Enter your Email Address to subscribe to our newsletters

Thrissur , 19 സെപ്റ്റംബര് (H.S.)
സംസ്ഥാനത്തെ നിലവിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ യു.ഡി.എഫ് സര്ക്കാരിനെ മാത്രം കുറ്റപ്പെടുത്താനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് സര്ക്കാരിന്റെ പങ്കുകൂടി വിഷയം ചർച്ച ചെയ്യുമ്പോൾ കണക്കിലെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ ഊർജ മേഖലയിലുണ്ടായ വീഴ്ചകളും ദീർഘവീക്ഷണമില്ലാത്ത നയങ്ങളും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ തയ്യാറാണെന്നും, പ്രശ്നത്തിൽ രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം ശാശ്വതമായ പരിഹാരമാണ് കാണേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി കേന്ദ്രത്തിൽ നിന്ന് വൈദ്യുതി ലഭിച്ചതോടെ ക്ഷാമത്തിൻ്റെ തീവ്രത കുറഞ്ഞുവെന്ന് സംസ്ഥാന സർക്കാർ തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എന്താണ് സംഭവിച്ചതെന്നും നിങ്ങൾ കണക്കിലെടുക്കണം. യുഡിഎഫ് സർക്കാരിനെ വിമർശിക്കാൻ ഇതുവരെ സമയം ആയിട്ടില്ല. അതിനുള്ള സമയം ആകട്ടെയെന്നും കാര്യങ്ങൾ വ്യക്തമാകട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
യുഡിഎഫ് സർക്കാരിനെ വിമർശിക്കാൻ വിസമ്മതിക്കുന്നത് കോൺഗ്രസ്-ബിജെപി കരാറുമായി ബന്ധപ്പെട്ടതാണെന്ന ആരോപണത്തെയും അദ്ദേഹം നിരസിച്ചു. ടൂറിസം പദ്ധതി നടപ്പിലാക്കിയതിന് മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിക്കുന്ന തൻ്റെ മുൻ പരാമർശവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
“മുഖ്യമന്ത്രിയെ വിളിച്ച് അറിയിച്ചതിന് ശേഷമാണ് ടൂറിസം മേഖലയിലെ തടസങ്ങൾ നീങ്ങിയത്. എന്തുകൊണ്ടാണ് നിങ്ങൾ ഉടൻ തന്നെ അതിനെ ഒരു ‘കരാറായി’ മാറ്റുന്നത്? അതാണ് നിങ്ങളുടെ രാഷ്ട്രീയം. ആ ആരോപണം ഞാൻ പുച്ഛത്തോടെ തള്ളിക്കളയുന്നു,” സുരേഷ് ഗോപി പറഞ്ഞു.
റിപ്പോർട്ടർ ടിവി റെയ്ഡിൽ പ്രതികരിച്ച് സുരേഷ് ഗോപി
കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫിസിൽ പൊലീസ് നടത്തിയ റെയ്ഡിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും സുരേഷ് ഗോപി പ്രതികരിച്ചു. എല്ലാ പൗരന്മാർക്കും ഒരേ രീതിയിലാണ് റെയ്ഡുകൾ നടത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
പിണറായി വിജയനും കുടുംബവും ഉൾപ്പെട്ട ഇഡി അന്വേഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കോടതി അത് തീരുമാനിക്കണമെന്നായിരുന്നു ഗോപിയുടെ മറുപടി.
ഗുണ്ടാ മനോഭാവമുള്ളവർ പരിശോധനയ്ക്കായി വന്ന ഇഡി ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് നിങ്ങൾ കണ്ടില്ലേയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ നടത്തിയ റെയ്ഡിൽ പരിശോധനയ്ക്ക് ശേഷം മടങ്ങുമ്പോൾ സിപിഐ പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് പരാമർശിച്ച് കൊണ്ട് സുരേഷ് ഗോപി പറഞ്ഞു. പിണറായി വിജയൻ്റെ മകൾ വീണ വിജയനും ഉൾപ്പെട്ട സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് നടന്നത്.
ആർബിസി ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്കിടെ മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ, അത് അന്വേഷിക്കുകയും കണ്ടെത്തലുകൾ ആരോപണത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ഗോപി പറഞ്ഞു.
ഈ ഏജൻസികൾ രാഷ്ട്രീയക്കാർക്കോ മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ വേണ്ടി മാത്രമല്ല, ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. അവർ അവരുടെ ജോലി ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR