മമതയുടെ സ്ഥാനാര്ത്ഥി തീരുമാനം മാറ്റി; റജിനഗറില് മത്സരിക്കും
Kolkkatha, 19 സെപ്റ്റംബര്‍ (H.S.) ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നാടകങ്ങള്‍ സജീവം. മമത ബാനര്‍ജി വിഭാഗം തൃണമൂല്‍ കോണ്‍ഗ്രസിന്റെ റജിനഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി റബിയുള്‍ ആലം ചൗധരി പിന്മാറ്റ പ്രഖ്യാപനം പിന്‍വലിച്ചു. പിന്‍മാറുന്നു എ
Mamata banerjee


Kolkkatha, 19 സെപ്റ്റംബര്‍ (H.S.)

ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നാടകങ്ങള്‍ സജീവം. മമത ബാനര്‍ജി വിഭാഗം തൃണമൂല്‍ കോണ്‍ഗ്രസിന്റെ റജിനഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി റബിയുള്‍ ആലം ചൗധരി പിന്മാറ്റ പ്രഖ്യാപനം പിന്‍വലിച്ചു. പിന്‍മാറുന്നു എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റി മത്സരരംഗത്ത് തിരിച്ചെത്തി.പാര്‍ട്ടി പേരും ചിഹ്നവും സംബന്ധിച്ച് നിലനില്‍ക്കുന്ന നിയമപോരാട്ടവും പ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണികളുമാണ് പിന്മാറ്റത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നത്. പുതിയ ചിഹ്നം വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്നും മമതയോട് സംസാരിച്ചപ്പോള്‍ അനുയോജ്യമെന്ന് തോന്നുന്ന തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ആരുടേയും ഭീഷണിയോ സമ്മര്‍ദമോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താഴെത്തട്ടില്‍ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം മാറ്റിയതോടെ ശനിയാഴ്ചമുതല്‍ മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കും. പ്രചാരണത്തിനായി മമതതന്നെ മണ്ഡലത്തിലെത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

നന്ദിഗ്രാം മണ്ഡലത്തിലെ മമത വിഭാഗത്തിന്റെ സ്ഥാനാര്‍ഥി സഞ്ജിത പ്രധാന്‍ ദേയ് നാമനിര്‍ദേശപ്പത്രിക പിന്‍വലിച്ചതിന് തൊട്ടടുത്ത ദിവസമാണ് റജിനഗറിലും നാടകീയ നീക്കങ്ങള്‍ അരങ്ങേറിയത്. സഞ്ജിത പ്രധാന്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെക്കണ്ട ശേഷമായിരുന്നു മത്സരത്തില്‍നിന്ന് പിന്മാറിയത്. ഇതോടെ മണ്ഡലത്തില്‍ മമത വിഭാഗം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാന് പിന്തുണ പ്രഖ്യാപിച്ചു.

നന്ദിഗ്രാം, റജിനഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ ഒക്ടോബര്‍ ആറിനാണ് ഉപതിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 9-ന് വോട്ടെണ്ണും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍നിന്നും ഒരേ സമയം വിജയിച്ച ജനപ്രതിനിധികള്‍ക്ക് ഒരു സീറ്റ് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായതോടെയാണ് രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം, ഭവാനിപുര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച് ജയിച്ചു. സുവേന്ദു ഭവാനിപുര്‍ നിലനിര്‍ത്തിയതോടെയാണ് നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് ആവശ്യമായത്. ആം ജനതാ ഉന്നായന്‍ പാര്‍ട്ടി (എ.ജെ.യു.പി.) നേതാവായ ഹുമയൂണ്‍ കബീര്‍, റജിനഗര്‍, ഗൗഡ എന്നീ രണ്ട് മണ്ഡലങ്ങളില്‍നിന്ന് ജനവിധി തേടിയിരുന്നു. രണ്ടിടങ്ങളിലും ജയിച്ച അദ്ദേഹം ഗൗഡ നിലനിര്‍ത്തിയതോടെയാണ് റജിനഗറില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജി പക്ഷം, ഋതബ്രത ബാനര്‍ജി പക്ഷം എന്നിങ്ങനെ പിളര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് ഉപതിരഞ്ഞെടുപ്പ്. ജനവിധി മുന്നില്‍ക്കണ്ട് രണ്ട് വിഭാഗവും പാര്‍ട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും തങ്ങള്‍ക്ക് വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇതോടെ കമ്മിഷന്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും പരമ്പരാഗത ചിഹ്നമായ 'പൂക്കളും പുല്ലും' ചിഹ്നവും ഉപയോഗിക്കുന്നതില്‍നിന്ന് ഇരുവിഭാഗങ്ങളേയും വിലക്കി. നേതൃതലത്തിലെ തര്‍ക്കം പരിഹരിക്കുന്നതുവരെ പേരും ചിഹ്നവും രണ്ടുകൂട്ടരും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News