Enter your Email Address to subscribe to our newsletters

Kasaragod , 02 സെപ്റ്റംബര് (H.S.)
സംസ്ഥാന കമ്മിറ്റി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് മുസ്ലിം സ്റ്റുഡൻ്റ്സ് ഫെഡറേഷനിൽ (എംഎസ്എഫ്) കൂട്ടരാജി. കാസർകോട് ജില്ലാ ട്രഷറർ, വൈസ് പ്രസിഡൻ്റുമാർ ഉൾപ്പെടെ അഞ്ച് ഭാരവാഹികളാണ് നേതൃത്വത്തിൽ പ്രതിഷേധിച്ച് രാജിവച്ചത്. ഇതിനിടെ തർക്കങ്ങൾ ഒഴിവാക്കാൻ മാതൃസംഘടനയായ മുസ്ലിം ലീഗ് നേരിട്ടിടപെട്ട് എംഎസ്എഫിൻ്റെ പുതിയ സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചു.
ജില്ലാ കൗൺസിൽ തീരുമാനങ്ങൾ അട്ടിമറിച്ചു
സംസ്ഥാന കമ്മിറ്റിയിലേക്കുള്ള ജില്ലാ പ്രതിനിധിയെ നിർദേശിച്ചതിലുള്ള കടുത്ത ഭിന്നതയാണ് രാജിയിൽ കലാശിച്ചത്. ജില്ലാ കൗൺസിൽ തീരുമാനങ്ങളെ നേതൃത്വം പൂർണമായും അട്ടിമറിച്ചെന്ന് രാജിവച്ച വിഭാഗം ആരോപിക്കുന്നു. ജില്ലാ കൗൺസിൽ ഐകകണ്ഠേന തീരുമാനിച്ചയാളെ അവസാന നിമിഷം പട്ടികയിൽനിന്ന് ഒഴിവാക്കിയതാണ് ഒരു വിഭാഗം നേതാക്കളെ പ്രകോപിപ്പിച്ചത്. സംഘടനയുടെ അടിസ്ഥാന സംവിധാനത്തിലും കൂട്ടായ തീരുമാനങ്ങളിലുമുള്ള വിശ്വാസമാണ് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അടിസ്ഥാനമെന്നും എന്നാൽ നിലവിലെ ജില്ലാ നേതൃത്വം ആ രീതിക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും നേതാക്കൾ രാജിക്കത്തിൽ വ്യക്തമാക്കി.
ഏകപക്ഷീയമായ തീരുമാനങ്ങൾക്കും വിഭാഗീയ സമീപനങ്ങൾക്കും കൂട്ടുനിൽക്കാൻ തയാറല്ലെന്ന വ്യക്തമായ നിലപാടിൻ്റെ ഭാഗമായാണ് സ്ഥാനമൊഴിയുന്നതെന്നും ഇവർ വിശദീകരിക്കുന്നു. വിദ്യാർഥി പ്രസ്ഥാനത്തിനുള്ളിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ലെന്ന ഗുരുതരമായ ആരോപണമാണ് രാജിവച്ച ഭാരവാഹികൾ ഉന്നയിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ സമാനമായ നിലപാട് സ്വീകരിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
ലീഗ് ഇടപെടൽ; പുതിയ ഭാരവാഹികൾ ഉടൻഅതേസമയം എംഎസ്എഫിൻ്റെ പുതിയ സംസ്ഥാന ഭാരവാഹികൾ ഉടൻ ചുമതലയേൽക്കും. ഷറഫുദ്ദീൻ പിലാക്കൽ പ്രസിഡൻ്റായും ഷാഹിബ് മുഹമ്മദ് ജനറൽ സെക്രട്ടറിയായും റാഷിദ് കോക്കൂർ ട്രഷററായും ചുമതലയേൽക്കുമെന്നാണ് വിവരം. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി.
സാധാരണയായി എംഎസ്എഫ് സംസ്ഥാന കൗൺസിൽ ചേർന്ന ശേഷമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കൗൺസിൽ ചേരുന്നത് വലിയ തർക്കങ്ങൾക്കും ചേരിതിരിവിനും കാരണമാകുമെന്നും അത് വിപരീതഫലം ചെയ്യുമെന്നുമുള്ള ആശങ്കയിലാണ് ലീഗ് നേതൃത്വം അടിയന്തരമായി ഇടപെട്ടത്. വിദ്യാർഥി സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഐക്യം നിലനിർത്താനും ലക്ഷ്യമിട്ടാണ് മാതൃസംഘടനയുടെ ഈ അസാധാരണ നടപടി.
പുതിയതായി ചുമതലയേൽക്കുന്ന ഷറഫുദ്ദീൻ പിലാക്കൽ, ഷാഹിബ് മുഹമ്മദ്, റാഷിദ് കോക്കൂർ എന്നിവർക്ക് സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുക എന്ന വലിയ ഉത്തരവാദിത്തമാണ് നിർവഹിക്കാനുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ മുന്നിൽക്കണ്ടാണ് ലീഗ് നേതൃത്വം വേഗത്തിലുള്ള തീരുമാനങ്ങളിലേക്ക് കടന്നത്. സംഘടനാതലത്തിലുള്ള അച്ചടക്കം കർശനമായി പാലിക്കണമെന്ന നിർദേശവും പുതിയ ഭാരവാഹികൾക്ക് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വിമത സ്വരം ഉയർത്തുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ലീഗ് നേതൃത്വത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സൂചന.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR