പ്രിയ താരത്തിന് യാത്രാമൊഴിയേകി നൈനാംവളപ്പിലെ കുട്ടി ആരാധകർ
Kozhikode , 02 സെപ്റ്റംബര് (H.S.) കാൽപ്പന്തുകൊണ്ട് കവിത രചിച്ച ഇതിഹാസ താരം ലയണൽ മെസി അർജൻ്റീനയുടെ നീലക്കുപ്പായം അഴിച്ചുവയ്ക്കുമ്പോൾ, കടലോളം സങ്കടം ഇരമ്പുന്നത് കോഴിക്കോട്ടെ ഒരു കൊച്ചു തീരദേശ ഗ്രാമത്തിലാണ്. ഫുട്ബോളിൻ്റെ മക്ക എന്നറിയപ്പെടുന്ന നൈനാംവള
GOVT LP SCHOOL NAINAMVALAPPU


Kozhikode , 02 സെപ്റ്റംബര് (H.S.)

കാൽപ്പന്തുകൊണ്ട് കവിത രചിച്ച ഇതിഹാസ താരം ലയണൽ മെസി അർജൻ്റീനയുടെ നീലക്കുപ്പായം അഴിച്ചുവയ്ക്കുമ്പോൾ, കടലോളം സങ്കടം ഇരമ്പുന്നത് കോഴിക്കോട്ടെ ഒരു കൊച്ചു തീരദേശ ഗ്രാമത്തിലാണ്. ഫുട്ബോളിൻ്റെ മക്ക എന്നറിയപ്പെടുന്ന നൈനാംവളപ്പിലെ ഓരോ ആരാധകൻ്റെയും നെഞ്ചിലെ വിങ്ങലായി മാറുകയാണ് ഫുട്ബോൾ മാന്ത്രികൻ്റെ പടിയിറക്കം.

നൈനാംവളപ്പിൽ ഫുട്ബോൾ എന്നത് വെറുമൊരു കായികവിനോദമല്ല, മറിച്ച് അവിടുത്തെ ജനങ്ങളുടെ ജീവിതത്തിൻ്റെ തന്നെ ഭാഗമാണ്. പ്രദേശത്തെ സ്കൂൾ കുട്ടികൾ താങ്ക്യൂ മെസി എന്ന പ്ലക്കാർഡ് ഉയർത്തിയാണ് പ്രിയ താരത്തിന് യാത്രയയപ്പ് നൽകിയത്. ഫുട്ബോൾ ലോകത്തെയാകെ സ്വപ്നം കാണാൻ പഠിപ്പിച്ച മാന്ത്രികൻ വിടവാങ്ങിയതിന് പിന്നാലെ നൈനാംവളപ്പിലെ വാർത്താബോർഡിൽ ഫുട്ബോൾ ഉള്ളിടത്തോളം കാലം മെസി ഓർമിക്കപ്പെടും, മിസ് യു മെസി എന്ന് അവർ കുറിച്ചു. ഇനിയുള്ള കാലമത്രയും ഓർത്തെടുക്കാനുള്ള സുന്ദരനിമിഷങ്ങൾ സമ്മാനിച്ചുള്ള മെസിയുടെ വിടവാങ്ങലിൽ കോഴിക്കോട്ടെ ആരാധകർ കടുത്ത നിരാശയിലാണ്.

രാജ്യത്തിന് എല്ലാ മേജർ ടൂർണമെൻ്റുകളും നേടിക്കൊടുത്തും ഫുട്ബോളിലെ വ്യക്തിഗത നേട്ടങ്ങളൊക്കെയും സ്വന്തമാക്കിയുമാണ് മെസി പടിയിറങ്ങുന്നത്. ഫുട്ബോൾ ഉള്ളിടത്തോളം കാലം മെസി ഓർമിക്കപ്പെടുമെന്ന് എൻഎഫ്എഫ്എ പ്രസിഡൻ്റ് സുബൈർ നൈനാംവളപ്പ് വ്യക്തമാക്കി. ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ഏത് നിമിഷവും ഈ പ്രഖ്യാപനം പ്രതീക്ഷിച്ചതാണെങ്കിലും കോപ്പ അമേരിക്ക വരെ കളിക്കളത്തിലുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

നഷ്ടവും നേട്ടവും ഒരുപോലെ അറിഞ്ഞാണ് മെസി കളമൊഴിയുന്നത്. കളിക്കളത്തിലെ മെസിയെ മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂവെന്നും അതിനപ്പുറം മെസിയെന്ന മനുഷ്യനെ ഇനി ലോകത്തിന് കാണാനാകുമെന്നും ആരാധകർ പറയുന്നു. ഫുട്ബോളിനെ സ്നേഹിക്കുന്ന ആർക്കും ഈ വിടവാങ്ങൽ ഏറെ പ്രയാസമുണ്ടാക്കുന്നതാണെങ്കിലും ക്ലബ് ഫുട്ബോളിൽ ഇനിയും കളിക്കാനുണ്ടാകുമെന്നത് മാത്രമാണ് ഏക ആശ്വാസം. മെസിയുടെ വിരമിക്കലിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നന്ദി അറിയിച്ച് ഫ്ലക്സുകളും പോസ്റ്ററുകളും ഉയർന്നിട്ടുണ്ട്.

നൈനാംവളപ്പിൻ്റെ കാൽപ്പന്തുചരിത്രംപത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുമായി ബ്രിട്ടീഷുകാരാണ് കോഴിക്കോട്ട് ഫുട്ബോൾ എത്തിച്ചത്. കടപ്പുറത്തോട് ചേർന്നുകിടക്കുന്ന നൈനാംവളപ്പിലെ യുവാക്കൾ വളരെ പെട്ടെന്ന് തന്നെ ഈ കളി നെഞ്ചിലേറ്റി. അന്നത്തെ പ്രാദേശിക കളിക്കാർ നഗ്നപാദരായി മണൽപ്പരപ്പിൽ പന്തുരുട്ടിയാണ് കളി പഠിച്ചത്. നൈനാംവളപ്പിൻ്റെ ചരിത്രത്തിൽ നിരവധി പ്രതിഭകൾ പന്തുതട്ടി വളർന്നിട്ടുണ്ട്. അടുത്തിടെ അന്തരിച്ച ലെഫ്റ്റ് ഔട്ട് കുഞ്ഞു എന്നറിയപ്പെട്ടിരുന്ന സിപി കുഞ്ഞു തുടങ്ങിയ പഴയകാല കളിക്കാർ ഈ പ്രദേശത്തെ ഫുട്ബോൾ സംസ്കാരം വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.

പെലെയുടെ കാലം മുതൽ ബ്രസീൽ ഫുട്ബോളിൻ്റെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം ഈ നാടിൻ്റെ ഫുട്ബോൾ ആവേശത്തിൻ്റെ പ്രതീകമായിരുന്നു. പ്രാദേശിക തലത്തിൽ നിരവധി കളിക്കാരെ വളർത്തിയെടുക്കാൻ അദ്ദേഹത്തിൻ്റെ കളിപ്രേമം കാരണമായി. സന്തോഷ് ട്രോഫിയിലും പ്രമുഖ ക്ലബ്ബുകളിലും കളിച്ച ഒട്ടനവധി താരങ്ങളെ ഈ തീരദേശം കേരള ഫുട്ബോളിന് സംഭാവന ചെയ്തിട്ടുണ്ട്. ഈ നാട്ടിലെ ഫുട്ബോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നൈനാംവളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ വലിയ പങ്ക് വഹിക്കുന്നു.

തൊണ്ണൂറുകളുടെ അവസാനം മുതൽ കോപ്പ അമേരിക്ക, ഫിഫ ലോകകപ്പ് തുടങ്ങിയ വലിയ ടൂർണമെൻ്റുകൾക്ക് ഗ്രാമത്തിൽ ഭീമൻ സ്ക്രീനുകൾ സ്ഥാപിച്ച് ഒന്നിച്ച് കളി കാണുന്ന രീതി ഇവർ ജനകീയമാക്കി. കോതി മിനി സ്റ്റേഡിയത്തിൽ സ്ഥാപിക്കാറുള്ള കൂറ്റൻ എൽഇഡി സ്ക്രീനുകൾ കായിക ലോകത്തിൻ്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ലോകകപ്പ് കാലമായാൽ നൈനാംവളപ്പ് ലാറ്റിനമേരിക്കൻ തെരുവുകളായി മാറും. ബ്രസീൽ, അർജൻ്റീന ടീമുകളുടെ കൂറ്റൻ കട്ടൗട്ടുകളും പതാകകളും കൊണ്ട് പ്രദേശം നിറയും.

അർജൻ്റീന, ബ്രസീൽ തർക്കങ്ങളും ആരോഗ്യകരമായ ഫുട്ബോൾ ചർച്ചകളും ഇവിടുത്തെ ചായക്കടകളിലെ സ്ഥിരം കാഴ്ചയാണ്. നൈനാംവളപ്പുകാരുടെ സമാനതകളില്ലാത്ത ഫുട്ബോൾ ഭ്രാന്ത് അന്താരാഷ്ട്ര മാധ്യമങ്ങളിലും കായിക ലോകത്തും ചർച്ചയായിട്ടുണ്ട്. ലോക ഫുട്ബോൾ സംഘടനയായ ഫിഫ വരെ ഈ ഗ്രാമത്തിൻ്റെ ഫുട്ബോൾ സ്നേഹത്തെ മുൻപ് പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. ചുരുക്കത്തിൽ നൈനാംവളപ്പുകാർക്ക് ഫുട്ബോൾ എന്നത് വെറുമൊരു വിനോദമല്ല, മറിച്ച് അവരുടെ സംസ്കാരത്തിൻ്റെയും ജീവിതത്തിൻ്റെയും ഭാഗമായ ഒരു വികാരമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News