കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ രാഷ്ട്രീയ വിശദീകരണത്തിൽ നേതാക്കൾക്കിടയിൽ അതൃപ്തി
Thiruvananthapuram, 02 സെപ്റ്റംബര് (H.S.) കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ രാഷ്ട്രീയ വിശദീകരണത്തിൽ നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നതിനിടെ, സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കമായി. സംസ്ഥാന കമ്മിറ്റിയുടെ പൂർണ്ണ അംഗീകാരമില്ലാതെയാണ് തളിപ്പറമ്പില
Pinarayi Vijayan


Thiruvananthapuram, 02 സെപ്റ്റംബര് (H.S.)

കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ രാഷ്ട്രീയ വിശദീകരണത്തിൽ നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നതിനിടെ, സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കമായി. സംസ്ഥാന കമ്മിറ്റിയുടെ പൂർണ്ണ അംഗീകാരമില്ലാതെയാണ് തളിപ്പറമ്പിലേയും പയ്യന്നൂരിലെയും തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണ യോഗം ചേർന്നത്.

നേതൃത്വത്തിനുണ്ടായ വീഴ്ചയാണ് പരാജയ കാരണമെന്ന കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായത്തെ തള്ളിക്കൊണ്ട് ജനങ്ങളിൽ കുറ്റം ചാർത്തിയാണ് പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. തെറ്റുതിരുത്തൽ ചർച്ചയ്ക്കായി കോഴിക്കോട് വിശാല യോഗം ചേരാനിരിക്കെയുള്ള ഏകപക്ഷീയ വിശദീകരണത്തിലാണ് നേതാക്കൾക്ക് അതൃപ്തി. 13 മുതൽ 15 വരെ കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ നടക്കാനിരിക്കുന്ന ചർച്ചയെ സ്വാധീനിക്കലാണ് യോഗത്തിലെ വിശദീകരണത്തിൻ്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട രേഖയുടെ കരട് തയ്യാറാക്കലാണ് ഇന്നും നാളെയും ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ മുഖ്യ അജണ്ട. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം തിരുത്താനുള്ള നടപടികളാകും രേഖയുടെ ഉള്ളടക്കം. തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ജനങ്ങളുടെ കുറ്റമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വിശദീകരണത്തിൽ പാർട്ടിക്കുള്ളിൽ ശക്തമായ വിയോജിപ്പുണ്ട്. കേന്ദ്ര- സംസ്ഥാന കമ്മിറ്റികൾ കണ്ടെത്തിയ കാര്യങ്ങൾക്ക് വിരുദ്ധമായി വിശദീകരണം നടത്തിയതിലാണ് നേതാക്കൾക്ക് എതിർപ്പ്.

സ്ഥാനാർത്ഥി നിർണയം, പ്രചാരണരീതി, നേതാക്കളുടെ സംസാരത്തിലുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം തെരഞ്ഞെടുപ്പുഘട്ടത്തിൽ ജനങ്ങളെ ഇടതുമുന്നണിയിൽ നിന്ന് അകറ്റാൻ കാരണമായെന്ന് കേന്ദ്ര- സംസ്ഥാന കമ്മിറ്റികൾ വിലയിരുത്തിയതാണ്. തെറ്റു തിരുത്താനുള്ള കർമ്മപരിപാടി തയ്യാറാക്കാനാണ് വിശാല സംസ്ഥാന സമിതി നിശ്ചയിച്ചത്. ഇതിനു മുൻപ് പയ്യന്നൂരും തളിപ്പറമ്പിലും വിശദീകരണയോഗം നിശ്ചയിച്ചതും കേന്ദ്രകമ്മിറ്റി റിപ്പോർട്ടിന് വിരുദ്ധമായി ജനങ്ങളിൽ കുറ്റം ചാർത്തിയതും എന്തിനാണെന്ന ചോദ്യമാണ് പാർട്ടിക്കുള്ളിലുള്ളത്.

കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ പാർട്ടിയിൽ വരുത്തേണ്ട തിരുത്തൽ ചർച്ചയ്ക്ക് അജണ്ട നിശ്ചയിക്കാനുള്ള നീക്കം ഇപ്പോൾ നടക്കുന്നതായാണ് ചില നേതാക്കളുടെ അഭിപ്രായം. ഒരു നേതാവിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണവും പൊതുവേദിയിലെ പ്രസംഗത്തിലെ പരാമർശങ്ങളും ജനങ്ങളെ അകറ്റിയെന്നത് പാർട്ടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ, ജനങ്ങൾക്ക് തെറ്റു പറ്റിയെന്നായിരുന്നു വിശദീകരണ പൊതുയോഗത്തിൽ പിണറായിയുടെ പരാമർശം. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഎം- സിപിഐ തർക്കം നടക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശത്തിലും നേതാക്കൾക്കിടയിൽ വിയോജിപ്പുണ്ട്.

ഈ മാസം 13 മുതൽ 15 വരെ കോഴിക്കോട് സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗം നടക്കും. ഏഴ്, എട്ട് തീയതികളിൽ സിപിഎം സംസ്ഥാന സമിതിയും ചേരും. നാല്, അഞ്ച് തീയതികളിൽ സിപിഎം പോളിറ്റ്ബ്യൂറോ യോഗവും ചേരുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും അനുബന്ധ നടപടികളെ സംബന്ധിച്ചും ആലോചിക്കാനാണു സംസ്ഥാന സെക്രട്ടറിേയറ്റും സംസ്ഥാന സമിതിയും ചേരുന്നത്. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടി കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരി ച്ച റിപ്പോർട്ടിനെ മറികടന്നുകൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാടും പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ടു സിപിഐയുമായുള്ള തർക്കവും വിശാല സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News