Enter your Email Address to subscribe to our newsletters

Kozhikode , 19 സെപ്റ്റംബര് (H.S.)
രാജ്യത്തുണ്ടായ ഭീമമായ നെല്ല് ഉത്പാദനക്കുറവ് കേരളത്തിലെ അരി വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. അയൽസംസ്ഥാനങ്ങളിലുണ്ടായ രൂക്ഷമായ മഴക്കമ്മിയും ജലക്ഷാമവുമാണ് വിപണിയിൽ അരിവില കുതിച്ചുയരാൻ ഇടയാക്കിയത്.
പ്രധാന അരിയിനങ്ങൾക്കെല്ലാം മാസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ കിലോയ്ക്ക് 10 രൂപ മുതൽ 50 രൂപ വരെ വർധിച്ചതായി വലിയങ്ങാടിയിലെ മൊത്തവ്യാപാരികൾ വ്യക്തമാക്കുന്നു. വരവ് കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതും വരും ദിവസങ്ങളിലും വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് സൂചന. അരിവില ഉയർന്നതോടെ സംസ്ഥാനത്തെ സാധാരണക്കാരുടെ കുടുംബ ബജറ്റ് പൂർണമായും താളംതെറ്റിയ അവസ്ഥയിലാണ്.
റേഷൻ വിതരണവും പുതിയ തലമുറയുടെ ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങളും കാരണം പൊതുവിപണിയിലെ അരി വിൽപ്പന പകുതിയായി കുറഞ്ഞതായും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അരി ഉത്പാദനം കുറഞ്ഞതാണ് നിലവിലെ വില വർധനവിന് പ്രധാന കാരണമെന്ന് വന്ദിത ട്രേഡേഴ്സിലെ വ്യാപാരി സുഭാഷ് കെ പി പറഞ്ഞു.
മുൻപ് കിലോയ്ക്ക് 70-75 നിരക്കിലായിരുന്ന പല അരിയിനങ്ങൾക്കും ഇപ്പോൾ 85-87 വരെയായി വില ഉയർന്നു. മുൻപ് 38-40 ആയിരുന്ന കുറുവക്ക് ഇപ്പോൾ 46-50 രൂപ വരെയായി ഉയർന്നു. 50 രൂപ ഉണ്ടായിരുന്ന പൊന്നി അരിക്ക് ഇപ്പോൾ 60 മുതൽ ₹66 വരെയാണ് വിപണി വില. മാസങ്ങളായി 100-102 നിരക്കിലായിരുന്ന കൈമ അരിക്ക് ഇപ്പോൾ 150-155 വരെയായി വർധിച്ചു.
എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മധ്യ-തെക്കൻ ജില്ലകളിൽ ജയ, വടിമട്ട, ഉണ്ടമട്ട എന്നീ അരിയിനങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത്. മലബാറിൽ കുറുവ, പൊന്നി, ബംഗാളിൽ നിന്നുള്ള സ്വർണ്ണ അരി എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. കണ്ണൂർ, തലശ്ശേരി, കാസർകോട് ഭാഗങ്ങളിൽ പൊന്നി അരിയാണ് പ്രധാനം. അരിഭക്ഷണം കഴിക്കുന്നതിൽ ജനങ്ങൾ വരുത്തിയ മാറ്റങ്ങളും റേഷൻ വഴിയുള്ള വിതരണവും കാരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് പൊതുവിപണിയിലെ അരി വിൽപ്പനയിൽ 50 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽസംസ്ഥാനങ്ങളിൽ മഴ കുറഞ്ഞതിനെ തുടർന്ന് നെല്ല് ഉത്പാദനത്തിൽ ഉണ്ടായ വൻ ഇടിവ് കേരളത്തിലെ അരി വിപണിയെയും ബാധിച്ച് തുടങ്ങിയെന്ന് മനക്കൽ ട്രേഡേഴ്സിലെ വ്യാപാരിയായ മുഹമ്മദ് തൻവീർ പറഞ്ഞു. പ്രധാന അരി ഉത്പാദന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ കടുത്ത മഴക്കമ്മി അനുഭവപ്പെട്ടതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
ഡാമുകളിൽ വെള്ളമില്ലാത്തതിനാൽ കർഷകർക്ക് കൃത്യമായി വെള്ളം എത്തിക്കാൻ അവിടുത്തെ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. ആദ്യ വിളവെടുപ്പിൽ വലിയ തോതിൽ ജലക്ഷാമം നേരിട്ടെങ്കിലും, രണ്ടാം വിളവെടുപ്പിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. രാജ്യത്താകമാനം ലക്ഷക്കണക്കിന് മെട്രിക് ടൺ അരിയുടെ കുറവുണ്ടാകുമെന്നാണ് കാർഷിക മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിപണിയില് അരിവില വർധിക്കുന്നത് സാധാരണക്കാരെ ബാധിക്കുമെങ്കിലും, പുതിയ തലമുറയുടെ ഭക്ഷണരീതിയിൽ വന്ന മാറ്റം ഒരു പരിധിവരെ ചോറിൻ്റെ ഉപയോഗം കുറച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻകാലങ്ങളെ അപേക്ഷിച്ച് പുതിയ തലമുറയിൽപെട്ടവർ ഉച്ചയ്ക്കും രാത്രിയും ഒരുപോലെ ചോറ് കഴിക്കുന്നത് കുറവാണ്.
ബസുമതി, ബിരിയാണി അരി എന്നിവയോടും ഷവർമ പോലുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങളോടുമാണ് ഇവർക്ക് താത്പര്യം കൂടുതൽ. എങ്കിലും അരി വിപണിയെയും ചെറുകിട കച്ചവടക്കാരെയും ഈ വിലക്കയറ്റം പ്രതികൂലമായി ബാധിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു. തുടർന്ന് ലഭിക്കുന്ന മഴയുടെ അളവിനെ ആശ്രയിച്ചായിരിക്കും വരും ദിവസങ്ങളിലെ അരി ലഭ്യതയും വിലനിലവാരവും തീരുമാനിക്കപ്പെടുക
കേരളത്തിൽ, പ്രത്യേകിച്ച് മലബാർ മേഖലയിലാണ് അരിയുടെ ലഭ്യതക്കുറവും വിലവർധനവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് നിർമ്മല ട്രേഡേഴ്സിലെ വ്യാപാരിയായ ഇഖ്ബാൽ വ്യക്തമാക്കി. അരിയുടെ വില കുത്തനെ ഉയരുന്നുണ്ടെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് അരിയുടെ ഉപയോഗത്തിലും കച്ചവടത്തിലും കുറവ് വന്നു. പുതിയ തലമുറയുടെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. ഉപഭോഗം കുറഞ്ഞതുകൊണ്ട് മാത്രമാണ് വിപണിയിൽ നിലവിൽ അരിക്ഷാമം കടുക്കാതിരിക്കുന്നത്. ജനങ്ങൾ വ്യാപകമായി അരി ഉപയോഗിച്ചിരുന്നെങ്കിൽ വില ഇനിയും കുത്തനെ ഉയർന്നേനെ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം രാജ്യത്തെ അരി ഉത്പാദനത്തിലും കയറ്റുമതിയിലും ഉണ്ടായ വ്യതിയാനങ്ങൾ കേരളത്തിലെ വിപണിയെ ഭാവിയിൽ വൻതോതിൽ ബാധിക്കില്ലെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റായിരുന്ന ശ്യാം സുന്ദർ പറഞ്ഞു. നിലവിൽ പൊന്നി അരിയുടെ വിലയിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും, ഇത് വിപണിയിലെ താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും വലിയ തരത്തിലുള്ള ഭക്ഷ്യപ്രതിസന്ധിക്ക് സാധ്യതയില്ല.
അരിവില വർധനവും ഉത്പാദന വ്യതിയാനങ്ങളും
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ പൊന്നി അരിക്ക് കിലോയ്ക്ക് 14 രൂപയോളം വർധിച്ചിട്ടുണ്ട്. എന്നാൽ കുറുവ, ജയ തുടങ്ങിയ സാധാരണ അരിയിനങ്ങൾ കിലോയ്ക്ക് നാല് മുതൽ അഞ്ച് രൂപ വരെ മാത്രമാണ് കൂടിയത്. ബംഗാളിൽ ഉത്പാദനം കുറഞ്ഞതിനെ തുടർന്ന് ബിരിയാണി അരിയിനങ്ങൾക്കാണ് മുൻവർഷങ്ങളിൽ വലിയ തോതിൽ വില ഉയർന്നത്.
നിലവിൽ കാലാവസ്ഥാ വ്യതിയാനവും ചില സംസ്ഥാനങ്ങളിലെ വൈദ്യുതി തടസവും കൃഷിയെ ബാധിച്ചിട്ടുണ്ട്. തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബോർവെല്ലുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് നെൽകൃഷിയെ ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കർഷകരുടെ മാറുന്ന കൃഷി രീതികൾ മില്ലുകാരുമായുള്ള കരാറുകളുടെയും കയറ്റുമതി സാധ്യതകളുടെയും അടിസ്ഥാനത്തിൽ കർഷകർ കൂടുതൽ ലാഭകരമായ വിത്തിനങ്ങളിലേക്ക് മാറുന്നുണ്ട്.
ചെലവ് കുറഞ്ഞതും വിപണിയിൽ പെട്ടെന്ന് വിറ്റഴിയുന്നതുമായ നെല്ലിനങ്ങൾ ഉത്പാദിപ്പിക്കാനാണ് കർഷകർ മുൻഗണന നൽകുന്നത്. പോയ സീസണിൽ പൊന്നിക്ക് നല്ല വില ലഭിച്ചതിനാൽ അടുത്ത സീസണിൽ കൂടുതൽ കർഷകർ പൊന്നികൃഷിയിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് വരും മാസങ്ങളിൽ പൊന്നി അരിയുടെ ലഭ്യത കൂട്ടാനും വില കുറയാനും സഹായിക്കും.
കേരളീയരുടെ പരമ്പരാഗത ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങളും അരി വിപണിയെ സ്വാധീനിക്കുന്നുണ്ട്. വൻതോതിൽ അരി മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന് ആളുകൾ മാറിത്തുടങ്ങിയതും, ഹോട്ടൽ ഭക്ഷണങ്ങളെയും മറ്റ് ധാന്യങ്ങളെയും ആശ്രയിക്കുന്നത് വർധിച്ചതും വിപണിയിലെ പെട്ടെന്നുള്ള ഡിമാൻഡ് വലിയ തോതിൽ ഉയരാതിരിക്കാൻ കാരണമാകുന്നുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ കൃത്യമായ ഇടപെടലുകളും ഉദാഹരണത്തിന് പഞ്ചസാര, അരി തുടങ്ങിയവയുടെ പൂഴ്ത്തിവയ്പ്പ് തടയൽ, കേന്ദ്ര പൂളിൽ നിന്നുള്ള വിതരണം വിപണിയിലെ വിലക്കയറ്റം ഒരു പരിധി വരെ തടഞ്ഞുനിർത്താൻ സഹായിക്കുന്നുണ്ട്. അതിനാൽ വരും മാസങ്ങളിൽ കൂടുതൽ വിളവെടുപ്പ് പൂർത്തിയാകുന്നതോടെ വിപണി സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്യാം സുന്ദർ വ്യക്തമാക്കി.
നിലവിലെ ആഗോള പ്രതിസന്ധികളും സാധന സാമഗ്രികളുടെ വിലക്കയറ്റവും കേരളത്തിലെ നിർമ്മാണ മേഖല ഉൾപ്പെടെയുള്ള മറ്റ് മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനൊപ്പം പ്രധാന ഭക്ഷ്യോത്പന്നമായ അരിയും പ്രതിസന്ധി വർധിപ്പിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR