പാലത്തായി പീഡനക്കേസിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.കെ ശൈലജ
Kannur , 02 സെപ്റ്റംബര് (H.S.) പാലത്തായി പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ യുഡിഎഫും ബിജെപിയും തമ്മിൽ ഉണ്ടാക്കിയ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. കേസിൽ പ്രതിയായ ബിജെപി നേതാവ് പത്
PALATHAYI CASE PATHMARAJAN


Kannur , 02 സെപ്റ്റംബര് (H.S.)

പാലത്തായി പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ യുഡിഎഫും ബിജെപിയും തമ്മിൽ ഉണ്ടാക്കിയ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാർ ഇതുവരെ അപ്പീൽ നൽകാൻ തയ്യാറാകാത്ത പശ്ചാത്തലത്തിലായിരുന്നു ശൈലജയുടെ വിമര്ശനം. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി അപ്പീൽ നൽകണമെന്ന ആവശ്യവുമായി സിപിഎം പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പാലത്തായി കേസിൽ ഇരയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി. പ്രതിയെ സംരക്ഷിക്കാൻ യുഡിഎഫും ബിജെപിയും അണിയറയിൽ നടത്തുന്ന ഒത്തുകളികൾ ജനമധ്യത്തിൽ തുറന്നുകാട്ടും. പ്രതിക്ക് ലഭിച്ച ജാമ്യം റദ്ദാക്കാൻ നിയമപരമായി സർക്കാർ അടിയന്തര അപ്പീൽ നടപടികളിലേക്ക് കടക്കണം. പീഡനത്തിനിരയായ കുഞ്ഞിനും കുടുംബത്തിനും നീതി ലഭിക്കുന്നത് വരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും അവര് വ്യക്തമാക്കി.

വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിക്ക്, ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ ഇടയായത് കടുത്ത അട്ടിമറിയുടെ ഭാഗമാണെന്ന് സിപിഎം നേതാക്കള് ആരോപിച്ചു. രാഷ്ട്രീയ ഒത്തുകളികളിലൂടെ പ്രതിയെ രക്ഷിക്കാനുള്ള നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും, ഇരയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

യുഡിഎഫ്-ബിജെപി ഡീൽ എന്ന് ശൈലജ ടീച്ചർ

പോക്സോ കേസുകളിൽ മാതൃകാപരമായ വിധി വന്ന് പ്രതി അകത്തായ കേസാണിതെന്ന് ശൈലജ ടീച്ചർ ചൂണ്ടിക്കാട്ടി. എന്നാൽ സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ആർഎസ്എസ്-ബിജെപി നേതൃത്വത്തെ പ്രീതിപ്പെടുത്താനായി കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. പ്രതിയെ ജാമ്യത്തിൽ ഇറക്കാൻ പ്രോസിക്യൂഷൻ ബോധപൂർവ്വം ഒത്തുകളിച്ചതായും അവർ വ്യക്തമാക്കി.

എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് കേസ് അടുത്ത ഒക്ടോബറിലേക്കാണ് കോടതി മാറ്റിവച്ചിരുന്നതെന്നും, എന്നാൽ യുഡിഎഫ് സർക്കാർ വന്ന ശേഷം പ്രത്യേക താല്പര്യമെടുത്ത് കേസ് അടിയന്തരമായി ഇതേ മാസം തന്നെ കോടതിയിൽ എത്തിക്കുകയായിരുന്നുവെന്നും ശൈലജ ടീച്ചർ വെളിപ്പെടുത്തി. സാധാരണ നിലയിൽ പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർക്കേണ്ടതായിരുന്നു. എന്നാൽ പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള നീക്കങ്ങൾക്ക് പ്രോസിക്യൂഷൻ തടസ്സം നിന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി.

ഇരയുടെ വാദം കേൾക്കാതെ ജാമ്യം

പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്ന അപേക്ഷ വന്നപ്പോൾ ഇരയുടെ ഭാഗം കൂടി കേൾക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇരയുടെ ഭാഗം കോടതിയെ കൃത്യമായി ധരിപ്പിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായി പരാജയപ്പെട്ടു. ഇത്തരമൊരു ഗുരുതരമായ പോക്സോ കേസിൽ, വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിക്ക് വളരെ എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ ഇടയായ സാഹചര്യം ഞെട്ടിക്കുന്നതാണെന്ന് ശൈലജ ടീച്ചർ പറഞ്ഞു.

പ്രതിക്ക് ജാമ്യം ലഭിച്ചതോടെ അതുവരെ മിണ്ടാതിരുന്ന ലീഗുകാരും കോൺഗ്രസുകാരും ഇപ്പോൾ മാളത്തിൽ നിന്ന് പുറത്തു വന്നിരിക്കുകയാണെന്നും അവർ പരിഹസിച്ചു. യുഡിഎഫും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

അടിയന്തര അപ്പീൽ നൽകണം

അതിജീവിതയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി നിയമനടപടികളുമായി മുന്നോട്ട് പോകണമെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണം. പീഡനത്തിന് ഇരയായ കുഞ്ഞിന് നീതി ലഭിക്കും വരെയും, പ്രതിയെ വീണ്ടും ജയിലിൽ അടയ്ക്കും വരെയും ശക്തമായ ജനകീയ പ്രതിരോധവുമായി തെരുവിലുണ്ടാകുമെന്ന് പ്രതിഷേധ കൂട്ടായ്മ പ്രഖ്യാപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News