Enter your Email Address to subscribe to our newsletters

Kannur , 19 സെപ്റ്റംബര് (H.S.)
കേരളത്തിലെ ക്യാമ്പസുകളിലും സ്കൂളുകളിലും ഇടത് വിദ്യാർഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കൈവരിച്ച തിളക്കമാർന്ന വിജയം ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവിന്റെ സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു പരാജയത്തോടെ ഒന്നും അവസാനിക്കുന്നില്ലെന്ന് യുവതലമുറ വ്യക്തമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
കേരളത്തിലെ വിദ്യാർഥി സമൂഹം വീണ്ടും ഇടതുപക്ഷ ആശയങ്ങളോട് ചേന്നുനിൽക്കുന്നു എന്നതിന്റെ തെളിവാണ് ക്യാമ്പസ് ഇലക്ഷൻ ഫലങ്ങൾ. വർഗീയതയ്ക്കും തെറ്റായ രാഷ്ട്രീയ പ്രവണതകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാൻ എസ്.എഫ്.ഐക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ തലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രസ്ഥാനം നേടിയ വൻ മുന്നേറ്റത്തിന്റെ കണക്കുകൾ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
കേരള സർവകലാശാല: 71-ൽ 62 യൂണിയനുകൾ
കണ്ണൂർ സർവകലാശാല: 77-ൽ 53 യൂണിയനുകൾ
പോളിടെക്നിക് യൂണിയനുകൾ: 55-ൽ 45 എണ്ണം
സ്കൂൾ പാർലമെൻ്റ്: 699-ൽ 604 എണ്ണം
ഭരണത്തിൻ്റെ യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയുന്നു
കഴിഞ്ഞ മൂന്ന് മാസത്തെ യു.ഡി.എഫ് ഭരണത്തിനെതിരെ ജനങ്ങൾക്കിടയിൽ ഉയർന്നുവരുന്ന അമർഷത്തിൻ്റെ ആദ്യ പ്രതിഫലനമാണ് വിദ്യാർഥി സമൂഹത്തിൻ്റെ ഈ ജനവിധിയെന്ന് പിണറായി വിജയൻ വ്യക്തമാക്കി. പവർകട്ട്, ലൈഫ് പദ്ധതിയുടെ മന്ദഗതി, പെൻഷൻ മുടങ്ങൽ, റേഷൻ വിതരണത്തിലെ അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾ ആശങ്കാകുലരാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വാഗ്ദാനങ്ങളിൽ നിന്ന് വേറിട്ട് ഭരണത്തിൻ്റെ യാഥാർത്ഥ്യം ജനങ്ങൾ വിലയിരുത്തിത്തുടങ്ങിയതിൻ്റെ തെളിവാണ് ക്യാമ്പസുകളിൽ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ഉത്തരവാദിത്തം ഏറ്റെടുക്കണം
ക്യാമ്പസുകളും സ്കൂളുകളും നൽകിയ ഈ വൻ പിന്തുണ വലിയൊരു ഉത്തരവാദിത്തമാണെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും സാമൂഹിക നീതിക്കുമായി കൂടുതൽ ശക്തമായി ഇടപെടാൻ വിജയിച്ച പ്രവർത്തകർ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിജയിച്ച എല്ലാ എസ്.എഫ്.ഐ സ്ഥാനാർഥികളെയും പ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ടാണ് പിണറായി തൻ്റെ പ്രസ്താവന അവസാനിപ്പിച്ചത്.
ക്യാമ്പസുകളിൽ ചുവപ്പലയടിച്ച് എസ്എഫ്ഐ; സർവകലാശാലകളിൽ ചരിത്ര വിജയം
സംസ്ഥാനത്തെ കലാലയ യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ മുന്നേറ്റം. പ്രഖ്യാപിക്കപ്പെട്ട ഫലങ്ങളിൽ വൻ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ തങ്ങളുടെ മേധാവിത്വം നിലനിർത്തിയത്. കേരള, കണ്ണൂർ സർവകലാശാലകളിലും പോളിടെക്നിക്, സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിലും ചരിത്രവിജയമാണ് സംഘടന സ്വന്തമാക്കിയത്.
കേരള സർവകലാശാലയ്ക്ക് കീഴിലെ 71 കോളജുകളിൽ 62 ഇടത്തും ഉജ്ജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്. കണ്ണൂർ സർവകലാശാലയിൽ ആകെയുള്ള 77 കോളജുകളിൽ 53 ക്യാമ്പസുകളും ചുവപ്പണിഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും സംഘടനയുടെ കരുത്ത് തെളിയിക്കുന്നതാണ് പോളിടെക്നിക് കോളജ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. സംസ്ഥാനത്തെ 55 പോളിടെക്നിക്കുകളിൽ 45 എണ്ണത്തിലും എസ്എഫ്ഐ ഉജ്ജ്വല വിജയം സ്വന്തമാക്കി.
ഉന്നതവിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, സ്കൂൾ തലത്തിലും എസ്എഫ്ഐ തരംഗം ദൃശ്യമായി. സംസ്ഥാനത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്ന 699 സ്കൂളുകളിൽ 604 ഇടത്തും ഭൂരിപക്ഷം നേടി സംഘടന വൻ കുതിപ്പ് നടത്തി. വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്കും ക്യാമ്പസുകളിലെ ജനാധിപത്യ മൂല്യങ്ങൾക്കും വിദ്യാർഥി സമൂഹം നൽകിയ അംഗീകാരമാണ് ഈ ഉജ്ജ്വല വിജയമെന്ന് എസ്എഫ്ഐ നേതൃത്വം പ്രതികരിച്ചു. സംഘടനയെ നെഞ്ചിലേറ്റിയ മുഴുവൻ വിദ്യാർഥികൾക്കും അഭിവാദ്യങ്ങൾ നേരുന്നതായും നേതൃത്വം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR