ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം വൈകുന്നതിൽ അന്വേഷണ സംഘത്തിനെതിരെ മന്ത്രി കെ. മുരളീധരൻ; എ.ജിയോട് അടിയന്തര വിശദീകരണം തേടി
Thiruvananthapuram, 19 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിലുണ്ടായ അസാധാരണ കാലതാമസത്തിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി
ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം വൈകുന്നതിൽ അന്വേഷണ സംഘത്തിനെതിരെ മന്ത്രി കെ. മുരളീധരൻ; എ.ജിയോട് അടിയന്തര വിശദീകരണം തേടി


Thiruvananthapuram, 19 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിലുണ്ടായ അസാധാരണ കാലതാമസത്തിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. കേസിൽ കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയത്തിൽ അഡ്വക്കേറ്റ് ജനറലോട് (എ.ജി) അടിയന്തര നിയമോപദേശവും വിശദീകരണവും തേടി.

ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 22-നകം അന്തിമ കുറ്റപത്രം സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നൽകിയ കർശന നിർദേശം. എന്നാൽ, കോടതി അനുവദിച്ച സമയപരിധി പൂർത്തിയാകാൻ വെറും മൂന്ന് ദിവസം മാത്രം ശേഷിക്കേ, പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ പ്രാഥമിക നടപടികൾ പോലും അന്വേഷണ സംഘം പൂർത്തിയാക്കിയിട്ടില്ല. ഇതാണ് വകുപ്പ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

പ്രോസിക്യൂഷൻ അനുമതി തേടാതെ അന്വേഷണ സംഘം

കേസിൽ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുൻകൂർ പ്രോസിക്യൂഷൻ അനുമതി അനിവാര്യമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ കമ്മീഷണർ എൻ. വാസു ഉൾപ്പെടെയുള്ള ഉന്നതരാണ് കേസിലെ പ്രധാന പ്രതികൾ. ഔദ്യോഗിക പദവികൾ വഹിച്ചിരുന്നവർക്കെതിരെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആഭ്യന്തര, ദേവസ്വം, നിയമ വകുപ്പുകളുടെ കൃത്യമായ പരിശോധനയ്ക്കു ശേഷം സർക്കാരിൽനിന്ന് ഔദ്യോഗിക അനുമതി ലഭിക്കേണ്ടതുണ്ട്.

എന്നാൽ, ഇതിനായി ഇതുവരെ ഒരു അപേക്ഷ പോലും സമർപ്പിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഈ മാസം അവസാനത്തോടെ മാത്രം അനുമതിക്കായി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രോസിക്യൂഷൻ അനുമതി ലഭിക്കാൻ സ്വാഭാവികമായും ദിവസങ്ങളോളം സമയമെടുക്കുമെന്നിരിക്കെ, 22-ന് കുറ്റപത്രം സമർപ്പിക്കുക അസാധ്യമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കോടതി ഉത്തരവ് ലംഘിക്കപ്പെടുന്നതിനെതിരെ വകുപ്പ് മന്ത്രി നേരിട്ട് രംഗത്തെത്തിയത്.

കോടതിയിൽ എന്ത് വിശദീകരണം നൽകും?

നേരത്തെ കേസ് പരിഗണിച്ച വേളയിൽ കട്ടിളപ്പാളി കേസിലെ അന്വേഷണം പൂർത്തിയായെന്നും സെപ്റ്റംബറോടെ വിചാരണക്കോടതിയിൽ അന്തിമ കുറ്റപത്രം നൽകുമെന്നും അന്വേഷണ സംഘം കോടതിയെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള നിർണായക ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിക്കാൻ വൈകിയതാണ് മുൻപ് കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടും നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന സമീപനമാണ് സംഘം സ്വീകരിച്ചത്.

കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ കുറ്റപത്രം സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ചയ്ക്ക് എന്ത് ന്യായീകരണമാണ് സർക്കാർ ഭാഗത്തുനിന്ന് നൽകേണ്ടത് എന്നതിലാണ് മന്ത്രി എ.ജിയോട് നിയമോപദേശം ആരാഞ്ഞത്. അന്വേഷണ സംഘത്തിന്റെ നിരുത്തരവാദപരമായ സമീപനം സർക്കാരിന് അവമതിപ്പുണ്ടാക്കുമെന്ന ആശങ്ക ദേവസ്വം വകുപ്പിനുണ്ട്. രണ്ട് ദിവസത്തിനകം എ.ജിയിൽ നിന്ന് നിയമോപദേശം ലഭ്യമാകുമെന്നും അതിനുശേഷം കർശനമായ തുടർനടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സർക്കാരിൽ നിന്നുള്ള സൂചന.

---------------

Hindusthan Samachar / Roshith K


Latest News