നഗരഹൃദയത്തിലെ തിരുവനന്തപുരം മൃഗശാല മാറ്റാൻ നീക്കം; പ്രതിഷേധവുമായി പ്രതിപക്ഷം
Thiruvananthapuram, 19 സെപ്റ്റംബര് (H.S.) നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന 169 വർഷം പഴക്കമുള്ള തിരുവനന്തപുരം മൃഗശാല മാറ്റാൻ നീക്കങ്ങളുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പ് അവഗണിച്ചാണ് സർക്കാരിന്റെ നിർണായക നീക്കം. നഗരത്തിൽ
NEYYAR WILDLIFE SANCTUARY


Thiruvananthapuram, 19 സെപ്റ്റംബര് (H.S.)

നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന 169 വർഷം പഴക്കമുള്ള തിരുവനന്തപുരം മൃഗശാല മാറ്റാൻ നീക്കങ്ങളുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പ് അവഗണിച്ചാണ് സർക്കാരിന്റെ നിർണായക നീക്കം.

നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള നെയ്യാർ വന്യജീവി സങ്കേതത്തിന് സമീപത്തേക്ക് മൃഗശാല മാറ്റുന്നതിനുള്ള സാധ്യതാ പഠനം വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. നിലവിലെ മൃഗശാലയിലെ സ്ഥലപരിമിതിയും മൃഗങ്ങൾക്ക് ആവശ്യമായ സ്വാഭാവിക വാസസ്ഥലം ഒരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് മാറ്റത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ, തിരുവനന്തപുരത്തിന്റെ ചരിത്രപരമായ പൈതൃകത്തിന്റെ ഭാഗമായ മൃഗശാല നഗരഹൃദയത്തിൽ നിന്ന് മാറ്റുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പദ്ധതിയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാക്കൾ മുന്നറിയിപ്പ് നൽകി.

മന്ത്രി കെ മുരളീധരൻ നൽകിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് മൃഗശാല മാറ്റം സംബന്ധിച്ച സർക്കാർ നടപടികൾ നീങ്ങുന്നത്. മൃഗശാല മാറ്റിയാൽ ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ മാതൃകയിലുള്ള നിർമാണം നടത്താനുള്ള പദ്ധതിയുടെ സാധ്യതകൾ സംബന്ധിച്ച രൂപരേഖ തയാറാക്കാനും സർക്കാർ തീരുമാനിച്ചു.

മൃഗങ്ങളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനു പുറമേ വെറ്ററിനറി ആശുപത്രി, ക്വാറൻ്റീൻ കേന്ദ്രം, ഭക്ഷണ കേന്ദ്രം, ജീവനക്കാരുടെ സൗകര്യങ്ങൾ, പാർക്കിങ്, റോഡുകൾ തുടങ്ങിയ സൗകര്യങ്ങൾ കൂടി ഉൾപ്പെടുന്ന മാസ്റ്റർപ്ലാനാണ് കെ മുരളീധരൻ നൽകിയിട്ടുള്ളത്. 500 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

മൃഗശാല തുറന്നത് 1857ൽ

വന്യജീവികളോടു താൽപര്യമുണ്ടായിരുന്ന തിരുവിതാംകൂർ മഹാരാജാവ് സ്വാതി തിരുനാളിൻ്റെ കാലത്താണ് മൃഗങ്ങളെ എത്തിക്കുന്നതിന് തുടക്കമായത്. ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ പരിപാലിച്ചിരുന്ന സ്ഥലത്തേക്ക് പിന്നീട് കടുവ, പുള്ളിപ്പുലി, ചീറ്റ, മാൻ, കരടി, സിംഹം തുടങ്ങിയവയും എത്തി. 1855ൽ മ്യൂസിയത്തിനും മൃഗശാലയ്ക്കും ഔപചാരിക രൂപം ലഭിച്ചു. 1857ൽ മ്യൂസിയം ജനങ്ങൾക്കായി തുറന്നു. 1859ൽ മൃഗശാലയും പൊതുപാർക്കും സ്ഥാപിച്ചു. ഒരു വർഷം 12 ലക്ഷത്തോളം സഞ്ചാരികൾ മൃഗശാല സന്ദർശിക്കാനായി എത്തുന്നതായാണ് കണക്കുകൾ. എട്ടുകോടി രൂപയുടെ വരുമാനം മൃഗശാലയിലൂടെ സർക്കാരിന് ലഭിക്കുന്നുണ്ട്.

പുതിയത് നെയ്യാർ അല്ലെങ്കിൽ പേപ്പാറയിൽ

നെടുമങ്ങാട്, അരുവിക്കര, വിതുര, കാട്ടാക്കട, നെയ്യാർ തുടങ്ങി നഗരത്തിനു പുറത്തുള്ള പ്രദേശങ്ങളിലേക്ക് മാറ്റാനാണ് ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരുന്നത്. നെയ്യാർ വന്യജീവി സങ്കേതം, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ച്, പേപ്പാറ വന്യജീവി സങ്കേതം എന്നീ മേഖലകൾ പിന്നീട് പരിഗണിച്ചു.

128 ചതുരശ്ര കിലോമീറ്ററാണ് നെയ്യാർ വന്യജീവി സങ്കേതത്തിൻ്റെ വിസ്തൃതി. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിൻ്റെ വിസ്തൃതി 32 ചതുരശ്ര കിലോമീറ്ററും, പേപ്പാറ വന്യജീവി സങ്കേതത്തിൻ്റെ വിസ്തൃതി 53 ചതുരശ്ര കിലോമീറ്ററുമാണ്. ഒടുവിൽ അവസാനഘട്ട ചർച്ചകളിലാണ് നെയ്യാറിന് പ്രഥമ പരിഗണന നൽകിയത്. സംരക്ഷിത വനമേഖലയുടെ സമീപത്തേക്ക് വലിയൊരു സുവോളജിക്കൽ പാർക്ക് മാറ്റുന്നത് നിയമപരവും പാരിസ്ഥിതികവുമായ പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും.

തൃശൂർ- പുത്തൂർ മാതൃക

തൃശൂർ മൃഗശാലയെ നഗരമധ്യത്തിൽ നിന്ന് 336 ഏക്കർ വിസ്തൃതിയുള്ള പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയതാണ് തിരുവനന്തപുരത്തിനു മുന്നിലെ മാതൃക. ഏകദേശം 369 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. പഴയ മൃഗശാലയിലെ സ്ഥലപരിമിതിയും, മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കാനുള്ള പരിമിതിയുമാണ് മാറ്റത്തിനു പ്രധാന കാരണമായത്. സ്ഥലം മാറ്റിയതോടെ മൃഗശാലയുടെ വിസ്തീർണം നിലവിലുള്ള 13.5 ഏക്കറിൽ നിന്ന് (5.5 ഹെക്ടർ) 306 ഏക്കറായി (124 ഹെക്ടർ) വികസിപ്പിക്കും.

മൃഗശാലയ്ക്ക് പകരം മാഡിസൺ സ്ക്വയർ പാർക്ക്മൃഗശാല മാറ്റിയാൽ അതേസ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ പാർക്ക് മാതൃകയിൽ വികസിപ്പിക്കാമെന്ന ആശയമാണ് മുഖ്യമന്ത്രി വി ഡി സതീശൻ മുന്നോട്ടുവച്ചത്. മൃഗശാല നെയ്യാർ പോലെയുള്ള വനമേഖലയോട് ചേർന്ന സ്ഥലത്തേക്ക് മാറ്റി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. റീഇമാജിനിങ് കേരളം എന്ന പരിപാടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

തിരുവനന്തപുരത്തെ മൃഗശാല മൃഗങ്ങളോടുള്ള ക്രൂരത കൂടിയാണ്. അവർക്ക് അവരുടേതായ ഒരു വാസസ്ഥലമുണ്ട്.അവരുടെ വാസസ്ഥലവുമായി യോജിച്ച സ്ഥലത്തേക്ക് വേണം മൃഗശാല മാറ്റാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.ന്യൂയോർക്കിലെ ഏകദേശം ആറേക്കർ വിസ്തൃതിയുള്ള മാഡിസൺ സ്ക്വയർ പാർക്ക് വിശ്രമത്തിനും നടത്തത്തിനും പൊതുപരിപാടികൾക്കുമെല്ലാം ഉപയോഗിക്കുന്ന പ്രധാന പൊതുഇടമാണ്.

നിലവിലെ മൃഗശാലയിൽ വർഷങ്ങളായി നവീകരണം തുടരുമ്പോഴാണ് പുതിയ ആശയവുമായി സർക്കാർ രംഗത്തെത്തുന്നത്. പഴയ ഇരുമ്പു കൂടുകൾ മാറ്റി കൂടുതൽ വിശാലവും പ്രകൃതിദത്തവുമായ ആവാസവ്യവസ്ഥ ഒരുക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. മൃഗശാല മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക നിർദ്ദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മൃഗശാല ഡയറക്ടർ പി എസ് മഞ്ജുളാദേവി പറഞ്ഞു.

നടക്കുന്നത് അനാവശ്യ വിവാദങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

മൃഗശാല നഗരമധ്യത്തിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. നഗരത്തിലെ അമിതമായ ശബ്ദകോലാഹലങ്ങളും ആൾത്തിരക്കും മൃഗങ്ങളുടെ ആരോഗ്യത്തെയും സ്വാഭാവിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മൃഗശാല മാറ്റുന്നത് കൊണ്ട് നഗരത്തിന് ഒരുതരത്തിലുള്ള നഷ്ടവും സംഭവിക്കില്ല. മൃഗശാല മാറ്റുന്നതിനായി ഏറ്റവും അനുയോജ്യമായ സ്ഥലം നെയ്യാർ ആണെന്നും, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രൊപ്പോസൽ സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്നും മുരളീധരൻ അറിയിച്ചു.

വിഷയത്തിൽ വരുംദിവസങ്ങളിൽ മുഖ്യമന്ത്രി വിശദമായ പ്രഖ്യാപനവും വിശദീകരണവും നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മൃഗശാല മാറ്റുന്നത് നഗരത്തിന് നല്ലതെന്ന് മേയർനഗരത്തിൽനിന്ന് മൃഗശാല മാറ്റുന്നത് നല്ലതാണെന്ന് തിരുവനന്തപുരം നഗരസഭ മേയർ വി വി രാജേഷ്. തിരുവനന്തപുരത്തു വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന പല അപൂർവ ഇനം മൃഗങ്ങളും ഇപ്പോൾ ഇവിടെയില്ല. താപനില ഉയരുന്നതു താങ്ങാനാകാതെ പലതും ചത്തൊടുങ്ങുകയാണ്. നഗരത്തിലെ മാലിന്യം, ശബ്ദം, കൂടിയ ചൂട് എന്നിവ പ്രശ്നമാണെന്നാണു വിദഗ്ധർ പറയുന്നത്.

മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമായ തരത്തിൽ മാർഗനിർദേശങ്ങൾ പാലിച്ച് നഗരത്തിൻ്റെ തിരക്കുകളിൽനിന്ന് കുറച്ച് അകലെയുള്ള സ്ഥലത്തേക്കു മാറ്റിയാൽ കൂടുതൽ അപൂർവയിനം മൃഗങ്ങളെയും എത്തിച്ചു പരിപാലിക്കാൻ കഴിയും. കുരങ്ങുകൾ ഉൾപ്പെടെ ചാടിപ്പോകുന്നത് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. മൃഗങ്ങൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾ സമീപത്തെ താമസക്കാരിലേക്ക് പകരുന്ന സ്ഥിതിയുണ്ടെന്നും മേയർ അഭിപ്രായപ്പെട്ടു.

മാറ്റുന്നതിനോട് എതിർപ്പില്ലെന്ന് വിദഗ്ധർമൃഗശാല വലുതാക്കി മാറ്റി സ്ഥാപിക്കുന്നതിനോട് എതിർപ്പില്ലെന്നും എന്നാൽ, അത് മ്യൂസിയങ്ങളുടെയും ബൊട്ടാണിക്കൽ ഗാർഡൻ്റെയും പ്രാധാന്യം ഇല്ലാതാക്കുമെന്നും മുൻ മൃഗശാല ഡയറക്ടർ ശിവദാസ് പറഞ്ഞു. നിലവിൽ മൃഗശാലയ്ക്ക് സ്ഥലം കുറവാണെങ്കിലും ശുചിത്വത്തിൻ്റെ കാര്യത്തിലും, സന്ദർശകരുടെ എണ്ണത്തിലും, വരുമാന ലഭ്യതയിലും, വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെയും ആകെ മൃഗങ്ങളുടെയും എണ്ണത്തിലും മികച്ച സ്ഥാനമാണുള്ളത്.

സെൻട്രൽ സൂ അതോറിറ്റി 'വലിയ മൃഗശാലകളുടെ' ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 55 ഏക്കറിനുള്ളിൽ 36 ഏക്കർ മൃഗശാലയും, 15 മുതൽ 19 ഏക്കർ വരെ മ്യൂസിയവും ബൊട്ടാണിക്കൽ ഗാർഡനുമാണ്. ഇതെല്ലാം കൂടി ഒരു കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നത് അപൂർവ കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

എതിർപ്പുമായി പ്രതിപക്ഷംമൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ നിർദ്ദേശത്തിൽ എതിർപ്പുമായി സിപിഎം രംഗത്തെത്തി. മൃഗശാല മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യമാണുള്ളതെന്നും മുതലാളിമാർക്ക് മറിച്ചുകൊടുക്കാനുള്ള ശ്രമമുണ്ടോയെന്ന് പരിശോധിക്കണമെന്നും മുൻ എംഎൽഎ വി കെ പ്രശാന്ത് ആവശ്യപ്പെട്ടു. നിരവധി ജീവനക്കാർ ആശ്രയിക്കുന്ന സ്ഥാപനത്തെ മാറ്റിസ്ഥാപിക്കണമെന്ന് പറയുന്നത് കൃത്യമായ വാണിജ്യ ലക്ഷ്യത്തോടെയാണ്. തിരുവനന്തപുരം മൃഗശാല സംരക്ഷണമെന്നത് എല്ലാവരുടെയും ആത്മാഭിമാനമാണ്. തിരുവനന്തപുരം മേയറും ഇതിനെ പിന്തുണയ്ക്കുന്നു. കൃത്യമായ അജണ്ടയുടെ ഭാഗമായി തിരുവനന്തപുരത്തെ നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും വി കെ പ്രശാന്ത് ആരോപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News