സംസ്ഥാനത്ത് അടുക്കളകളുടെ താളം തെറ്റിച്ചുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ തീവിലയും പാചകവാതക ക്ഷാമവും രൂക്ഷമാകുന്നു.
Idukki , 02 സെപ്റ്റംബര് (H.S.) സംസ്ഥാനത്ത് അടുക്കളകളുടെ താളം തെറ്റിച്ചുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ തീവിലയും പാചകവാതക ക്ഷാമവും രൂക്ഷമാകുന്നു. സാധാരണക്കാരുടെ പ്രധാന ആശ്രയമായ ചെറുകിട ഹോട്ടൽ വ്യവസായത്തെ സാമ്പത്തികമായി തകർത്തെറിഞ്ഞുകൊണ്ടാണ് പ്രതിസന്ധി രൂ
HOTEL INDUSTRY CRISIS


Idukki , 02 സെപ്റ്റംബര് (H.S.)

സംസ്ഥാനത്ത് അടുക്കളകളുടെ താളം തെറ്റിച്ചുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ തീവിലയും പാചകവാതക ക്ഷാമവും രൂക്ഷമാകുന്നു. സാധാരണക്കാരുടെ പ്രധാന ആശ്രയമായ ചെറുകിട ഹോട്ടൽ വ്യവസായത്തെ സാമ്പത്തികമായി തകർത്തെറിഞ്ഞുകൊണ്ടാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ ഇടുക്കിയില് മാത്രം നൂറുകണക്കിന് ചെറുകിട ഹോട്ടലുകൾ സാമ്പത്തിക നഷ്ടം താങ്ങാനാവാതെ പ്രവർത്തനം അവസാനിപ്പിച്ചതായി ഹോട്ടൽ ഉടമകൾ പറയുന്നു. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അടിയന്തരമായി സർക്കാർ ഇടപെട്ടില്ലെങ്കിൽ കൂടുതൽ സ്ഥാപനങ്ങൾ പൂട്ടേണ്ടിവരുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

താങ്ങാനാവാതെ അസംസ്കൃത വസ്തുക്കളുടെ വില

ഓണത്തിന് ശേഷം വിപണിയിലുണ്ടായ അനിയന്ത്രിതമായ വിലക്കയറ്റമാണ് ഹോട്ടൽ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയത്. അരി, പച്ചക്കറികൾ, വെളിച്ചെണ്ണ, മറ്റ് പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കെല്ലാം ദിവസേന വില ഉയരുകയാണ്. അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നിട്ടും ഭക്ഷണസാധനങ്ങളുടെ വില അതിനനുസരിച്ച് വർധിപ്പിക്കാൻ ഹോട്ടലുടമകൾക്ക് കഴിയുന്നില്ല. വില കൂട്ടിയാൽ ഉപഭോക്താക്കൾ അകലുമെന്ന ആശങ്കയാണ് വ്യാപാരികളെ പിന്നോട്ടുവലിക്കുന്നത്.

ഇതോടെ ഉയർന്ന ചെലവും കുറഞ്ഞ വരുമാനവും കാരണം സ്വന്തം കയ്യിൽനിന്ന് പണമെടുത്ത് സ്ഥാപനങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ട ഗതികേടിലാണ് ചെറുകിട ഹോട്ടൽ ഉടമകൾ. ബാങ്ക് വായ്പയെടുത്തും സ്വർണം പണയം വെച്ചും കച്ചവടം നടത്തുന്നവരും വലിയ സാമ്പത്തിക ബാധ്യതയിലാണ്.

ഇരട്ടി പ്രഹരമായി പാചകവാതക ക്ഷാമവും തൊഴിലാളി പ്രതിസന്ധിയും

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് പുറമെ പാചകവാതകത്തിൻ്റെ ലഭ്യതയിലുണ്ടായ കടുത്ത ക്ഷാമവും ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കി. ആവശ്യത്തിന് ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാകാത്തത് പല സ്ഥാപനങ്ങളുടെയും ദൈനംദിന പ്രവർത്തനങ്ങളെ നേരിട്ട് ബാധിച്ചു. സമയത്തിന് ഭക്ഷണം തയ്യാറാക്കി നൽകാൻ കഴിയാത്ത സാഹചര്യം കച്ചവടത്തെ കൂടുതൽ തളർത്തുകയാണ്.

ഇതിനൊപ്പം തൊഴിലാളികളുടെ കടുത്ത ക്ഷാമവും ഉയർന്ന കൂലിച്ചെലവും കൂടിയായതോടെ മേഖലയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയായി. കഴിഞ്ഞ അരവർഷത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചതായാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പോലും എത്രനാൾ ഈ സാഹചര്യത്തിൽ മുന്നോട്ടുപോകാനാകുമെന്ന ആശങ്കയിലാണ്.

സർക്കാരിൻ്റെ അടിയന്തര ഇടപെടൽ വേണമെന്ന് വ്യാപരികൾ

ആയിരക്കണക്കിന് സാധാരണക്കാർക്ക് തൊഴിൽ നൽകുന്ന ചെറുകിട ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഭക്ഷ്യവസ്തുക്കളുടെ കൃത്രിമ വിലക്കയറ്റം തടയാൻ പൊതുവിപണിയിൽ ശക്തമായ ഇടപെടൽ നടത്തണം. ഹോട്ടലുകൾക്ക് ആവശ്യമായ പാചകവാതകം തടസ്സമില്ലാതെ ലഭ്യമാക്കാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നും സഹായനിരക്കിൽ അവശ്യസാധനങ്ങൾ നൽകാൻ തയ്യാറാകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടിവരുമെന്നും ഇത് വലിയ തൊഴിൽ നഷ്ട ത്തിനുംസാമ്പത്തിക പ്രതിസന്ധിക്കും വഴിവെക്കുമെന്നും ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News