കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിൽ ഭൂഗർഭപാതയെന്ന വാർത്തകൾ നിഷേധിച്ച് കെഎംആർഎൽ.
Ernakulam , 02 സെപ്റ്റംബര് (H.S.) കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിൽ ഭൂഗർഭപാതയെന്ന വാർത്തകൾ നിഷേധിച്ച് കെഎംആർഎൽ.ആലുവ - അങ്കമാലി പാതയിൽ, എയർപോർട്ട് ഭാഗത്ത് ഭൂമിക്ക് അടിയിലൂടെ പാത കടന്നുപോകുമെന്ന രീതിയിൽ വരുന്നത് തെറ്റായ വാർത്തയാണെന്ന് കെഎംആർഎൽ അധികൃതർ
Kochi metro


Ernakulam , 02 സെപ്റ്റംബര് (H.S.)

കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിൽ ഭൂഗർഭപാതയെന്ന വാർത്തകൾ നിഷേധിച്ച് കെഎംആർഎൽ.ആലുവ - അങ്കമാലി പാതയിൽ, എയർപോർട്ട് ഭാഗത്ത് ഭൂമിക്ക് അടിയിലൂടെ പാത കടന്നുപോകുമെന്ന രീതിയിൽ വരുന്നത് തെറ്റായ വാർത്തയാണെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. കൊച്ചി മെട്രോ റെയിൽ മൂന്നാംഘട്ടവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിലേക്ക് ഡിപിആർ സമർപ്പിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രകാരം 18.09 കിലോമീറ്റർ ദൂരമുള്ള പാത പൂർണമായും മേൽപാത വരുന്ന രീതിയിലാണ് രൂപരേഖയെന്നും കെഎം ആർ എൽ വ്യക്തമാക്കി.

മൂന്നാം ഘട്ടം പൂർണമായും എലിവേറ്റഡ് പാതയാണന്ന് ഇ ടിവി ഭാരത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീളുന്ന മെട്രോ മൂന്നാം ഘട്ട പാതയുടെ വിശദ പദ്ധതി രേഖ പൂർത്തിയാക്കി സംസ്ഥാന സർക്കാരിൻ്റെ അംഗീകാരത്തിനായി ഔദ്യോഗികമായി കൈമാറിയിരിക്കുകയാണ്. ഡിപിആർ നിലവിൽ സർക്കാരിൻ്റെ പരിഗണനയിലാണ്.കെഎംആർഎൽ മാനേജിങ് ഡയറക്ടർ പദവി ഒഴിയുന്ന വേളയിൽ ലോക്നാഥ് ബെഹ്റയായിരുന്നു ഈ നിർണായക വിവരം പുറത്തുവിട്ടത്. കൊച്ചിയുടെ പദ്ധതിക്കൊപ്പം തന്നെ തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡിപിആറും സർക്കാരിൻ്റെ സമഗ്ര പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്.

ആകെ 18.09 കിലോമീറ്റർ നീളത്തിൽ എലിവേറ്റഡ് പാതയായാണ് ഈ മൂന്നാം ഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര ഏജൻസിയായ 'സിസ്ട്ര എം വി എ കൺസൾട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ' ആയിരുന്നു ഡിപിആർ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. വിവിധതല സർവേകളും ശാസ്ത്രീയമായ എഞ്ചിനീയറിങ് പഠനങ്ങളും ഫീൽഡ് ഇൻവെസ്റ്റിഗേഷനുകളും പൂർത്തിയാക്കിയ ശേഷമാണ് അന്തിമ പദ്ധതി രേഖ രൂപപ്പെടുത്തിയത്.

യാത്രക്കാരുടെ ദീർഘകാല സ്വപ്നം; രണ്ടാം ഘട്ടം ഒരു വർഷത്തിനകം

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മെട്രോ കണക്ടിവിറ്റി വേണമെന്നത് യാത്രാക്കാരുടെയും പ്രവാസികളുടെയും ദീർഘകാല ആവശ്യമായിരുന്നു. ഇപ്പോൾ സമർപ്പിച്ച ഡിപിആറിന് സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളിലേക്ക് നേരിട്ട് കടക്കാൻ സാധിക്കും. ഇതോടൊപ്പം തന്നെ കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട മെട്രോ പാതയുടെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാകുമെന്നും കെഎംആർഎൽ വ്യക്തമാക്കി.

കഴിഞ്ഞ നാല് വർഷമായി കൊച്ചി മെട്രോ തുടർച്ചയായി പ്രവർത്തന ലാഭത്തിലാണ് മുന്നേറുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒന്നേകാൽ ലക്ഷമായി വർധിക്കുകയും ചെയ്തു. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയും. കൂടാതെ തൃശൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് അങ്കമാലിയിൽ നിന്ന് നേരിട്ട് കൊച്ചി നഗരത്തിലേക്കും കാക്കനാട് ഐ ടി പാർക്കുകളിലേക്കും എളുപ്പത്തിൽ എത്താനും സാധിക്കും.

2017 ജൂൺ 17 ന് ആലുവ മുതൽ പാലാരിവട്ടം വരെ സർവീസ് ആരംഭിച്ച കൊച്ചി മെട്രോ നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25.6 കിലോമീറ്റർ ദൂരത്തിൽ 25 എലവേറ്റഡ് സ്റ്റേഷനുകളുമായി വിജയകരമായി മുന്നേറുകയാണ്. മൂന്നാം ഘട്ടം കൂടി എത്തുന്നതോടെ മധ്യകേരളത്തിൻ്റെ ഗതാഗത മേഖലയിൽ വൻമാറ്റമാണ് പ്രതീക്ഷിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News