Enter your Email Address to subscribe to our newsletters

Thiruvananthapuram, 02 സെപ്റ്റംബര് (H.S.)
സംസ്ഥാനത്ത് മഴക്കാല രോഗങ്ങളും കൊതുകുജന്യ പകർച്ചവ്യാധികളും രൂക്ഷമാകുന്നു. ഈ വർഷം മെയ് ഒന്ന് മുതൽ ഓഗസ്റ്റ് 12 വരെയുള്ള കണക്കുകൾ പ്രകാരം വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 100 പേർക്കാണ് ജീവൻ നഷ്ടമായത്. മുപ്പതിനായിരത്തിലധികം പേർ വിവിധ രോഗങ്ങളെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയെന്നത് ആരോഗ്യമേഖലയ്ക്ക് കനത്ത മുന്നറിയിപ്പാണ് നൽകുന്നത്.
വിവരാവകാശ നിയമപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ഡെങ്കിപ്പനി, എച്ച്1എൻ1, ജപ്പാൻ ജ്വരം, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളാണ് ഈ കാലയളവിൽ ജനങ്ങളെ ഗുരുതരമായി ബാധിച്ചത്. ഇതിൽ എച്ച്1എൻ1 ബാധിച്ചാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ആകെ മരിച്ച 100 പേരിൽ 55 പേരുടെയും ജീവനെടുത്തത് എച്ച്1എൻ1 ആണ്.
രോഗബാധയും മരണനിരക്കും
ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഡെങ്കിപ്പനിയും ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന കേസുകളും സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 7,211 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 20,849 പേർക്ക് ഡെങ്കിസമാനമായ രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. ഇതുവഴി യഥാക്രമം 22 പേരുടെയും 19 പേരുടെയും മരണം സ്ഥിരീകരിച്ചു. എച്ച്1എൻ1 ബാധിച്ച് 3,110 പേർ ചികിത്സ തേടുകയും 55 പേർ മരിക്കുകയും ചെയ്തു. ജപ്പാൻ ജ്വരം ബാധിച്ച ആറ് പേരിൽ മൂന്ന് പേർക്കും ജീവനാശം സംഭവിച്ചു. ചിക്കുൻഗുനിയ ബാധിച്ച് 94 പേർ ചികിത്സ തേടിയപ്പോൾ ഒരു മരണവും റിപ്പോർട്ട് ചെയ്തു. മലേറിയ ബാധിച്ച് 475 പേർ ചികിത്സ തേടിയെങ്കിലും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 31,765 പേർക്കാണ് ഈ കാലയളവിൽ രോഗബാധയുണ്ടായത്.
കൂടുതൽ മരണം തിരുവനന്തപുരത്ത്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ രോഗബാധയെ തുടർന്ന് മരിച്ചത് തലസ്ഥാനത്താണ്. തിരുവനന്തപുരം ജില്ലയിൽ 19 പേർ മരിച്ചപ്പോൾ തൃശൂരിൽ 17 പേർക്കും എറണാകുളത്ത് 13 പേർക്കും ജീവൻ നഷ്ടമായി. പാലക്കാട് (12), മലപ്പുറം (ഒൻപത്), കോഴിക്കോട് (ആറ്) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണനിരക്ക്. പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നിലവിൽ സർക്കാർ പ്രത്യേക ധനസഹായം ഒന്നുംതന്നെ നൽകുന്നില്ലെന്ന് ആരോഗ്യവകുപ്പ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് മഴക്കാലത്തോടനുബന്ധിച്ച് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ തടയുന്നതിൽ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും രാജു വാഴക്കാല പറഞ്ഞു.
തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം ഈ വർഷം മഴക്കാലത്തിനു മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടന്നിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ തന്നെ അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR