കോന്നി മെഡിക്കൽ കോളേജിൽ എക്സ്-റേ മാറിനൽകി; കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
Thiruvananthapuram , 19 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: പത്തനംതിട്ട കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രി
കോന്നി മെഡിക്കൽ കോളേജിൽ എക്സ്-റേ മാറിനൽകി; കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം


Thiruvananthapuram , 19 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: പത്തനംതിട്ട കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി നിർദേശം നൽകിയത്. കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് (DME) റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ തുടർനടപടികൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തീരുമാനിക്കും.

ഗുരുതര അനാസ്ഥ വെളിച്ചത്തായത് ഇങ്ങനെ

കഴിഞ്ഞ പതിനാലാം തീയതിയാണ് പതിനാറുകാരി കടുത്ത ശ്വാസതടസ്സത്തെയും നെഞ്ചുവേദനയെയും തുടർന്ന് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. അത്യാഹിത വിഭാഗത്തിൽ പരിശോധിച്ച ഡോക്ടറുടെ നിർദേശപ്രകാരം പെൺകുട്ടിയുടെ നെഞ്ചിന്റെ എക്സ്-റേ എടുക്കാൻ റേഡിയോളജി വിഭാഗത്തിലേക്ക് അയക്കുകയായിരുന്നു. എന്നാൽ, റേഡിയോളജി വിഭാഗത്തിൽ നിന്ന് ഗുരുതരമായ അശ്രദ്ധയെ തുടർന്ന് പെൺകുട്ടിക്ക് നൽകിയത് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 88 വയസ്സുകാരിയായ വയോധികയുടെ എക്സ്-റേ ഫിലിമായിരുന്നു.

എക്സ്-റേ ഫിലിമിൽ രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ഇത് സൂക്ഷ്മമായി പരിശോധിക്കാതെയാണ് പരിശോധിച്ച ഡോക്ടർ തുടർനടപടികളിലേക്ക് കടന്നത്. 88 വയസ്സുകാരിയുടെ ഫിലിം പരിശോധിച്ച ഡോക്ടർ പെൺകുട്ടിക്ക് നട്ടെല്ലിന് തകരാറുണ്ടെന്ന് അറിയിക്കുകയും, അതിനനുസരിച്ചുള്ള വേദനസംഹാരികളും മറ്റ് മരുന്നുകളും കുറിച്ചു നൽകുകയും ചെയ്തു. ഏതാനും ദിവസങ്ങൾ പെൺകുട്ടി ഈ മരുന്നുകൾ കഴിച്ചെങ്കിലും ശ്വാസതടസ്സത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല.

തുടർന്ന് അസുഖം മാറാതിരുന്നതിനെത്തുടർന്ന് മറ്റൊരു ആശുപത്രിയിൽ തുടർപരിശോധനകൾക്കായി എത്തിയപ്പോഴാണ് ചികിത്സാപ്പിഴവ് പുറത്തറിയുന്നത്. അവിടെയുള്ള ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് ഫിലിമിലെ പ്രായം 88 ആണെന്നും എക്സ്-റേ മാറിപ്പോയതാണെന്നും വ്യക്തമായത്.

വ്യാപക പ്രതിഷേധം, അന്വേഷണം ഊർജിതം

ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ കുടുംബം ആശുപത്രി സൂപ്രണ്ടിനും പോലീസിനും ഔദ്യോഗികമായി പരാതി നൽകി. റേഡിയോളജിസ്റ്റും പരിശോധിച്ച ഡോക്ടറും തങ്ങളുടെ ഭാഗത്ത് വന്ന പിഴവ് തിരിച്ചറിയാതെ പോയത് വലിയ സുരക്ഷാവീഴ്ചയായാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. സംഭവത്തിൽ ജീവനക്കാരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ തുടർനടപടി റിപ്പോർട്ട് ലഭിച്ചാലുടൻ കൂടുതൽ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

---------------

Hindusthan Samachar / Roshith K


Latest News