സംസ്കൃത സർവകലാശാലയിൽ ഇന്ന് ജനകീയ പ്രതിരോധ സദസ്സ്
Ernakulam , 02 സെപ്റ്റംബര് (H.S.) കാലടി സംസ്കൃത സർവകലാശാലയിൽ സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. അച്ചടക്കലംഘനം ആരോപിച്ച് 16 വിദ്യാർഥികളെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തതോടെയാണ
KALADY SANSKRIT UNIVERSITY


Ernakulam , 02 സെപ്റ്റംബര് (H.S.)

കാലടി സംസ്കൃത സർവകലാശാലയിൽ സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. അച്ചടക്കലംഘനം ആരോപിച്ച് 16 വിദ്യാർഥികളെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തതോടെയാണ് കാമ്പസിൽ പ്രക്ഷോഭം കൂടുതൽ ശക്തമായത്. ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് വിദ്യാർഥികൾക്ക് സസ്പെൻഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

അച്ചടക്ക നടപടിയും പൊലീസ് കേസും

ഓഗസ്റ്റ് 13ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾ തനിക്കെതിരെ കൈയേറ്റത്തിന് മുതിർന്നു എന്ന് താത്കാലിക വിസി സീസ തോമസ് ആരോപിച്ചിരുന്നു. വിസിയുടെ പരാതിയെ തുടർന്ന് ഗവർണർ വിഷയത്തിൽ ഇടപെടുകയും ഡിജിപിയുടെ നിർദേശപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് വിദ്യാർഥികൾക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും സസ്പെൻഷൻ നടപടികളുമായി വിസി മുന്നോട്ടുപോവുകയായിരുന്നു. സർവകലാശാലയിലെ സമരാന്തരീക്ഷവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാനുള്ള അനുമതി സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിസി നേടിയെടുത്തത്.

പ്രതികാര നടപടിയെന്ന് എസ്എഫ്ഐ

കള്ളക്കേസുകളും പൊലീസ് അക്രമങ്ങളും കൊണ്ട് വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങളെ അടിച്ചമർത്താൻ കഴിയില്ലെന്ന് എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ് വ്യക്തമാക്കി. ന്യായമായ സമരത്തെ ഭയന്നാണ് വൈസ് ചാൻസലർ പരോക്ഷ പ്രതികാര നടപടികളിലേക്ക് കടന്നതെന്നും അദ്ദേഹം ആരോപിച്ചു.

സർട്ടിഫിക്കറ്റ് വിതരണം വേഗത്തിലാക്കുക, കാമ്പസിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കൃത്യസമയത്ത് പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിക്കുക തുടങ്ങിയ വിദ്യാർഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പകരം സമരത്തെ ഇല്ലാതാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.

മാസങ്ങളായി സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ ഉപരിപഠനത്തിനും തൊഴിലിനും ശ്രമിക്കുന്ന നിരവധി വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാണെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടുന്നു. സസ്പെൻഷൻ ഓർഡർ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർഥി സംഘടന.

ജനകീയ പ്രതിരോധ സദസ്സ് ഇന്ന്സർവകലാശാലയുടെ സ്വയംഭരണത്തെയും വിദ്യാഭ്യാസ അന്തരീക്ഷത്തെയും തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ സർവകലാശാലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് കാലടി അനന്തൻ പിള്ള സ്മാരക ഓപ്പൺ എയർ സ്റ്റേഡിയത്തിലാണ് പ്രതിഷേധ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രി ഡോ ആർ ബിന്ദു പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യും.

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജി, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്, സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ ധർമരാജ് അടാട്ട്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽ കുമാർ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സസ്പെൻഷൻ പിൻവലിക്കുന്നതുവരെ സർവകലാശാലയിൽ ശക്തമായ പ്രക്ഷോഭം തുടരാനാണ് എസ്എഫ്ഐയുടെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News