Enter your Email Address to subscribe to our newsletters

Wayanad , 02 സെപ്റ്റംബര് (H.S.)
തെരുവുനായ ശല്യത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ വയനാട്ടിൽ രണ്ടാമത്തെ എബിസി കേന്ദ്രം പ്രവർത്തനസജ്ജമാകുന്നു.പടിഞ്ഞാറത്തറയിൽ 1.30 കോടി രൂപ ചെലവിൽ ഒരുക്കിയ ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദിഖിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി കേന്ദ്രം ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി രാവിലെ തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട സെമിനാറും പരിശീലന പരിപാടിയും സംഘടിപ്പിക്കും.
എബിസിയില് അത്യാധുനിക സൗകര്യങ്ങള്
ശാസ്ത്രീയ വന്ധ്യംകരണവും പേവിഷ പ്രതിരോധ കുത്തിവയ്പ്പും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ തിയേറ്റർ, പ്രീ-സർജറി മുറികൾ, പോസ്റ്റ് ഓപ്പറേറ്റീവ് ഷെൽട്ടർ, 84 കൂടുകൾ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടെയാണ് പടിഞ്ഞാറത്തറ എബിസി കേന്ദ്രം ഒരുക്കിയിരിക്കുന്നത്. നിർമാണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് 97 ലക്ഷം രൂപയും മൃഗസംരക്ഷണ വകുപ്പ് 33 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 1.30 കോടി രൂപയാണ് ചെലവഴിച്ചത്. പ്രതിമാസം 200 നായകളെ വന്ധ്യംകരിക്കുന്ന തരത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്.
വന്ധ്യംകരണവും പരിചരണവും
സ്കൂൾ പരിസരങ്ങൾ, ടൗണുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ തുടങ്ങി ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നായിരിക്കും ആദ്യഘട്ടത്തിൽ തെരുവുനായകളെ പിടികൂടുക. കേന്ദ്രത്തിലെത്തിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തും. തിരിച്ചറിയുന്നതിനായി വലതു ചെവിയിൽ 'V' ആകൃതിയിലുള്ള അടയാളവും നൽകും. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് മുതൽ അഞ്ച് ദിവസം വരെ പ്രത്യേക പരിചരണം നല്കും. പേവിഷ പ്രതിരോധ കുത്തിവയ്പ്പും നൽകിയ ശേഷമാണ് നായകളെ പിടികൂടിയ അതേ സ്ഥലത്ത് തിരിച്ചെത്തിക്കുക.വയനാട്ടിലെ തെരുവുനായ നിയന്ത്രണ പദ്ധതിയിൽ നിർണായക ചുവടുവയ്പ്പാണ് പടിഞ്ഞാറത്തറയിലെ പുതിയ കേന്ദ്രം.
ആദ്യ എബിസി കേന്ദ്രം
സുൽത്താൻ ബത്തേരിയിലാണ് ജില്ലയിൽ ആദ്യ എബിസി കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. 2025 ജൂണിൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിൽ ഇതുവരെ 2346 തെരുവുനായകളെ വന്ധ്യംകരിച്ചതായാണ് കണക്ക്. രണ്ടാമത്തെ കേന്ദ്രം കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ നായകളെ ശാസ്ത്രീയമായി വന്ധ്യംകരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എബിസി ചട്ടങ്ങൾക്കും മൃഗക്ഷേമ മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. ശസ്ത്രക്രിയയിൽ നിന്നുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കും. പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചീഫ് വെറ്ററിനറി ഓഫിസറും എസ്പിസിഎ പ്രതിനിധിയും ഉൾപ്പെടുന്ന സമിതിയും നിരീക്ഷണം നടത്തും. പ്രതിവർഷം 64 ലക്ഷം രൂപയാണ് പ്രവർത്തനച്ചെലവായി പ്രതീക്ഷിക്കുന്നത്.
തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കുക മാത്രമല്ല, ശസ്ത്രക്രിയയ്ക്ക് ശേഷം പരിചരണവും വാക്സിനേഷനും ഉറപ്പാക്കി അതേ പ്രദേശത്ത് തന്നെ തിരിച്ചെത്തിക്കുക എന്നതാണ് എബിസി പദ്ധതിയുടെ രീതി. സുൽത്താൻ ബത്തേരി കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് പിന്നാലെ പടിഞ്ഞാറത്തറ കേന്ദ്രം കൂടി യാഥാർഥ്യമാകുന്നതോടെ വയനാട്ടിലെ തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കുമെന്നാണ് പ്രതീക്ഷ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR