സംസ്ഥാനത്ത് ‘ഓപ്പറേഷൻ തണ്ടർ’ ശക്തം: കോട്ടയത്തിന് പിന്നാലെ പെരുമ്പാവൂരിലും വൻ ഹാൻസ് വേട്ട; അന്വേഷണം ഊർജിതമാക്കി എക്സൈസ്
Ernakulam , 19 സെപ്റ്റംബര് (H.S.) സംസ്ഥാനത്തുടനീളം ലഹരിമരുന്നുകൾക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കുമെതിരെ എക്സൈസ് നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിൽ കോടികളുടെ ഹാൻസ് ശേഖരം പിടികൂടി. കോട്ടയത്തെ വൻ വേട്ടയ്ക്ക് തൊട്ടുപിന്നാലെ പെരുമ്പാവൂരിലും വൻശേ
Operation Thunder


Ernakulam , 19 സെപ്റ്റംബര് (H.S.)

സംസ്ഥാനത്തുടനീളം ലഹരിമരുന്നുകൾക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കുമെതിരെ എക്സൈസ് നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിൽ കോടികളുടെ ഹാൻസ് ശേഖരം പിടികൂടി. കോട്ടയത്തെ വൻ വേട്ടയ്ക്ക് തൊട്ടുപിന്നാലെ പെരുമ്പാവൂരിലും വൻശേഖരം വലയിലായതോടെ എക്സൈസ് സംയുക്തസംഘം അന്വേഷണം കൂടുതൽ ഊർജിതമാക്കി.

കോട്ടയം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ ഏകദേശം 1.30 കോടി രൂപ (ഒരു കോടി മുപ്പത് ലക്ഷം രൂപ) വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.

പെരുമ്പാവൂരിൽ അടഞ്ഞുകിടന്ന രണ്ട് വൻ ഗോഡൗണുകളിൽ നിന്ന് മാത്രം 26.5 ലക്ഷം രൂപ വിപണി വില വരുന്ന 26,250 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കോട്ടയത്ത് നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂരിലേക്കും എക്സൈസ് സംഘത്തിൻ്റെ അന്വേഷണം തിരിഞ്ഞത്. ലഹരി വിരുദ്ധ ബോധവത്കരണത്തോടൊപ്പം സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിശോധനയാണ് ഓപ്പറേഷൻ തണ്ടർ. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ പരിശോധനകളാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നത്.

പെരുമ്പാവൂർ ലോറി സ്റ്റാൻഡിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗോഡൗണുകളിൽ കാലിത്തീറ്റ സംഭരിച്ചിരിക്കുകയാണ് എന്ന വ്യാജേനയാണ് ലഹരി ഉത്പന്നങ്ങൾ ഒളിപ്പിച്ചിരുന്നത്. കാലിത്തീറ്റ ചാക്കുകൾ എന്ന പേരിൽ രാത്രി കാലങ്ങളിൽ ലോറികളിലും മറ്റ് വാഹനങ്ങളിലുമായി എത്തിക്കുന്ന ഹാൻസ്, പൂട്ടിക്കിടക്കുന്ന ഈ ഗോഡൗണുകളിലേക്ക് രഹസ്യമായി മാറ്റുകയായിരുന്നു.

സ്ഥലമുടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടത്തിൻ്റെ പൂട്ട് പൊളിച്ചാണ് എക്സൈസ് പരിശോധന നടത്തിയത്. വിപണിയിൽ വൻ വില ഈടാക്കി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഹാൻസ് ചാക്കുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കോട്ടയം, കൊല്ലം സ്വദേശികളായ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ കേന്ദ്രീകരിച്ച് ഊർജിതമായ തിരച്ചിൽ ആരംഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എക്സൈസ് കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്ടർമാരായ എം.പി. പ്രമോദ്, ഫിലിപ്പ് തോമസ്, പെരുമ്പാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, ഇൻസ്പെക്ടർമാരായ ടി. സബ്ബിൻ, രാജേഷ് കുമാർ, എറണാകുളം ഇൻ്റലിജൻസ് വിഭാഗം പ്രിവൻ്റീവ് ഓഫിസർ ജിമ്മി, പ്രിവൻ്റീവ് ഓഫിസർമാരായ പി.എസ്. സുനിൽ, എ.എ. അൻവർ, സിവിൽ എക്സൈസ് ഓഫിസർമാരായ അഖിലേഷ് വേലായുധൻ, മുരളി കൃഷ്ണ, ഡ്രൈവർമാരായ അനീഷ് കുമാർ, ബിജോ ഡൊമിനിക് എന്നിവരടങ്ങുന്ന എക്സൈസ് കമ്മിഷണറുടെ സ്പെഷ്യൽ സ്ക്വാഡും, എക്സൈസ് ഇൻ്റലിജൻസ് ടീമും, പെരുമ്പാവൂർ റേഞ്ച് ടീമും ചേർന്നാണ് ഈ വൻ റെയ്ഡിന് നേതൃത്വം നൽകിയത്.

കേസിലെ പ്രധാന കണ്ണികളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. എക്സൈസ് മന്ത്രി എം. ലിജുവിൻ്റെ നിർദേശപ്രകാരം സംസ്ഥാനത്തുടനീളം പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ മിന്നൽ പരിശോധനകൾ തുടരുമെന്നാണ് എക്സൈസ് വകുപ്പ് നൽകുന്ന സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News