സംസ്ഥാനത്തെ വൃക്ക-കരൾ രോഗികൾക്ക് ആശ്വാസം: 'സമശ്വാസം' പദ്ധതിക്കായി 4.80 കോടി രൂപ അനുവദിച്ച് സർക്കാർ
Thiruvananthapuram, 19 സെപ്റ്റംബര് (H.S.) സംസ്ഥാനത്തെ നിർധനരായ വൃക്ക-കരൾ രോഗികൾക്ക് ആശ്വാസവുമായി കേരള സർക്കാർ. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ''സമശ്വാസം'' പദ്ധതിക്കായി 4.80 കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. സാമൂഹ്യനീതി വകുപ്പിന്
SAMASHWASAM SCHEME KERALA


Thiruvananthapuram, 19 സെപ്റ്റംബര് (H.S.)

സംസ്ഥാനത്തെ നിർധനരായ വൃക്ക-കരൾ രോഗികൾക്ക് ആശ്വാസവുമായി കേരള സർക്കാർ. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള 'സമശ്വാസം' പദ്ധതിക്കായി 4.80 കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (KSSM) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.തുടർച്ചയായി ജീവൻരക്ഷാ ചികിത്സയും സാമ്പത്തിക സഹായവും ആവശ്യമായി വരുന്ന നിർധനരായ രോഗികൾക്ക് ഏറെ ആശ്വാസമേകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം.

ഡയാലിസിസിന് വിധേയരാകുന്നവര്, വൃക്ക, കരള് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ എന്നിങ്ങനെ 3,640 അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിമാസ സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ നൽകുന്നുണ്ടെന്ന് മന്ത്രി വിഇ അബ്ദുൾ ഗഫൂർ പ്രസ്താവനയിൽ അറിയിച്ചു.

രോഗം ബാധിച്ച് അവയവ മാറ്റങ്ങള്ക്ക് വിധേയരായ 360 പേര്ക്കും ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ച 1400 പേര്ക്കും പ്രതിമാസം 1000 രൂപ വീതം ലഭിക്കും. ഇതുകൂടാതെ വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ഡയാലിസിസ് ചെയ്യുന്ന 1680 രോഗികള്ക്ക് പ്രതിമാസം 1100 രൂപയും സിക്കിൾ സെൽ അനീമിയ ബാധിച്ച 200 രോഗികൾക്ക് പ്രതിമാസം 2,000 രൂപയും ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ജീവൻ രക്ഷാ ചികിത്സകൾക്കായി വലിയ തുക ചെലവഴിക്കേണ്ടി വരുന്ന രോഗികൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പദ്ധതിയാണ് സമശ്വാസമെന്ന് എന്ന് അദ്ദേഹം പറഞ്ഞു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിർദ്ദേശവും വകുപ്പുതല വർക്കിങ് ഗ്രൂപ്പിന്റെ അംഗീകാരവും പരിഗണിച്ച ശേഷമാണ് തുക അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

ഗുണഭോക്താക്കൾക്ക് നാല് മാസത്തെ സഹായം ഉൾപ്പെടുന്ന ആദ്യ ഗഡു വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അർഹരായ ഗുണഭോക്താക്കൾക്ക് സാമ്പത്തിക സഹായം ഉടൻ ലഭ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സമര്പ്പിക്കേണ്ട രേഖകള് ഏതെല്ലാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കി വരുന്ന സമാശ്വാസം പദ്ധതിയിൽ നിന്നും ധനസഹായം ലഭിക്കാന് രോഗികള് നിരവധി രേഖകള് സമര്പ്പിക്കേണ്ടതുണ്ട്. രോഗിയുടെ ആധാര് കാര്ഡ്, ബിപിഎല് റേഷന് കാര്ഡ്, ചികിത്സിക്കുന്ന ഡോക്ടര് ഒപ്പിട്ട മെഡിക്കല് സര്ട്ടിഫിക്കറ്റ് (ഡയാലിസിസ്, ശസ്ത്രക്രിയ എന്നിവയുടെ വിവരങ്ങള് ഉള്പ്പെടുത്തിയത്). വരുമാന സര്ട്ടിഫിക്കറ്റ്, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്ബുക്ക് എന്നിവയാണ് സമര്പ്പിക്കേണ്ടത്.

അപേക്ഷ സമര്പ്പിക്കേണ്ടത് ഇങ്ങനെ

- കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്സൈറ്റില് നിന്നും അപേക്ഷാ ഫോം ഡൗണ്ലോഡ് ചെയ്യുക.

- ഫോമില് ആവശ്യപ്പെട്ടിട്ടുള്ള മുഴുവന് വിവരങ്ങളും നല്കിയതിന് ശേഷം അതത് ജില്ലാ സാമൂഹ്യനീതി ഓഫിസിലോ അല്ലെങ്കില് കേരള സാമൂഹ്യ സുരക്ഷാ മിഷന് ഓഫിസിലോ നേരിട്ടോ തപാല് വഴിയോ സമര്പ്പിക്കാം.

- നിലവില് പദ്ധതിയില് ഉള്പ്പെട്ടവര്ക്ക് തുടര്ന്നും ആനുകൂല്യം ലഭിക്കുന്നതിന് ജനുവരി, ജൂണ് മാസങ്ങളില് ലൈഫ് സര്ട്ടിഫിക്കറ്റ് മിഷനിലേക്ക് അയച്ചു കൊടുക്കേണ്ടതുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News