മുംബൈയ്ക്കെതിരെ ഒരു വിക്കറ്റ് വിജയം, ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെൻ്റിൽ വിജയം തുടർന്ന് കേരളം
Oman, 19 സെപ്റ്റംബര് (H.S.) ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെൻ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന് വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ കരുത്തരായ മുംബൈയെ ഒരു വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 42.3 ഓവറിൽ 1
ഒമാൻ ക്രിക്കറ്റ്


Oman, 19 സെപ്റ്റംബര് (H.S.)

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെൻ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന് വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ കരുത്തരായ മുംബൈയെ ഒരു വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 42.3 ഓവറിൽ 186 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 44.4 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ അഖിൽ സ്കറിയയുടെ ഓൾറൗണ്ട് മികവാണ് കേരളത്തിന് വിജയം ഒരുക്കിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയുടെ മുൻനിര കേരളത്തിൻ്റെ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ആദ്യ ആറ് ബാറ്റർമാരിൽ 19 റൺസെടുത്ത സുമീർ സവേരി മാത്രമാണ് രണ്ടക്കം കണ്ടത്. വിക്കറ്റുകൾ മുറയ്ക്ക് വീണതോടെ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 45 റൺസെന്ന നിലയിലായിരുന്നു മുംബൈ. ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന വേദാന്ത് മുർക്കാറും മാക്സ്വെൽ ഡേവിഡും ചേർന്ന 98 റൺസ് കൂട്ടുകെട്ടാണ് മുംബൈയുടെ സ്കോർ 186ൽ എത്തിച്ചത്. വേദാന്ത് 50 റൺസെടുത്ത് പുറത്തായപ്പോൾ മാക്സ്വെൽ 64 റൺസുമായി പുറത്താകാതെ നിന്നു. 8.3 ഓവറിൽ 32 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഖിൽ സ്കറിയയാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനും തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. വത്സൽ ഗോവിന്ദ് 17-ഉം ക്യാപ്റ്റൻ കൃഷ്ണപ്രസാദ് അഞ്ചും ഗോവിന്ദ് ദേവ് പൈ 11-ഉം റൺസ് നേടി മടങ്ങി. അഖിൽ സ്കറിയയും രോഹൻ നായരും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. രോഹൻ 44 റൺസെടുത്ത് പുറത്തായി. മറുവശത്ത് ഉറച്ചുനിന്ന അഖിൽ സ്കറിയയുടെയും വാലറ്റത്ത് തകർത്തടിച്ച ആനന്ദ് ജോസഫിന്റെയും പ്രകടനമാണ് കേരളത്തിന് വിജയമൊരുക്കിയത്. അഖിൽ സ്കറിയ 39-ഉം ആനന്ദ് ജോസഫ് 29 പന്തുകളിൽ നിന്ന് 36-ഉം റൺസെടുത്തു. മുംബൈയ്ക്ക് വേണ്ടി മാക്സ്വെൽ ഡേവിഡ് മൂന്നും ഇർഫാൻ ഉമൈർ, കാർത്തിക് ഷാജി, സായ്രാജ് പാട്ടീൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News