Enter your Email Address to subscribe to our newsletters

Newdelhi, 19 സെപ്റ്റംബര് (H.S.)
മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വി.ഡി. സതീശൻ തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ അറിയിച്ചു.
പ്രവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ, തൊഴിൽ സുരക്ഷിതത്വം, പുനരധിവാസം, അടിയന്തര ഘട്ടങ്ങളിലെ കേന്ദ്ര സഹായം തുടങ്ങിയ കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം. പ്രവാസി സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും നയതന്ത്ര സഹായം, വേഗത്തിലുള്ള പരാതി പരിഹാരം എന്നിവയുൾപ്പെടെ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി സമൂഹത്തിൻ്റെ ക്ഷേമം ഇപ്പോഴും തങ്ങളുടെ മുൻഗണനയാണെന്നും സതീശൻ എക്സിൽ കൂട്ടിച്ചേർത്തു.യോഗത്തിനിടെ മുഖ്യമന്ത്രി കഥകളി രൂപത്തിൻ്റ പ്രതിമ കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചു.
ഇന്ന് രാവിലെ കേരളത്തിലെ മുഖ്യമന്ത്രിയായ വിഡി സതീശനുമായി കൂടിക്കാഴ്ച നടത്താന് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രവാസികളുടെ ക്ഷേമത്തെ കുറിച്ചാണ് ചർച്ച പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഡോ. എസ് ജയശങ്കർ എക്സിൽ കുറിച്ചു.
പ്രവാസികളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിക്ക് ലഭിച്ച നിവേദനം
മലയാളി പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് ഗ്ലോബൽ പ്രവാസി യൂണിയൻ (ജിപിയു) മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞ മാസം നിവേദനം നൽകിയിരുന്നു. വിദേശരാജ്യങ്ങളിൽ തൊഴിൽ നഷ്ടം, നിയമപ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധി, അപകടങ്ങൾ, മരണങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികൾ നേരിടുന്ന പ്രവാസികൾക്ക് നിയമസഹായം, സർക്കാർതല ഇടപെടൽ,മാർഗനിർദേശം, മാനുഷിക പിന്തുണ എന്നിവ ഉറപ്പാക്കുകയാണ് നിവേദനത്തിൻ്റെ ലക്ഷ്യം.
അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന സാഹചര്യം എന്നിവ മൂലം അംശാദായം മുടങ്ങുന്ന പ്രവാസികളിൽ നിന്ന് ഈടാക്കുന്ന പിഴയും പലിശയും ഒഴിവാക്കുക, 60 വയസ്വരെ അംശാദായം അടക്കണെമന്ന വ്യവസ്ഥ ഒഴിവാക്കി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും അംശാദായം അടച്ചിട്ടുള്ള പ്രവാസികൾക്ക് 60 വയസ് പൂര്ത്തിയായാല് പെന്ഷന് അനുവദിക്കുക, നിലവിലുള്ള പെന്ഷന് തുക വർധിപ്പിച്ച് പ്രതിമാസം കുറഞ്ഞത് 5000 രൂപയായി നിശ്ചയിക്കുക, വിദേശ ജയിലുകളില് കഴിയുന്ന മലയാളികള്ക്ക് നിയമസഹായത്തിന് പദ്ധതി ഒരുക്കുക, വിമാന ടിക്കറ്റിൻ്റെ നിരക്കിലെ വർധനവ് കുറക്കുക, പാസ്പോർട്ട് പുതുക്കൽ ഫീസ് യുക്തിസഹമാക്കുക, വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സഹായ പദ്ധതി ഏർപ്പെടുത്തുക, പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ,സ്കോളര്ഷിപ്പുകള്, നൈപുണ്യ വികസന പദ്ധതികള്, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തൊഴിൽ,സംരംഭകത്വം, പുനരധിവാസം എന്നിവക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക എന്നിവയാണ് മുഖ്യമന്ത്രിക്ക് സമര്പ്പിച്ച നിവേദനത്തിലെ പ്രധാന വിഷയങ്ങൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR