മിൽമ മലബാർ യൂണിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതം; നിയമപരമായി നേരിടുമെന്ന് ചെയർമാൻ കെ എസ് മണി
Kozhikode, 19 സെപ്റ്റംബര് (H.S.) കോഴിക്കോട്: മിൽമ മലബാർ മേഖലാ യൂണിയൻ ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ട നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും യൂണിയൻ പിടിച്ചെടുക്കാനുള്ള നീക്കമാണിതെന്നും മിൽമ ചെയർമാൻ കെ.എസ്. മണി. സാധാരണ നടപടിക്രമങ്ങൾ പോലും പാലിക്
മിൽമ മലബാർ യൂണിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതം; നിയമപരമായി നേരിടുമെന്ന് ചെയർമാൻ കെ എസ് മണി


Kozhikode, 19 സെപ്റ്റംബര് (H.S.)

കോഴിക്കോട്: മിൽമ മലബാർ മേഖലാ യൂണിയൻ ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ട നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും യൂണിയൻ പിടിച്ചെടുക്കാനുള്ള നീക്കമാണിതെന്നും മിൽമ ചെയർമാൻ കെ.എസ്. മണി. സാധാരണ നടപടിക്രമങ്ങൾ പോലും പാലിക്കാതെ ഏകപക്ഷീയമായാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെഡറേഷൻ ചെയർമാൻ പദവിയുമായി ബന്ധപ്പെട്ട ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആദ്യം തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിൽ തുടരുന്നതിനിടയിലാണ് ഇപ്പോൾ മലബാർ മേഖലാ യൂണിയനെയും പിരിച്ചുവിട്ടിരിക്കുന്നത്. ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെയും സഹകരണ നിയമങ്ങളെയും കാറ്റിൽപ്പറത്തിയാണ് വകുപ്പിന്റെ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.

സാമ്പത്തിക ക്രമക്കേടുകളും വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് ക്ഷീരവികസന വകുപ്പ് മലബാർ മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. കാസർകോട് ഡയറിയിലെ പാൽ സംഭരണത്തിൽ നഷ്ടം വരുത്തിയെന്നും, മലപ്പുറം ഡയറിയിൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ കുറവുണ്ടായെന്നുമടക്കമുള്ള ആരോപണങ്ങളാണ് ഉത്തരവിൽ ഉന്നയിച്ചിരിക്കുന്നത്. മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ (എം.ഡി.ആർ.എഫ്) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളിലും ഓഡിറ്റ് കണക്കുകളിലും വീഴ്ചയുണ്ടായതായി വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തുടർന്ന് യൂണിയന്റെ ഭരണച്ചുമതല അഡ്മിനിസ്ട്രേറ്റർക്ക് കൈമാറുകയും ചെയ്തു.

എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഭരണസമിതിയെ പുറത്താക്കിയതെന്ന് കെ.എസ്. മണി ചൂണ്ടിക്കാട്ടി. യൂണിയന്റെ ഭാഗം കേൾക്കാനോ കൃത്യമായ വിശദീകരണം നൽകാനോ അവസരം നൽകാതെ തിടുക്കപ്പെട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത് ദുരുദ്ദേശ്യപരമാണ്. ക്ഷീരമേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന യൂണിയനുകളുടെ അധികാരം കവർന്നെടുക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിൽ.

സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് സർക്കാരിന്റെ ഈ നടപടിയെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ ക്ഷീരകർഷകരുടെയും സഹകരണ മേഖലയുടെയും താൽപര്യം സംരക്ഷിക്കാൻ നീതിപീഠത്തെ സമീപിക്കുമെന്നും അറിയിച്ചു. മലബാർ യൂണിയൻ കൂടി പിരിച്ചുവിട്ടതോടെ മിൽമ ഭരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കങ്ങളും നിയമയുദ്ധങ്ങളും സംസ്ഥാനത്ത് കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News