Enter your Email Address to subscribe to our newsletters

Ernakulam , 02 സെപ്റ്റംബര് (H.S.)
അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാർക്കെതിരെയും ക്രിമിനൽ കേസെടുക്കാമെന്ന് ഹൈക്കോടതി. ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന വ്യക്തിയെ വെറും ഉപഭോക്താവ് എന്ന നിലയിൽ നിയമത്തിൻ്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് സുപ്രധാന ഉത്തരവ്.
ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്ന വ്യക്തിയുടെ പണമിടപാട് തന്നെ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകമായി കണക്കാക്കാമെന്ന് കോടതി നിരീക്ഷിച്ചു. അനാശാസ്യ കേന്ദ്രം എന്നത് കേവലം ലൈംഗിക പ്രവർത്തനം നടക്കുന്ന സ്ഥലം മാത്രമല്ല. സാമ്പത്തിക ലാഭത്തിന് വേണ്ടിയുള്ള വാണിജ്യ ചൂഷണത്തിനായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാണവ.
ഇടപാടുകാരുടെ ആവശ്യകതയും അവർ നൽകുന്ന പ്രതിഫലവുമാണ് ഇത്തരം ചൂഷണങ്ങളെ പ്രേരിപ്പിക്കുന്നത്. പലപ്പോഴും സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടോ, മനുഷ്യക്കടത്തുകാരുടെയോ അനാശാസ്യ കേന്ദ്രം നടത്തുന്നവരുടേയോ ഭീഷണി മൂലമോ ആകാം ലൈംഗിക തൊഴിലാളികൾ ഈ മേഖലയിൽ തുടരുന്നത്. അതിനാൽ നിയമം നിരോധിച്ച ഈ വാണിജ്യ ഇടപാടിൽ പണം നൽകുന്ന ഇടപാടുകാരനും സജീവ പങ്കാളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമത്തിൻ്റെ ലക്ഷ്യം
ഇടപാടുകാർക്കെതിരെ 1956ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് (ഐ.ടി.പി.എ) പ്രകാരം കേസെടുക്കാമെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. നിയമത്തിലെ അഞ്ച്, ഏഴ് വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാം. ഇടപാടുകാരൻ എന്നത് കേവലം ഉപഭോക്താവാണെന്നും, അതിനാൽ കേസെടുക്കാൻ കഴിയില്ലെന്നുമുള്ള മുൻ സിംഗിൾ ബെഞ്ച് ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
അനാശാസ്യ കേന്ദ്രം നടത്തുന്നവർക്കെതിരെ മാത്രം ക്രിമിനൽ നടപടികൾ ഒതുക്കുകയും, ഇടപാടുകാരെ പൂർണമായും ഒഴിവാക്കുകയും ചെയ്താൽ വാണിജ്യപരമായ ലൈംഗിക ചൂഷണം തടയുകയെന്ന നിയമത്തിൻ്റെ അടിസ്ഥാന ലക്ഷ്യം തന്നെ ഇല്ലാതാകുമെന്ന് കോടതി വിലയിരുത്തി. സമാനമായ കേസുകളിൽ സിംഗിൾ ബെഞ്ചുകൾ വ്യത്യസ്ത ഉത്തരവുകൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിഷയം ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വിട്ടത്. വാണിജ്യപരമായ ലൈംഗിക ചൂഷണം ഇല്ലാതാക്കാൻ ഇടപാടുകാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഹർജി തൃശൂർ സ്വദേശിയുടേത്തൃശൂർ ചാവക്കാട് സ്വദേശി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. എറണാകുളം മുനമ്പം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയായിരുന്നു ഹർജിക്കാരൻ. താൻ കേവലം ഇടപാടുകാരൻ മാത്രമാണെന്നും, അതിനാൽ തനിക്കെതിരെ കേസ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ റദ്ദാക്കണമെന്നായിരുന്നു യുവാവിൻ്റെ ആവശ്യം. എന്നാൽ വാണിജ്യപരമായ ലൈംഗിക ചൂഷണം പൂർണമായി തടയുകയാണ് നിയമത്തിൻ്റെ ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇടപാടുകാർ ലൈംഗിക ചൂഷണത്തിന് ഇടവരുത്തുന്നുണ്ടെന്നും അതിനാൽ ഇവർക്കെതിരെ കേസെടുക്കാമെന്നും ഹൈക്കോടതി എടുത്തുപറഞ്ഞു. അനാശാസ്യ കേന്ദ്രങ്ങളുടെ നിലനിൽപ്പ് തന്നെ ഇത്തരം ഇടപാടുകാരെ ആശ്രയിച്ചാണെന്നും കോടതി കൂട്ടിച്ചേർത്തു. ഇതോടെ അനാശാസ്യ കേന്ദ്രങ്ങളിൽ പിടിയിലാകുന്ന ഇടപാടുകാർക്ക് ഇനിമുതൽ നിയമത്തിൻ്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാനാകില്ലെന്ന് ഉറപ്പായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR