൂപയുടെ ക്രമക്കേട് നടത്തുകയും ചെയ്തുവെന്നും കണ്ടെത്തലുണ്ട്. 50 ലക്ഷത്തിൻ്റെ ഗ്രാൻഡ് ലഭിക്കാൻ 25 ലക്ഷം ചെലവാക്കി മാനേജിങ് ഡയറക്ടർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും കണ്ടെത്തലുണ്ട്.
മലബാറിലെ ആറ് ജില്ലകളിലാണ് മലബാർ മിൽമ യൂണിയൻ പ്രവർത്തിക്കുന്നത്. കണ്ടെത്തിയ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് ഭരണസമിതി പിരിച്ചുവിടാനുള്ള നടപടി സ്വീകരിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR