Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം ടെക്നോപാർക്കിലെ എഞ്ചിനീയറിങ് ലബോറട്ടറിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ (NABL) അംഗീകാരം. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ ഐ.ടി പാർക്കായി തിരുവനന്തപുരം ടെക്നോപാർക്ക് മാറി.
ടെസ്റ്റിങ്, കാലിബ്രേഷൻ ലബോറട്ടറികളുടെ മികച്ച പ്രവർത്തനക്ഷമതയും ഉയർന്ന നിലവാരത്തിലുള്ള യോഗ്യതാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചതിനാണ് അംഗീകാരമെന്ന് അധികൃതർ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതിക മികവിലും ടെക്നോപാർക്ക് പുലർത്തുന്ന അന്താരാഷ്ട്ര നിലവാരത്തിനുള്ള മികച്ച അംഗീകാരമാണിത്. പുതിയ നേട്ടം ടെക്നോപാർക്കിലെ കമ്പനികൾക്ക് കൂടുതൽ ഗുണകരമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷമാണ് ടെക്നോപാർക്ക് ഒന്നാം ഘട്ട (Phase I) ക്യാമ്പസ് പ്രവർത്തനങ്ങളുടെ ഭാഗമായി സിവിൽ, ഇലക്ട്രിക്കൽ എൻജിനീയറിങ് ലബോറട്ടറികൾ ആരംഭിച്ചത്. എൻഎബിഎൽ അംഗീകാരം ലഭിച്ചതിൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ (IAS) അഭിനന്ദിച്ചു: രാജ്യത്തെ ഏക എൻഎബിഎൽ അംഗീകൃത എഞ്ചിനീയറിങ് ലബോറട്ടറിയുള്ള ഐടി പാർക്കായി ടെക്നോപാർക്ക് മാറി. ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യ വികസനം ഇത് ഉറപ്പ് വരുത്തുന്നു.
നിർമ്മാണ പ്രവർത്തനങ്ങളുടെയും LT, HT സാമഗ്രികൾ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ജോലികളുടെ നിലവാരം ഉറപ്പാക്കുന്നതിലും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഈ സംവിധാനം നിർണായകമാണ്. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സഹ-ഡെവലപ്പർമാർക്ക് ആവശ്യമായ സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും ഈ ലബോറട്ടറി ടെക്നോപാർക്കിനെ പ്രാപ്തമാക്കുന്നു, സിഇഒ പറഞ്ഞു.
ടെക്നോപാർക്കിനും എഞ്ചിനീയറിങ് വിഭാഗത്തിനും ഇതൊരു വലിയ നേട്ടമാണെന്ന് ടെക്നോപാർക്ക് ചീഫ് ടെക്നിക്കൽ ഓഫീസർ മാധവൻ പ്രവീൺ അഭിപ്രായപ്പെട്ടു.ഇതൊരു വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു; ഇതിന് നിരന്തരമായ പരിശ്രമവും അർപ്പണബോധവും മികച്ച ടീം പ്രവർത്തനവും ആവശ്യമായിരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ ഞങ്ങളത് സാധ്യമാക്കി. ഈ മുന്നേറ്റം നിലനിർത്തിക്കൊണ്ട് അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനാണ് ഞങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത് അദ്ദേഹം പറഞ്ഞു.
കൃത്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി എടുക്കുന്ന എഞ്ചിനീയറിങ് തീരുമാനങ്ങൾ, സാമഗ്രികളുടെ പ്രവർത്തനക്ഷമത പരിശോധിക്കൽ, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കൽ, നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കൽ എന്നിവയിലൂടെ ടെക്നോപാർക്കിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിലെ ഗുണനിലവാര നിയന്ത്രണം ശക്തിപ്പെടുത്താൻ NABL അംഗീകൃത ലബോറട്ടറി സഹായിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. പഴയ സാങ്കേതികവിദ്യയുടെ ഒരു നേർക്കാഴ്ച നൽകുന്നതിനായി പുരാതന യന്ത്രസാമഗ്രികളും ലബോറട്ടറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
ടെക്നോപാർക്കിലെ വിവിധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന നിർമ്മാണ-ഇലക്ട്രിക്കൽ സാമഗ്രികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും വിവിധ ഘടകങ്ങൾ പരിശോധിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായാണ് ഈ ലബോറട്ടറികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സ്റ്റാൻഡേർഡ് (IS) മാനദണ്ഡങ്ങൾക്കനുസൃതമായി പരിശോധനകൾ നടത്താനും കൃത്യസമയത്ത് ഫലങ്ങൾ ലഭ്യമാക്കാനും കഴിയുന്ന തരത്തിലാണ് ടെക്നോപാർക്കിൻ്റെ എഞ്ചിനീയറിങ് വിഭാഗം ഈ ലബോറട്ടറികൾ സജ്ജീകരിച്ചിരിക്കുന്നത്.
ടെക്നോപാർക്കിലും പരിസരത്തുമുള്ള ഡെവലപ്പർമാർക്കും കമ്പനികൾക്കും തങ്ങളുടെ നിർമ്മാണ സാമഗ്രികളുടെയും പ്രവർത്തനങ്ങളുടെയും ഗുണനിലവാരം ഉറപ്പു വരുത്താനും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനും ഈ ലബോറട്ടറി ഉപയോഗിക്കാവുന്നതാണ്. എൽഇഡി ഫീക്ചറുകൾ, ഡ്രൈവറുകൾ, മറ്റ് ഘടകങ്ങൾ എന്നിവ നന്നാക്കുന്നതിനുള്ള സൗകര്യങ്ങൾ ഇലക്ട്രിക്കൽ ലബോറട്ടറിയിലുണ്ട്, ഇത് ഇ-മാലിന്യവും ചെലവും കുറയ്ക്കാൻ സഹായിക്കും. വിവിധ പാരാമീറ്ററുകൾക്കായി കോൺക്രീറ്റ്, നിർമ്മാണ വസ്തുക്കൾ എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങൾ നിലവിൽ ലബോറട്ടറിയിലുണ്ട്.
അസിസ്റ്റൻ്റ് വൈസ് പ്രസിഡൻ്റ് (സിവിൽ) രാഹുൽ തമ്പിയും സംഘവുമാണ് സിവിൽ എഞ്ചിനീയറിങ് ലബോറട്ടറിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയിലെ അനുരൂപീകരണ വിലയിരുത്തൽ സ്ഥാപനങ്ങൾക്കുള്ള അക്രഡിറ്റേഷൻ ബോഡിയാണ് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR