ആന്റോ അഗസ്റ്റിനെതിരെ കുരുക്ക് മുറുകുന്നു: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം
Kochi, 19 സെപ്റ്റംബര് (H.S.) കൊച്ചി: സാമ്പത്തിക തട്ടിപ്പുകളും വിദേശനാണ്യ വിനിമയ ചട്ടലംഘനങ്ങളും ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന ആന്റോ അഗസ്റ്റിനെതിരെ കുരുക്ക് മുറുകുന്നു. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ്, ഡയറക്ടറേ
ആന്റോ അഗസ്റ്റിനെതിരെ കുരുക്ക് മുറുകുന്നു: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം


Kochi, 19 സെപ്റ്റംബര് (H.S.)

കൊച്ചി: സാമ്പത്തിക തട്ടിപ്പുകളും വിദേശനാണ്യ വിനിമയ ചട്ടലംഘനങ്ങളും ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന ആന്റോ അഗസ്റ്റിനെതിരെ കുരുക്ക് മുറുകുന്നു. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തീരുമാനിച്ചു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതിയിലുമടക്കം വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിർണായക വിവരങ്ങളും രേഖകളും പിടിച്ചെടുത്തതിന് പിന്നാലെയാണ് ഈ നീക്കം.

ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാനെന്ന പേരിൽ 125 കോടി രൂപ വിദേശത്തേക്ക് കടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ കളക്ഷൻ പാർട്ണർ എന്ന് അവകാശപ്പെടുന്ന ഏജൻസി വഴിയായിരുന്നു പണമിടപാട്. എന്നാൽ അന്താരാഷ്ട്ര മത്സരത്തിന്റെ മറവിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കാനാണ് ശ്രമിച്ചതെന്നും ഇതിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴിയുള്ള ഇടപാടുകളിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. മഹീന്ദ്ര ഫിനാൻസ് ആറ് വ്യത്യസ്ത വ്യക്തികൾക്കായി അനുവദിച്ച 75 കോടി രൂപ ഒടുവിൽ ആന്റോ അഗസ്റ്റിന്റെ ഒരൊറ്റ അക്കൗണ്ടിലേക്കാണ് എത്തിയത്. കൂടാതെ, ഗോകുലം ഫിനാൻസുമായി ബന്ധപ്പെട്ട ഇടപാടുകളിലും പണത്തിന്റെ ഉറവിടത്തിലും ദുരൂഹത തുടരുകയാണ്.

വിദേശത്ത് നടക്കുന്ന മത്സരങ്ങൾ സ്പോൺസർ ചെയ്യുന്നതിനായി സാധാരണ ഉപയോഗിക്കാറുള്ള ഫെമ ഷെഡ്യൂൾ 2 പ്രകാരമാണ് പണമിടപാടുകൾ നടത്തിയത്. മത്സരം കേരളത്തിൽ നടക്കാനിരിക്കെ ഈ വഴി സ്വീകരിച്ചതിലൂടെ ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാൻ സാധിച്ചുവെന്നും, ഇത് വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ആസൂത്രിത ലംഘനമാണെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

റെയ്ഡിൽ യു.എസ് ഡോളറിന് പുറമെ ചൈന, കെനിയ, ഘാന തുടങ്ങിയ രാജ്യങ്ങളിലെ കറൻസികളും പിടിച്ചെടുത്തു. വിദേശ കറൻസി കൈവശം വെക്കുന്നതിനുള്ള നിയമാനുസൃത പരിധി 2,000 ഡോളറായിരിക്കെ, 6,500 ഡോളറോളമാണ് അനധികൃതമായി കണ്ടെടുത്തത്. അമേരിക്കയിൽ വാണിജ്യ ഇടപാടുകൾ നടത്താൻ അനുമതിയുള്ള ഐ.സി.ഐ.സി.ഐ ബാങ്ക് എ.ടി.എം കാർഡും പിടിച്ചെടുത്തു. ആന്റോ അഗസ്റ്റിന് യു.എസിൽ ഔദ്യോഗിക ബിസിനസ് ഇടപാടുകൾ ഇല്ലാത്തതിനാൽ ഇത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ഹവാല, ഫെമ ലംഘനങ്ങൾ, ബിനാമി ഇടപാടുകൾ എന്നിവ സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിക്ക് അപ്പുറമായതിനാൽ, പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും കൂടുതൽ നടപടികൾക്കായി ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറും.

---------------

Hindusthan Samachar / Roshith K


Latest News